Sunday, December 31, 2017
ഒരു പുലർകാല പ്രേമം
Sunday, June 11, 2017
അരക്കള്ളനും മുക്കാൽ കള്ളനും
വളരെ വർഷങ്ങൾക് ശേഷം ഓണക്കാലത്ത് അവധിക്കു നാട്ടിലെത്തി, ഞാനും സുലഭയും (എന്റെ ഭാര്യ) കൂടി ഓണത്തിന് ഓണക്കോടി വാങ്ങാൻ തൃശൂർ ടൗണിൽ പോയി. എവിടെ നോക്കിയാലും തിരക്കോട് തിരക്കാണ്. എന്നാലും വാങ്ങാതിരാകാൻ പറ്റില്ലല്ലോ എന്ന് കരുതി ഞങ്ങൾ രാവിലെ നേരത്തെ തന്നെ ഇറങ്ങി. നേരത്തെ ഇറങ്ങിയാൽ അവിടുത്തെ ഏതെങ്കിലും അമ്പലത്തിൽ തൊഴാം. പിന്നെ ഓണത്തിന്റെ സാധനങ്ങൾ വാങ്ങിക്കാം. ഇന്ന് ഞങ്ങൾ തിരു അമ്പാടി അമ്പലത്തിൽ പോയി തൊഴുതു. പുറത്തിറങ്ങിയപ്പോൾ നേരെ കാണുന്നു കുടുംബശ്രീകാരുടെ ഓണത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന താൽക്കാലിക കട കണ്ടു. അതിൽ കയറി ഓണക്കോടി വാങ്ങി പുറത്തിറങ്ങി സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി. നല്ല വിശപ്പും ഉണ്ടായിരുന്നു ഏതെങ്കിലും ഹോട്ടലിൽ നിന്ന് ഊണ് കഴിച്ചിട്ടാകാം അടുത്ത കടയിലേക്ക് എന്ന് കരുതി ഞങ്ങൾ വന്ന ടാക്സിക്കാരനോട് വരാൻ പറഞ്ഞു നിൽകുമ്പോൾ, പിന്നിൽ നിന്ന് ‘ദാസേട്ടാ’ എന്ന് ഒരു വിളികേട്ടു, തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പുറകിലായി അജിതൻ, കാളത്തോടുള്ള ലളിത ഇളയമ്മയുടെ രണ്ടാമത്തെ മകൻ. (അവനെ ഞങ്ങൾ അജി എന്നാണ് വിളിക്കാറ്). അവൻ ഒരു പരിഭവത്തോടെ: ‘ദാസേട്ടനെ കണ്ടിട്ടു കുറെ വർഷങ്ങൾ ആയി’. ശരിയാണ് രണ്ടു വർഷത്തിലധികമായി കാണും. അവർക്കു കൈപ്പറമ്പിൽ എലെക്ട്രിക്കൽ കടയുള്ളപ്പോൾ നാട്ടിൽ വരുമ്പോൾ എങ്ങിനെ ആയാലും കാണാൻ പറ്റുമായിരുന്നു. കാരണം എവിടെയെങ്കിലും പോകുമ്പോൾ അതിലൂടെയാണ് പോകാറ് അപ്പോൾ കാണുമായിരുന്നു. ഇപ്പോൾ അവർ ആ കട വേണ്ടെന്നു വെച്ചു. ഇന്നിപ്പോൾ ആ ചെറിയ ഷോപ്പിന്റെ ആവശ്യം ഇല്ല. കാരണം അത്രക് വളർന്നു പന്തലിച്ച ശൃംഖല തന്നെ ഉണ്ടിപ്പോൾ വീട്ടുപകരങ്ങളുടെ സ്ഥാപനങ്ങളുടെ. എന്ന് കണ്ടാലും അവന്റെ ഒരു കുശലം ഈ തരത്തിലാണ്. ‘ദാസേട്ടനിപ്പോഴും ചുള്ളനായി വരികയാണ്’.
ഞാൻ പറഞ്ഞു ‘ഉവ്വ് ഉവ്വ്’.
‘ദാസേട്ടനിപ്പോൾ എന്താ ഒരു കുഴപ്പം’ എന്ന് അജി പറഞ്ഞു.
’ഞങ്ങൾ ഗൾഫ് കാരുടെ വിഷമങ്ങൾ നിങ്ങൾ നാട്ടിലുള്ളവർക് എത്ര പറഞ്ഞാലും മനസിലാകില്ല’. പിന്നെ മക്കളുടെ വിശേഷങ്ങളും മറ്റും പറഞ്ഞു തീർന്നപ്പോൾ,
ഞാൻ പറഞ്ഞു ‘എനിക്ക് വല്ലാതെ
വിശക്കുന്നു, നമ്മൾക്കു ഊണ് കഴിക്കാം എന്ന്’. അപ്പോൾ അവൻ പറഞ്ഞു ‘ഊണ് നമുക് വീട്ടിൽ പോയി കഴിക്കാം എത്ര നാളുകൂടി കണ്ടതാണ്’. പിന്നെ അമ്മ അറിഞ്ഞാൽ വഴക്കു പറയും’ എന്ന്. എത്ര വൈകിയാലും വീട്ടിൽ പോയിട്ടേ കഴിക്കാറുള്ളു. ഞാൻ തമാശയായി പറഞ്ഞു. ’
നിങ്ങളുടെയൊക്കെ ഭാഗ്യം’. ഞാൻ പറഞ്ഞു ‘പിന്നെ ആകാം’ എന്ന്. അത് പറ്റില്ല എന്ന് നിർബന്ധത്തിനു വഴങ്ങി പോകാം എന്നുവെച്ചു. അവൻ പറഞ്ഞു,
‘ഞാൻ മോളെ പാട്ടുരായ്ക്കൽ സ്കൂളിൽ പരീക്ഷക് വിട്ടിട്ടു അടുത്ത റോഡിൽ ഞങ്ങളുട പുതിയ ഷോപ്പിങ് സെന്ററിന്റെ പണി നടക്കുന്നിടത്തു നോക്കാനായിട്ടു പോകുകയായിരുന്നു. അപ്പോഴാണ് ദാസേട്ടനെയും സുലഭേച്ചിയും കാണുന്നത്’. ‘അപ്പോൾ ദാ അവിടെ തന്നെ കാർ ഒതുക്കി
നിർത്തി വന്നു വിളിച്ചതാണ്’.
അവൻ ചോദിച്ചു ‘നിങ്ങൾ കാറിലല്ലേ വന്നത് എങ്കിൽ വിട്ടോളു (അതാണെന്നറിയാം), ഞാൻ ഇവിടൊന്നു കയറി നോക്കിയിട്ടു വരാം’ എന്ന് പറഞ്ഞു. പണിക്കാർ ഇറങ്ങുന്ന നേരത്തും പണിമാറ്റി പോകുന്ന നേരത്തും അവിടെയില്ലെങ്കിൽ അവർക്കു തോന്നിയ പോലെ ആകും. വാടക കാറിന്റെ ഡ്രൈവറായ മൊഹമ്മദിനോട്
ഞങ്ങൾ നില്കുന്നിടത്തേക്കു വരാൻ ഫോണിൽ വിളിച്ചു പറഞ്ഞു. ടൗണിൽ വന്നാൽ കാർ പാർക്കിംഗ്
കിട്ടാൻ വളെരെ ബുദ്ധിമുട്ടാണ് എവിടെയെങ്കിലും കൊണ്ട് പോയ് പാർക്ക് ചെയ്തു വരണം. മൊഹമ്മദിനെ ഞങ്ങൾ മൊമദ് എന്നാണ് വിളിക്കാറ്. മൊമദ് ഞങ്ങളുടെ നാട്ടുകാരനും, ഞങ്ങളുടെ വീടിന്റെ നാലു വീട് കഴിഞ്ഞിട്ടാണ് മൊമദിന്റെ വീട്. അത് കൊണ്ട് എന്ന് നാട്ടിൽ വന്നാലും എവിടെയെങ്കിലും പോകാൻ മൊമദിനെയാണ് സ്ഥിരമായ വാടകയ്ക്ക് കാറ് വിളിക്കാറ്. മൊമദ് വന്നു ഞങ്ങൾ കാറിൽ കയറി ഇരുന്നപ്പോൾ,
മൊമദ്: ‘ദാസേട്ടാ എവിടേക്കാണ് പോകേണ്ടത്’.
ഞാൻ ചോദിച്ചു ‘കാളത്തോട്. പോകാനറിയും ഇല്ലേ’,
മൊമദ്: ‘കാളത്തോട് വരെ അറിയാം’.
മൊമദ് കാർ ഷൊർണൂർ റോഡിൽ നിന്ന് നേരെ സ്വരാജ് റൌണ്ട് വഴി വടക്കും നാഥനെ വലംവെച്ചു പോകുമ്പോൾ, റൗണ്ടിലെ പല പഴയ കടകളും സ്ഥാപനങ്ങളും കണ്ടപ്പോൾ പഴയ കാല ഓർമ്മകൾ പലതും വന്നു. പണ്ട് ഈ കാണുന്ന തേക്കിൻ കാടു മൈതാനം എത്രതവണ ഭാഗം ഭാഗം മായി ചെയിൻ സർവ്വേ ചെയ്തു അളന്നു തിട്ടപടെടുത്തിയതാണ്. ഷൊർണൂർ റോഡിലുള്ള സർവ്വേ സ്കൂളിൽ പഠിക്കുമ്പോൾ. സർവ്വേ ഡിപാർട്മെന്റിന്റെ കീഴിലുള്ള സർവ്വേ സ്കൂളിന്റെ പ്രാക്ടിക്കൽ സ്ഥലമാണ്. പൂരത്തിന്റെ വെടിക്കെട്ടു നടക്കുന്ന സ്ഥലത്തിൻ്റെ അടുത്തായി റോഡിന് മറുവശത്തു ഉള്ള അയില കാരൻ അമ്മാന്റ് ചെറിയ ഹോട്ടലും, അയില കാരൻ അമ്മാൻ ഇപ്പോൾ ഉണ്ടോ ആവൊ!
അതൊരു പ്രത്യേക രുചി തന്നെ ആയിരുന്നു അവിടത്തെ അയില കറി. എന്നും ഉച്ചക്ക് ഊണിനു അയില കറി ഉണ്ടാകും. അയില കറി ഇല്ലാത്ത ഒരു ദിവസവും ഉണ്ടാകുകയില്ല അങ്ങിനെയാണ് അയില കറി അമ്മാൻ ഹോട്ടൽ പേര് വരുന്നത്. അവിടെ അധികവും പ്രൈവറ്റ് ബസ് ഡ്രൈവർമാരും കണ്ടക്റ്റർമാരുമാണ് ഉച്ചക്ക് ഊണിനുണ്ടാകുക. ഞങ്ങൾ സർവ്വേ സ്റ്റുഡന്റസ് ചോറ് കൊണ്ട് വരാത്ത ദിവസം അവിടുന്നാണ് കഴിക്കാറ്. കൈയിൽ അവിടുന്ന് കഴിക്കാനുള്ള പൈസയെ കാണു. അവിടത്തെ അ കറിയുടെ രുചി ഇപ്പോഴും നാവിൽ നിന്ന് പോയിട്ടില്ല. അമ്മാനെ ആലോചിക്കുന്നതിനിയടക്കു കാർ നടുവിൽ ആൽ കഴിഞ്ഞു കുറുപ്പം റോഡും കഴിഞ്ഞിരുന്നു. അങ്ങിനെപോകുമ്പോഴാണ് രാഗം തീയറ്റർ കാണുന്നത്. രാഗം തീയറ്റർ കണ്ടപ്പോൾ എൻ്റെ ബാല്യത്തിലെ അ സംഭവങ്ങളും, വേണു ഏട്ടനെ ഓർമ്മ വന്നു. എന്റെ ബാല്യത്തിലെ കൂട്ടുകാരനായിരുന്നു വേണു ഏട്ടൻ. പ്രായംകൊണ്ടു ഞങ്ങൾ മാസങ്ങൾക്കേ വ്യത്യാസമുള്ളൂ എങ്കിലും ഞാൻ വേണു ഏട്ടൻ എന്നാണ് വിളിക്കാറ്. ഞാൻ വേണു ഏട്ടൻ എന്ന് വിളിക്കാൻ കാരണം, എന്നേക്കാൾ നല്ല ഉയരം ഉണ്ടായിരുന്നു. പിന്നെ അമ്മ പറഞ്ഞിട്ടുണ്ട് വേണു ഏട്ടൻ എന്ന് വിളിക്കാൻ. ഞങ്ങൾ തമ്മിൽ കാണുന്നത് വർഷത്തിൽ ഒരു മാസത്തെ സ്കൂൾ അവധിക്കാണ്. സ്കൂൾ അവധി രണ്ടു മാസമാണെങ്കിലും ഒരു മാസം മാത്രമേ മാമന്റെ വീട്ടിൽ ഉണ്ടാകാറുള്ളൂ. ഞങ്ങൾക്കു (എന്നെയും അനിയനും) സ്കൂൾ അവധി മാമന്റെ വീട്ടിൽ പോയി നിൽക്കാൻ അച്ഛൻ ഒരു മാസമേ അനുവദിക്കാറുള്ളു. അതിനു കാരണവും ഉണ്ട്. ഞങ്ങളും അമ്മയും തിരിച്ചു വന്നാലേ വലിയമ്മക്കും പ്രദീയെട്ടനും (പ്രദീപ്) അവരുടെ മാമെന്റെ വീട്ടിൽ പോകാൻ പറ്റുമായിരുന്നുളൂ. പ്രദിയേട്ടൻ വല്യച്ഛന്റെ മകൻ ആണ്. അന്ന് ഞങ്ങൾ കൂട്ടുകുടുംബമായി കഴിയുന്ന കാലമായിരുന്നു. ഒരു കണക്കിന് എനിക്കും അനിയനും ഒരു രെക്ഷപെടലും കൂടി ആയിരുന്നു. വേനൽ അവധി ആകുമ്പോഴേക്കും മാങ്ങാ ചക്ക കശുവണ്ടി കാലമാണല്ലോ. ഇതിൽ മാങ്ങയും ചക്കയും കഴിച്ചു സന്തോഷം തരുമെങ്കിലും, ഇതെല്ലം ആവശ്യത്തിലധികവുമാണ് അന്ന് വീട്ടിൽ. പക്ഷെ കശുവണ്ടിയും തെങ്ങും കവുങ്ങും ഞങ്ങള്ക് ബുദ്ധിമുട്ടും, ദേഷ്യവും ഉണ്ടാക്കുന്നവയാണ്. കാരണം, രാവിലെ എഴുനേറ്റു പ്രഭാത പരിപാടികൾ കഴിഞ്ഞു ചായ കുടിച്ചു കഴിഞ്ഞാൽ ഞങ്ങൾക്കുള്ള പതിവ് പണി തുടങ്ങണം. ഞാനും പ്രദിയേട്ടനും ചേച്ചിമാർ ആരെങ്കിലും കൂടി രണ്ടു തോട്ടികോലും ഓരോ തുണി സഞ്ചിയും എടുത്ത് കുന്നത്തേക്ക് പോകണം. ഒന്ന് വീടിനടുത്തു തന്നെയാണ് അതിനെ ഞങ്ങൾ വിളിച്ചിരുന്നത് ഞാവൽ കുന്ന് എന്നാണ്. ആ പേര് വരാൻ കാരണം ഞങ്ങളുടെ ആ പറമ്പിന്റെ നാലതിർത്തിയിലും വരി വരിയായി ഞാവൽ മരങ്ങളായിരുന്നു. ഇപ്പോൾ അവിടെ പേരിനു മാത്രമേ ഞാവൽ ഉള്ളു. ഇവിടെ ഞങ്ങൾക് പോയി കശുവണ്ടി പെറുക്കാൻ വലിയ ഇഷ്ടക്കേടില്ലായിരുന്നു. കാരണം അധികം നടക്കേണ്ടല്ലോഎന്നുള്ളതാണ്. അതുകാരണം ഇവിടെപ്പോകാൻ ഞങ്ങൾ തർക്കിക്കാറുണ്ട്. മറ്റേ സ്ഥലം വീടിന്റെ അവിടെന്നു ഒരു ഒന്നര കിലോമീറ്റർ പോയിട്ടാണ്. ആ കുന്നിൻ പറന്പിന് ഞങ്ങൾ അന്ന് പറഞ്ഞിരുന്നത് അച്ചമ്മേടെ കുന്ന് എന്നാണ്. അങ്ങിനെ പേര് വരാൻ കാരണം, ആ സ്ഥലം അച്ഛമ്മക്ക് സ്ത്രീധനമായിട്ടു കിട്ടിയ പറമ്പാണ്. അത് ഞങ്ങൾ താമസിക്കുന്ന വീട് നിൽക്കുന്ന കുന്നിന്റെ മറു വശത്തായിരുന്നു. അ സ്ഥലം എന്റെ കണക് ശരിയാണെങ്കിൽ രണ്ടു ഏക്കറോളം വരുമായിരുന്നു. അത് മുഴുവൻ കശുമാവുകളായിരുന്നു. അവിടെ വീണു കിടക്കുന്നതു പെറുക്കിയും വിളഞ്ഞു നിൽക്കുന്ന കശുവണ്ടി തൊട്ടിക്കോലുകൊണ്ടു പറിച്ചു കൊണ്ടുവരുന്നതാണ് ഞങ്ങളുടെ രാവിലത്തെ ജോലി. ഇത് കൊണ്ടു വീട്ടിൽ വന്നാൽ കഞ്ഞിയും പുഴുക്കും ഉണ്ട്. അത് കഴിഞ്ഞാൽ അല്പം വിശ്രമിച്ചു കഴിഞ്ഞു കുളിയും. പിന്നെ ഉച്ച തിരിയുന്നവരെ പണിയൊന്നുമില്ല. ഉച്ചതിരിഞ്ഞാൽ നാലരക്ക് ശേഷം ചായ കുടി കഴിഞ്ഞു അച്ഛനും പാപ്പനും കൂടി, രണ്ടെണ്ണമുള്ളതിൽ ഓരോ കവുങ്ങിൽ പറമ്പിലെ കിണറ്റിൽ നിന്ന് കാള തേക്ക് നടത്തും. ഇന്നിതിപ്പോൾ ആർക്കും എന്താണെന്നു പോലും അറിയില്ല. (രണ്ടു കാളകളെ നുകത്തിൽ വെച്ച് കെട്ടി അതിൽ നിന്ന് രണ്ടു കയർ ഒരു വലിയ ഇരുമ്പിന്റെ വൃത്താകൃതിയുള്ള ഒരു മീറ്ററോളം വ്യാസവും ഒന്നര മീറ്റർ ഉയരവും ഉള്ള കുട്ടയുടെ മുകളിലും, ഒരു കയർ കുട്ടയുടെ താഴെ, 30 സെന്റിമീറ്റർ വ്യാസമുള്ള പൈപ്പ് രൂപമുള്ള പോത്തിന് തുകൽ കൊണ്ട് ഉണ്ടാക്കിയതിൽ കെട്ടി വെച്ചതിന്മേൽ കെട്ടിയിരിക്കും. ഇത് വലിയ രണ്ടു മരത്തിന്റെ തൂണ് ഒരാൾ ഉയരത്തിൽ കിണറിനോട് ചേർന്നു കുഴിച്ചിട്ടതിന്മേലാണ്. ഒരു മരത്തിന്റെ തന്നെ ചക്രത്തിലൂടെയാണ് മുകളിലുള്ള വലികയർ പോയി കുട്ടയിൽ കെട്ടിയിരിക്കുന്നത്. കാളകളെ പുറകിലോട്ടു കിണറിന്റെ അടുത്ത് കൊണ്ട് നിർത്തിയാൽ കുട്ട പോയി കിണറ്റിലെ വെള്ളത്തിൽ പോയി മുങ്ങി നിറയുമ്പോൾ കാളകളെ മുന്നിലേക്ക് നടത്തി കുട്ട മുകളിൽ കൊണ്ട് വന്നിട്ടു കാളകളെ നടത്തുന്ന ആൾ താഴെയുള്ള കയറിൽ ചവുട്ടി താഴ്ത്തും അപ്പോൾ കിണറിനടുത്ത് മുകളിലുള്ള ചതുരാകൃതിയിലുള്ള സ്ഥലത്തുതുകൽ പൈപ്പിലൂടെ
വെള്ളം വന്നു വീഴും അവിടെന്ന് ഒഴുകി ചാലിലേക്കു പോകും ഇതിനെയാണ് കാള തേക്ക് എന്ന് പറയുന്നത്)
ആ വെള്ളം ചാലു വഴി വരുന്നത് ഓരോ കവുങ്ങിന്റെ കടക്കിലേക്കു വരുന്നത് കൈക്കോട്ടുകൊണ്ടു തുറന്നു കൊടുക്കണം. അത് ഏകദേശം ഒന്നോ ഒന്നര മണിക്കൂർ കാണും. ഇതാണ് വേനലവധിക്കാല പതിവ് പരിപാടികൾ. ഇത് ഞങ്ങള്ക് അവധിക്കാലത്തും മാത്രെമേ കിട്ടാറുള്ളു. സ്കൂൾ ഉള്ളപ്പോൾ സ്കൂളിൽ പോക്കും പഠിപ്പുമായ കാരണം ഈ വെള്ളം തിരിക്കൽ ഒഴിവായി കിട്ടും. പക്ഷെ കശുവണ്ടിയുടെ പണിക്ക് ഒരു ഒഴിവും ഇല്ല. സ്കൂൾ ഉള്ളപ്പോൾ നേരത്തെ പോയി പെറുക്കിക്കൊണ്ടു വന്നിട്ടു വേണം സ്കൂളിൽ പോകാൻ. ഇതിൽ നിന്ന് ഒരു രക്ഷപെടലാണ് മാമെന്റെ വീട്ടിലെ അവധിക്കാലം. ഞങ്ങൾ ഞങ്ങളുട മാമന്റെ വീട്ടിലും. വേണു ഏട്ടൻ അവരുടെ മാമന്റെ വീട്ടിലും വരുമ്പോഴാണ് ഞങ്ങൾ തമ്മിൽ ഒന്നിക്കാറുള്ളത്. അയല്പക്കമാണ് വേണു ഏട്ടന്റെ മാമെന്റെ വീട്. അമ്മയുടെ പാപ്പന്റെ മകൾ ലളിത ഇളയമ്മയുടെ മക്കളാണ് വേണു, അജിതൻ, ആനന്ദൻ, ഷിബു, അനിത എന്നിവർ. ഇവരിൽ ഞാനും വേണു ചേട്ടനും ഒരേ പ്രായക്കാരായതിനാൽ ഞങ്ങൾ അവിടെ ചെന്നാൽ എവിടെ പോകാനും കളിക്കാനും ഒരുമിച്ചായിരുന്നു. അന്നൊക്കെ ഞങ്ങള്ക് ആ ഒരു മാസം ഒരു ഉത്സവം പോലെ ആയിരുന്നു. കാരണം മാമന്റെ വീട്ടിൽ പോയാൽ കാര്യമായി പണികളൊന്നും കിട്ടില്ലായിരുന്നു അപ്പോൾ കളി തന്നെ ആയിരുന്നു.
ഇന്നത്തെ പോലെ കമ്പ്യൂട്ടറും മൊബൈലും ഐ പാടുമായുള്ള കളി അല്ല അന്ന്. ഉപ്പും പക്ഷി എന്ന കളം വരച്ചു അതിൽ പ്രത്യേക രീതിയിൽ ചാടി കടക്കുന്നതാണ്. പിന്നെ ഒളിച്ചു കളി, തെങ്ങിന്റെ ഓലകൊണ്ട് ഫാൻ പോലെയുണ്ടാക്കി അത് ഒരു ഈർക്കിലിയിൽ കോർത്തു ഓടി കഴിയുന്ന വേഗതയിൽ കറക്കുക, ഗോട്ടി കളി നിരോധിതമെങ്കിലും, പ്രായമായവർ ഉച്ചക്കുള്ള ഉറക്ക സമയത് ഞങ്ങൾ കളിക്കുമായിരുന്നു. വേണു ഏട്ടൻ കാണാതെ ഗോട്ടി കൊണ്ട് വരും. പിന്നെ കവുങ്ങിൻ പട്ടയുടെ പാളയമേൽ ഒരാളെ ഇരുത്തും, എന്നിട്ടു രണ്ടുപേർ ചേർന്ന് അതിന്റെ മറുതല പിടിച്ചു വലിച്ചോണ്ട്, വണ്ടി ഓടിക്കുന്ന പോലെ ഓടിച്ചുള്ള കളിയും ഉണ്ടായിരുന്നു. അത് ഇത്തിരി അധ്വാനം ഉള്ള കളിയാണ്.
പിന്നെ സന്ധ്യക്ക് മുന്നേ ഓല പന്തുണ്ടാക്കി എറിഞ്ഞുകളിക്കുമായിരുന്നു അതിനു റഫറി അമ്മാമ്മ ആയിരുന്നു. പിന്നെ ഒരു നിരോധിതമായാ കാര്യം ഉണ്ടായിരുന്നത് ചിറ്റാടി കുളത്തിലെ കുളിയാണ്. ചിറ്റാടി കുളം എന്നേ പറയാവു, വയൽ അവസാനിക്കുന്നിടത്തെ ഒരു വലിയ കണ്ടത്തിന്റെ വലിപ്പത്തിലുള്ള വളരെ താഴ്ന്ന സ്ഥലമായതിനാൽ മഴ പെയ്തു വരിവെള്ളം വന്നു കിടന്നു തെളിയുന്നതാണ്. അതിന്റെ ഒരു വശം റോഡ് ആയകാരണം പഞ്ചായത്തു മതിൽ കെട്ടി ഒരു വശം കുളക്കടവ് പോലെ ആക്കിയിട്ടുണ്ട്. ഒരു വശം വണ്ടികളും കന്നുകാലികളെ ഇറക്കി കഴിക്കാനും. അതുകൊണ്ടൊക്കെയാണ് അതിനു സമ്മതിക്കാത്തത്. വേറൊരു കാരണം ഞാനൊഴികെ മറ്റാർക്കും നീന്തൽ അറിയാത്തതുകൊണ്ട്. എനിക്ക് നന്നേ ചെറുപ്പത്തിൽ നീന്തൽ അറിയാമായിരുന്നു എനിക്ക് മാത്രമല്ല ഞങ്ങളുട ദേശത്തുള്ള എല്ലാവര്ക്കും അറിയാം കാരണം ഞങ്ങളുടെ അതിലെയാണ് കേച്ചേരി പുഴ പോകുന്നത്. വാസ്തവത്തിൽ ഞങ്ങളുടെ ഒരു കവുങ്ങിൻ പറമ്പു അവസാനിക്കുന്നത് പുഴയോട് ചേർന്നാണ്. അതുകൊണ്ടു ഞങ്ങളുടെ രാവിലെയും വൈകിയിട്ടുള്ള കുളി പുഴയിലാണ്. അത് ഒരു ഒന്ന് ഒന്നര കുളിയാണ്. കരയിൽ നിന്ന് ഓടിവന്നു പുഴയിലേക്ക് എടുത്തു ചാടലും, വെറും ചടലല്ല. പലതരം മറിഞ്ഞുള്ള ചാടലും (സമ്മർ സാൾട് തുടങ്ങിയവ)
നീന്തലും. പിന്നെ പുഴയുടെ മറുകര വരെ നീന്തൽ മത്സരങ്ങളാണ്.
ചിറ്റാടി
കുളത്തിന്റെ അവിടെ എപ്പോഴും പശു, പോത്തു, കാള എന്നിവയെ കുളിപ്പിച്ചു വൃത്തിഹീനമായിരിക്കും. എന്നാലും ഞാനും വേണു ഏട്ടനും ഇടയ്ക്കു മാമൻ ഇല്ലാത്ത ദിവസം നോക്കി പോയി കുളിക്കും. അന്നൊക്കെ മാമനെ കാണുമ്പോഴേ വിറക്കും. അതുപോലെയായിരുന്നു മാമെന്റെ ശിക്ഷകൾ. ഞങ്ങൾ അവധികാല അഥിതികളായ കാരണം ഞങ്ങള്ക് ശിക്ഷ ലഭിക്കാറില്ലെങ്കിലും പേടിയാണ്. ഞങ്ങളോട് ഇല്ലെങ്കിലും മാമെന്റെ മക്കളായ സുരേഷിനേയും ആനന്ദനെയും ശിക്ഷിക്കുന്നത് കാണുമ്പോൾ വല്ലാത്ത പേടി തോന്നും. വൈകിയിട്ടാകുമ്പോൾ ഞങ്ങള്ക് ഒരു ഉത്തരവാദിത്വപ്പെട്ട ജോലി കിട്ടുന്നത് കടയിൽ പോയി പലചരക്കു സാധനങ്ങൾ വാങ്ങിക്കലാണ്. അതിനു ഞങ്ങള്കു ഉത്സാഹം കൂടുതലാണ് കാരണം. കടയിൽ പോയി സാധനങ്ങൾ വാങ്ങി ബാക്കി വരുന്നതിൽ അഞ്ചോ പത്തോ പൈസ ചിലപ്പോൾ കിട്ടും. അതിനു കപ്പലണ്ടി മിട്ടായിയോ തേൻ നിലാവോ വാങ്ങി കഴിക്കാൻ പറ്റുമായിരുന്നു. രാത്രി ഭക്ഷണത്തിനു മുൻപ് അകത്തിരുന്നു കളിക്കാൻ പറ്റിയ കളികളായ അത്ലാപിത്തള തവളാച്ചി കളിക്കും. പിന്നെ സ്കൂൾ വേനലവധിക്കാലത്തു
അവിടെ ഉള്ള ഒരു ക്ലബ്ബിന്റെ വക ആയി നാടകോത്സവം നടത്താറുണ്ടായിരുന്നു അത് ഒരു ആഴ്ച നീണ്ടു നിൽക്കുന്നതാണ്. ഞങ്ങൾ എന്നും കാണാൻ പോകും. പോകും. അവിടുത്തെ പഞ്ചായത്തിന്റെ വക കളി സ്ഥലത്ത് സ്റ്റേജ് കെട്ടി നടത്തുന്നതായിരുന്നു. നാടകങ്ങളുടെ മത്സരമായിരുന്നു അത്.
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തുള്ള അവധിക്കു പോയ വര്ഷം നാടകം നടക്കുന്ന സമയത്ത്, വേണു ഏട്ടൻ ഒരു ദിവസം പറഞ്ഞു.
“‘നമുക് രാഗത്തിൽ ഒരു സിനിമക് പോകാം”
“അയ്യോ എനിക്ക് പേടിയാണ്, പിന്നെ എന്റെ കൈയിൽ അതിനുള്ള
പൈസയും ഇല്ല.”
വേണു ഏട്ടൻ: “ഞാൻ നിന്റെ ടിക്കറ്റിന്റെ പൈസ എടുക്കാം. നല്ല അടിപൊളി
സിനിമയാണെന്നു കേട്ടു. നമുക്ക് നാടകത്തിനാണെന്നു പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി നേരെ തൃശ്ശൂർക് വിടാം. നാടകം കഴിയുന്ന സമയത് വീട്ടിൽ എത്തിയാൽ മതി.”
എനിക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിലും ഞാൻ പറഞ്ഞു. “പേടിയുണ്ട്.”
“നീ പേടിക്കാതെ'”
അന്ന് കാലത്തു ഒരു വലിയ സംഭവം തന്നെ ആയിരുന്നു രാഗം തിയേറ്റർ. രാഗം തിയേറ്റർ തുടങ്ങിയിട്ടു അധിക കാലം ആയിട്ടില്ല തന്നെയുമല്ല അന്നത്തെ ഒരു വന്പൻ ഹിറ്റ് പടമായിരുന്നു രാഗത്തിൽ ഓടിക്കൊണ്ടിരുന്നതു. വേണു ഏട്ടൻ അവിടെ നേരത്തെ പോയിട്ടു പരിചയം ഉണ്ടായിരുന്നു. അവരുടെ വീട് കാളതോടായതുകൊണ്ട് ഇടക്ക് തൃശൂർ വന്നു സിനിമ കണ്ടു പരിചയം ഉണ്ട്. അതുകൊണ്ട് പുള്ളിക്കാരന് പേടി ഉണ്ടായിരുന്നില്ല. എനിക്ക് പേടിയുണ്ടെങ്കിലും, അതിനകത്തു ഫൗണ്ടൻ, അക്വാറിയം, മുകളിക്കു പോകാൻ കറങ്ങി തിരിഞ്ഞു പോകുന്ന നല്ല കാർപെറ്റ് വിരിച്ച കയറ്റം(റമ്പും), ലിഫ്റ്റും അങ്ങിനെ പല പുതിയ സംഭവങ്ങൾ ഉണ്ടെന്നു കേട്ടിട്ടുള്ളത് വെച്ച് രാഗം തിയേറ്റർ കാണാനുള്ള മോഹവും, പിന്നെ അന്നത്തെ സൂപ്പർ താരജോഡികളുടെ പടവുമായിരുന്നു അതുകൊണ്ട് പോകാം തീരുമാനിച്ചു.
അന്നേ ദിവസം ഞങ്ങൾ രാത്രി ഊണ് കഴിഞ്ഞു നാടകം കാണാൻ എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി. നാടകം നടക്കുന്ന മൈതാനത്തു കുറച്ചു നേരം പോയിരുന്നു. നാടകത്തിനു വന്നിരുന്നു എന്നറിയിക്കാൻ. കുറച്ചു കഴിഞ്ഞു ഞങ്ങൾ അവിടെ നിന്ന് പതിയെ പോന്നു. ഞങ്ങൾ സെക്കന്റ് ഷോ കാണുവാനായി ബസ്സിലാണ് പോയത്. ബസ്സ് ചെന്നിറങ്ങിയ്യ്തു മുൻസിപ്പൽ ബസ്റ്റാണ്ടിലാണ്. മുൻസിപ്പൽ (ഇന്നത്തെ കോർപറേഷൻ)
ഓഫീസിനു മുന്നിൽ തന്നെയാണ് അന്ന് ബസ്റ്റാന്റ്. അന്ന് ബസ്റ്റാന്റ് ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങൾ ബസിറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ, സ്റ്റാൻഡിന്റെ ഒത്ത നടുവിലായി ഒരു ഭീമാകാരയമായ ഒരു ഭൂതം. ഭൂതത്തിന്റെ തലയിൽ വെള്ള നിറത്തിൽ എന്തോ വിതറിയിട്ടുണ്ട്. ഒരു ചതുര തൂണിൽ രണ്ടാൾ ഉയരത്തിലായി നിൽക്കുന്നത് കണ്ടു ഞാനൊന്നു ഞെട്ടി. പിന്നീടാണ് എനിക്കോർമ്മ വന്നത് അത് നമ്മുടെ ശക്തൻ തമ്പുരാന്റെ കറുത്ത നിറത്തിലുള്ള പ്രതിമയല്ലേ എന്ന്. തമ്പുരാന്റെ തലയിൽ കാക്കകൾ കാഷ്ടിച്ചതാണ്, വെള്ള മുത്തുമണികൾ പോലെ കണ്ടത്. തൃശൂർ നഗരത്തെയും തേക്കിൻകാട് മൈതാനത്തിനെയും ഇന്നുള്ള പോലെയാക്കി രൂപ കല്പന ചെയ്ത രാജാവ്. അദ്ദേഹത്തിന്റെ ആദരസൂചകമായി സ്ഥാപിച്ച പ്രതിമ. ആ പ്രതിഭാശാലിയായ രാജാവിന്റെ തലയിലാണ് കാക്കകൾ വിസർജ്യം വിതറിയിരിക്കുന്നത്.
ബസ് സ്റ്റാൻഡിൽ ഇറങ്ങി കുറച്ചു നടന്നാൽ രാഗം തിയേറ്ററിൽ എത്താം എന്ന്
മാത്രമേ എനിക്കറിയുള്ളു. എനിക്ക് വാസ്തവത്തിൽ തിയേറ്റർ എവിടെയാണെന്നും മറ്റു വഴികളും അറിയില്ലായിരുന്നു. ഞാൻ വേണു ഏട്ടന്റെ ഒപ്പം ഒരു ചെറിയ പേടിയോടു കൂടി നടന്നു. ഞാൻ ഇതുവരെ ഇത്ര വൈകി തൃശൂർ ടൗണിൽ വന്നിട്ടില്ല. അത് കൊണ്ട് ഞാൻ വളരെ അത്ഭുതത്തോടു കൂടി നോക്കി കണ്ടുകൊണ്ടു വേഗം നടന്നു.
രാത്രി കാലങ്ങളിലെ കപ്പലണ്ടി വിൽക്കുന്ന തള്ള് വണ്ടിക്കാരും പിന്നെ രാത്രി മാത്രം വരുന്ന ചായ വിൽക്കുന്ന വണ്ടിക്കാരെയും കണ്ടു.
നടന്നു രാഗത്തിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു കൂട്ടം ആളുകൾ ഒരു വലിയ ഗെയ്റ്റിന് മുന്നിൽ കാത്ത് നിൽക്കുന്നതാണ് കണ്ടത്. അവിടെ ആളുകളെ നിയന്ത്രിക്കാനായി ഒന്ന് രണ്ടു പോലീസും ഉണ്ടായിരുന്നു. ഞങ്ങളും ആൾക്കൂട്ടത്തിനു പിന്നിൽ നിലയുറപ്പിച്ചു. പിന്നിൽ നിന്ന് ചെറിയ തള്ളൽ ഗേറ്റിനരികെ എത്തുമ്പോഴേക്കും അതൊരു വലിയ തള്ളായി എത്തുകയായിരുന്നു. ഞങ്ങൾക്ക് അ ആൾകൂട്ടത്തിൽ തള്ളി കയറാനായിട്ടുള്ള ശക്തി ഇല്ലാത്ത കാരണം ഏറ്റവും പിന്നിൽ ഒരു വശത്തായി നിലയുറപ്പിച്ചു. ഗേറ്റ് നല്ല ബലമുള്ളതായ കാരണം ഒന്നും പറ്റാതെ നില്കുന്നു. അതിനിടയിൽ കൂകിവിളികളും ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന പോലീസിനെ ഒന്നും ചെയ്യാൻ പറ്റാത്തതു കാരണം അവർ വെറും കാഴ്ച്ചക്കാരെപോലെ നോക്കിനിന്നു. അങ്ങിനെ ഗെയിറ്റ് തുറക്കാൻ നേരമായി. അതു മനസ്സിലായത് അകത്തു നിന്ന് ഗേറ്റിനരികിലേക്കു ജോലിക്കാരനും രണ്ടു പോലീസും കൂടി വരുന്നത് കണ്ടപ്പോഴാണ്. ഒരു ജോലിക്കാരന് ഒറ്റക്ക് വരാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണ് പോലീസിനെ കൂട്ടിയത്. കാരണം അയാൾ ഒറ്റക് വന്നു ഗെയിറ്റ് തുറന്നാൽ അയാളെ ആളുകൾ ചവുട്ടികൂട്ടി പോകും. അവിധത്തിലാണ് ആളുകൾ തിക്കും തിരക്കും കൂട്ടിയിരുന്നത്. അവർ വന്നു നോക്കിയിട്ടു തിരിച്ചു പോയി അപ്പോൾ ആളുകൾ കൂകി വിളി തുടങ്ങി, തുറക്കാൻ പറഞ്ഞിട്ടു. അല്പം കഴിഞ്ഞു വേറെ ഒരാളും രണ്ടു പോലീസും കൂടി വന്നു. അതിലെ ഒരു പോലീസ് കൈയിലെ ലാത്തി വടി കൊണ്ട് ഗെയ്റ്റിൽ രണ്ടടി കൊടുത്തു എന്നിട്ടു പറഞ്ഞു.
“മാറാടാ”
അപ്പോൾ മുന്നിൽ നിൽക്കുന്നവർ പിന്നോട്ടാഞ്ഞു. ആ തള്ളലിൽ പിന്നിൽ നിൽക്കുന്നവർ ഒന്ന് രണ്ടു പേർ വീണു. ഈ സമയം കൊണ്ട് ജോലിക്കാർ രണ്ടു പേർ ഗെയിറ്റ് പുറത്തേക്കു തള്ളി ഗെയിറ്റിന്റെ താഴ് തുറന്നതും ജീവനും കൊണ്ട് ഓടുന്ന പോലെ ഓടി. അതിനു മുന്നേ പോലീസ് രണ്ടു വശത്തേക്കായി മാറി നിന്നിരുന്നു. ആ വശത്തേക്കു എത്തിയവർക്ക്, ലാത്തി കൊണ്ട് അടിയും കിട്ടിയിട്ടായിരുന്ന പോയിരുന്നത്. “അയ്യോ അമ്മെ” എന്ന നിലവിളി കേട്ടു നോക്കിയപ്പോളാണ് അത് മനസ്സിലായത്. ഞങ്ങൾ രണ്ടാളും ഏറ്റവും പുറകിൽ ഒരു സൈഡിലാണ് നിന്നിരുന്നത് അതു കാരണം ഞങ്ങൾ ഈ വിധം തമാശ കണ്ടത്. പിന്നെ ഞങ്ങള്ക് തള്ളലിൽ പോകാനുള്ള ത്രാണിയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഞങ്ങൾ ഏറ്റവും അവസാനം പോകാം എന്നുകരുതി
നിന്നു. തള്ളൽ വേണ്ടേ എന്നുള്ള രീതിയിൽ ഒന്ന് തള്ളി ഞങ്ങളും അകത്തു കയറി
ആത്രേയങ്കിലും ചെയ്തില്ലെങ്കിൽ ഒരു രസം കിട്ടില്ലല്ലോ.
വേണു ഏട്ടൻ മുമ്പിലും ഞാൻ പിന്നിലുമായി ഞങ്ങൾ ഗെയിറ്റിനോട് ചേർന്ന് വരികളിയായി തള്ളി
തള്ളി നിന്നു. ഞങ്ങള്ക് മൂന്നാം ക്ലാസ് ടിക്കറ്റിനുള്ള പൈസയെ ഉള്ളു. അതുകൊണ്ട് ഏകദേശം
മൂന്നാം ക്ലാസ് വരിയിൽ വരുന്നപോലെ നിന്നു. തിക്കും തള്ളലും അപ്പോഴും ഉണ്ടായിരുന്നു.
അത് മൂന്നാം ക്ലാസ് ടിക്കറ്റിനും രണ്ടാം ക്ലാസ് ടിക്കറ്റിനുള്ള വരികളായിരുന്നു. ആ രണ്ടു വരികൾ പിന്നെ പോകുന്നത് രണ്ടു തുരങ്കങ്ങൾ പോലെയുള്ളതിലേക്കായിരുന്നു.
തുരങ്കം എന്ന് തോന്നലുളവാക്കാൻ കാരണം, ഒരാൾക്കു കഷിടിച്ചു പോകാവുന്ന തരത്തിൽ വീതിയുള്ളതും
ഉയരം ഏകദേശം ഒരു എട്ട് അടി വരുന്ന ഒരു ഇടനാഴികയാണ്. അതിനുള്ളിലേക്ക് ഞങ്ങൾ കടക്കാനുള്ള
കഠിന ശ്രമത്തിലായിരുന്നു. ആ ഇടനാഴികകു മുന്നിൽ വലിയ തള്ളായിരുന്നു, തള്ളല് മാത്രമല്ല
പലരും പുറകിൽ നിന്നു വന്നു ഇടിച്ചു കയറുന്നുണ്ടായിരുന്നു. ഈ തള്ളലും ഇടിയും സഹിച്ചു
ഞങ്ങൾ ഒരുവിധത്തിൽ കയറാമെന്നായപ്പോൾ.
വേണു ഏട്ടൻ: “നീ എന്റെ കൈ പിടിച്ചോ അല്ലെങ്കിൽ വരിമാറിപ്പോകും.”
(ഉച്ചത്തിൽ പറഞ്ഞു) അത് പറഞ്ഞു തീരുന്നതും ഒരു വലിയ
തള്ള് വന്നു രണ്ടു പേരും രണ്ടു വഴിയേ ആയി തനിയെ അങ്ങ് വേറെ വേറെ ആയി കയറി പോയി. വേണു
ഏട്ടനെ കാണാതെ ഞാൻ ഉറക്കെ വിളിച്ചു.
“വേണു ഏട്ടാ
വേണു ഏട്ടാ.”
ഈ വിളിച്ചു
കരയുന്നതിനിടയിൽ ഒന്ന് രണ്ടു പേർ തലയിലും തോളത്തും കൂടി നീന്തി പോകുന്നു മുന്നിലേക്ക്.
കാരണം നീന്തിയെ പോകാൻ പറ്റു. ഒരാൾ നിന്നാൽ പിന്നെ നീന്തി പോകാനേ ഉയരം ആ ഗുഹക്കുള്ളു.
എന്റെ വിളി കേട്ട് വേണു ഏട്ടൻ വിളി കേട്ടു. ഞാൻ ഇവിടുണ്ടെന്നു പറഞ്ഞു.
ഞാൻ: “എവിടെ.”
മുന്നിൽ നിന്നാണ് കേൾക്കുന്നത് എനിക്ക് മനസ്സിലായി.
ഞാൻ വീണ്ടും ചോദിച്ചു: “എവിടെ ആണ്.”
“ഇവിടുണ്ട്.”
അപ്പോളാണ്
എനിക്ക് മനസ്സിലായത്, ആ തള്ളിൽ ഞങ്ങൾ രണ്ടു പേരും രണ്ടു വേറെ വേറെ ഇടനാഴികയിലാണ്. ഇനിയിപ്പോൾ
പുറത്തോട്ടു പോകാനും പറ്റില്ല. പൈസയെണെങ്കിൽ വേണു ഏട്ടന്റെ കൈയിലാണ്. ഒന്നും ചെയ്യാൻ
പറ്റാതെ ഞാൻ അവിടെ തിരക്കുള്ള വരിയിൽ നിന്നു കരയുകമാത്രം ചെയ്തു. ഈ തിരക്കിൽ ഞങ്ങൾ രണ്ടു പേർ മാത്രമാണ് ചെറിയ കുട്ടികളായിട്ടുള്ളത്
തോനുന്നു. അതൊന്നൊന്നും അവിടെ നിൽക്കുന്നവർക്ക് ഒരു നോട്ടവും ഉണ്ടായിരുന്നില്ല. അവർ
ടിക്കറ്റ് എടുക്കാനുള്ള യുദ്ധത്തിലാണ്. അതിനകത്താണെങ്കിൽ വായൂ സഞ്ചാരം ഇല്ലാതെ ഞാൻ
വിയർത്തൊലിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വലിയ ഒരു മണി അടി ശബ്‌ദം കേട്ടു.
അപ്പോൾ അതിനകത്തു നിന്നവർ കൂകി വിളിച്ചു. വീണ്ടും പത്തു മിനിറ്റ് കഴിഞ്ഞു വീണ്ടു മണി
അടിച്ചു. അപ്പോഴും ആളുകൾ സന്തോഷംകൊണ്ട് കൂക്കി വിളിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ
വരി നിന്നവർ നീങ്ങാൻ തുടങ്ങി. മെല്ലെ മെല്ലെ അത് ഒരു ഏകദേശം പത്തു പതിനഞ്ചു മീറ്റർ
ദൂരം പോയപ്പോൾ ടിക്കറ്റ് കൊടുക്കുന്ന കൗണ്ടറിൽ എത്തി, അപ്പോഴേക്കും ടിക്കറ്റ് മുഴുവൻ
കൊടുത്തു കഴിഞ്ഞിരുന്നു. ഉണ്ടെകിൽ തന്നെ എന്റെ കൈയിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല.
അതുകൊണ്ടു ആ കൗണ്ടറിൽ ഒന്ന് എത്തി നോക്കി തിരികെ വന്ന വഴിയേ തിരികെ പോരനെ പറ്റിയുള്ളൂ.
പുറത്തു കടന്നപ്പോൾ വേണു ഏട്ടനെ പിന്നെയും വിളി തന്നെ. എന്ത് കാര്യം. വിളികേൾകാൻ പറ്റുമായിരുന്നില്ല.
ഇടനാഴികക്ക് പുറത്തു കടന്നപ്പോഴാണ് മനസ്സിലായത് ഇനി തീയേറ്ററിനകത്തേക്കു പോകാൻ പറ്റില്ല
എന്ന്. ടിക്കറ്റ് വില്പന കഴിഞ്ഞ കാരണം മുന്നിലെ ഗേറ്റ് അടച്ചിരിക്കുന്നു എന്ന് എനിക്ക്
മനസ്സിലായത്. വേണു ഏട്ടൻ ഞങ്ങൾക്ക് ശരിക്കുള്ള ടിക്കറ്റ് എടുക്കേണ്ട കൗണ്ടറിൽ നിന്നു
ടിക്കറ്റ് എടുത്ത് അകത്തു കയറി. ടിക്കറ്റില്ലാത്ത കാരണം എനിക്കൊട്ടു അകത്തു കടക്കാനും
പറ്റില്ല. എങ്ങിനെ പോകണം എവിടെ പോകണം എന്നറിയാതെ ഞാൻ പേടിച്ചു വിഷമത്തിലായി. അവിടെ
ആരും ആരെയും നോക്കുന്നുപോലുമില്ലായിരുന്നു. ഇനിയിപ്പോൾ ഞാൻ എന്ത് ചെയ്യും എന്ന് ധർമ്മ
സങ്കടത്തിലായി. രാത്രി ഒമ്പതരക്കാണ് ഷോ, അപ്പോൾ സമയം ഒമ്പതേകാൽ ആയിക്കാണും. ഞാൻ റോഡിലേക്കു
നോക്കി, വല്ലപ്പോഴും ഓരോ ഓട്ടോ റിക്ഷ്വ പോകുന്നുണ്ട്. തീയേറ്ററിനടുത്ത എല്ലാ കടകളും
ഷട്ടർ അടഞ്ഞിരിക്കുന്നത്, തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു. വലതു വശത്തേക്ക്
നോക്കിയപ്പോൾ തീയേറ്ററിനോട് ചേർന്നു ഒരു ചെറിയ കട മാത്രം തുറന്നിട്ടുണ്ട്. അത് ബീഡി,
സിഗരറ്റ്, സോഡാ, സര്ബത് മാത്രം വിൽക്കുന്ന കട ആയിരുന്നു. അത് തീയേറ്ററിനും അടുത്ത കെട്ടിടത്തിന്റെയും
ഇടുക്കിലുള്ള പെട്ടികട ആയിരുന്നു. അവരും പൂട്ടി പോകാനുള്ള ഒരുക്കത്തിലായിരിന്നു. എനിക്ക്
എന്ത് ചെയ്യണമെന്നറിയാതെ കരച്ചിലും സങ്കടവും മായി ആ കടയുടെ മുന്നിലേക്ക് മെല്ലെ ചെന്ന്
കരഞ്ഞോണ്ട് നിന്നു. അവിടെ രണ്ടു പേർ ചെറിയ സ്റ്റൂളിൽ ഇരിക്കുന്നുണ്ടായിരുന്നു. അവർ
ഈ കടക്കാരൻ അടക്കാൻ വേണ്ടി കാത്ത് നിൽക്കുന്നവരായിരുന്നു എന്ന് തോനുന്നു. സെക്കന്റ്
ഷോ ടിക്കറ്റ് കൊടുത്തു കഴിഞ്ഞാൽ അവരുടെ അന്നത്തെ കച്ചവടം കഴിയുമായിരിന്നു. ഞാൻ കരഞ്ഞു
കൊണ്ട് ചെല്ലുന്നതു കണ്ടിട്ട് സ്റ്റൂളിൽ ഇരിക്കുന്നയാൾ ചോദിച്ചു.
“എന്ത് പറ്റി
മോനെ.”
അയാൾക്
കണ്ടാൽ ഏകദേശം നാല്പതിനും അമ്പതിനും ഇടയിൽ പ്രായം വരും. കണ്ടാൽ തൃശൂർ തന്നെ ഉള്ള ആളാണെന്നു
തോന്നി എനിക്ക്. കക്ഷത്തു ഒരു ചെറിയ ബാഗും ഉണ്ടായിരുന്നു. കണ്ടാൽ ഒരു ദയ ദാക്ഷ്യണ്യം
ഉള്ള ആളാണെന്നു തോന്നി.
ഞാൻ കരഞ്ഞോണ്ട് പറഞ്ഞു: “ഞാനും വേണു ഏട്ടനും കൂടി
സിനിമക്കു വന്നതാണ്.”
പിന്നീട് എനിക്കൊന്നും പറയാൻ പറ്റാതെ കരയുക മാത്രം
ചെയ്തു നിന്നു.
അപ്പോഴേക്കും അയ്യാൾ ചോദിച്ചു.
“കരയാതെ
കാര്യം എന്താണ് പറയു.”
അപ്പോഴേക്കും അദ്ദേഹം കടയുടെ അകത്തേക്ക് നോക്കി പറഞ്ഞു.
“ടാ ജോസേ
നീ ഒരു സർബത്ത് എടുത്തെടാ.”
ഞാനാകെ വിയർത്തു അവശനായി കണ്ടത് കൊണ്ടാകാം എനിക്ക്
സർബത് എടുക്കാൻ പറഞ്ഞത്.
“മോൻ കരയാതിരിക്കു. എന്താ നിന്റെ പേര്?”
“ദാസൻ”
“നിന്റെ വീടെവിടെയാണ്?”
“ഞാൻ ഇപ്പോ ഇങ്ങട് വന്നത് കോലഴിന്നാണ്, അവിടെ എന്റെ
മാമന്റെ വീട്ടീന്ന്.”
“അപ്പോ നിന്റെ വീട് എവിട്യ ശരിക്കും?”
“എന്റെ വീട് ആളൂർ ആണ്.”
“കല്ലേറ്റുംകര ആളൂർ ആണോ?”
“അല്ല കേച്ചേരി അടുത്തുള്ള ആളൂർ ആണ്”
“ഓ മറ്റത്തു പോണ വഴിയിലുള്ളതാണല്ലേ!”
“അതെന്നെ, സിനിമ കാണാൻ വേണു ഏട്ടനായിട്ടു വന്നതാണ്.”
“എന്നിട്ടു വേണു ഏട്ടൻ എവിടെ?”
“ഞങ്ങള് ടിക്കറ്റ്എടുക്കാൻ ഒരു വരിയിൽ നിന്നതാണ്
തള്ള് വന്നപ്പോൾ ഞങ്ങൾ രണ്ടാളും രണ്ടു വരിയിലായി പോയി.”
“അപ്പോ നിനക്ക് ടിക്കറ്റ് എടുത്തിട്ടു കേറാമായിരുന്നല്ലോ!”
“പൈസ വേണു ഏട്ടന്റെ കൈയിലായിരുന്നു. വേണു ഏട്ടൻ ടിക്കറ്റ്
എടുത്ത് അകത്തു പോയി എനിക്കൊട്ടു അകത്തു കടക്കാനും പറ്റിയില്ല.”
“ഇനി എന്താപ്പോ ചെയ്യാ?”
(ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു) “എനിക്ക് വീട്ടി പോയ
മതി.”
‘‘ഇനിയിപ്പോൾ ബസ്സും ഇല്ലല്ലോ മോനെ നിന്നെ കേറ്റി
വിടാം എന്ന് വെച്ചാൽ.”
ഇതെല്ലം കേട്ട് തൊട്ടടുത്തിരുന്ന ഇദ്ദേഹത്തിന്റെ
സ്നേഹിതനാണെന്നു തോനുന്നു. അയാൾ: “ഈ ചെക്കനെ ഇവിടെ വിട്ടിട്ടു പോയാൽ ശരിയാവില്ലല്ലോ.”
സ്നേഹിതനെന്നു തോന്നുന്നയാൾ ചോദിച്ചു.
‘നിന്റെ
മാമന്റെ പേരെന്താണ്’?
“സുധാകരൻ”
“എന്താ വീട്ടു പേര്?”
“മലപ്പുറത്ത്”
സ്നേഹിതൻ: “അവിടെ എത്തിയാൽ നിനക്ക് വഴി അറിയുമോ?
നിന്നെ ഒരു ഓട്ടോയിൽ കേറ്റി വിട്ടാൽ.”
“കോലഴി സെന്റർ എത്തിയാൽ എനിക്കറിയാം.”
“ഓ വീട്ടിലെത്താനും വഴിയറിയില്ല അല്ലെ?”
അപ്പോൾ ആദ്യം സംസാരിച്ചയാൾ: “ടാ ജോസേ ഇവനെ ഓട്ടോയിൽ
കേറ്റി വിട്ടാലോ!”
അപ്പോൾ കടയുടെ അകത്തു നിന്നു: “മത്തായി ചേട്ടാ അത്
വേണോ? അത് ചെലപ്പം പണി കിട്ടുംട്ടാ. ഒരു കാര്യം ചെയ്യൂ മത്തായി ചേട്ടാ, ചേട്ടൻ ഇവനെ
ഒരു ഓട്ടോ പിടിച്ചു കൊണ്ടാക്കി വാ അപ്പോഴേക്കും എന്റെ പണി കഴിഞ്ഞു കട അടച്ചു ഞാനിവിടെ
നിൽകാം. തന്നെയുമല്ല ഓട്ടോക്ക് അത്യാവശ്യം പൈസ ആകും അത് അവന്റെ മാമന്റെ കൈയിൽ നിന്നു
വാങ്ങിച്ചു പോരുകയും ചെയ്യാം അല്ലെങ്കിൽ ഇമ്മടെ കയ്യിന്നു പോകുംട്ടാ.”
മത്തായി ചേട്ടൻ: “അതൊന്നും കാര്യാക്കണ്ടടാ, ഈ പയ്യനെ
കണ്ടിട്ടു നല്ല വീട്ടിലെ ആണെന്ന് തോനുന്നു. ‘അവര് മാന്യത കാണിക്കൂലോ നമ്മൾ പറയാതെ തന്നെ.
തന്നെയുമല്ല ഇവനെ അവിടെ സേഫ് ആയി എത്തിക്കുകയും ചെയ്യാമല്ലോ.” “ഈ രാത്രിയിൽ ഒറ്റക്
ഇവനെ വിടേണ്ട. ഇന്ന നീയും വാടാ ആന്റോ’ എന്ന് പറഞ്ഞു മത്തായി ചേട്ടന്റെ സ്നേഹിതനെ നോക്കി
പറഞ്ഞു. എന്നാൽ
മത്തായി ചേട്ടന്റെ സ്നേഹിതൻ: “ശരി ഓട്ടോ വിളിക്ക്.”
അപ്പോൾ എനിക്ക് സമാധാനമായി എന്റെ കരച്ചിലൊക്കെ മാറി.
ഇതിനിടയിൽ ജോസേട്ടൻ എനിക്ക് സർബത്തു തന്നു അത് കുടിച്ചപ്പോൾ എന്റെ തൊണ്ട വരൾച്ചയും
വരിയിൽ നിന്നു കിട്ടിയ ഇടിയും തള്ളലിന്റെയും ക്ഷീണത്തിനു ഒരു ആശ്വാസമായി. രാത്രി ആയ
കാരണം ഓട്ടോ കുറവായിരുന്നു. അഞ്ചു മിനിട്ടോളം കാത്തു നിന്നപ്പോൾ ഒരു ഓട്ടോ വന്നു. മത്തായിച്ചേട്ടൻ
ഓട്ടോക്ക് കൈ കാണിച്ചു നിർത്തി.
മത്തായി ചേട്ടൻ: “കോലഴി പോകണം.”
ഓട്ടോ ഡ്രൈവർ: “കോലഴിയോ?”
“അതെ”
അന്ന്
കാലത്തു ഇത്ര ദൂരേക്കു ഓട്ടോ വിളിക്കുന്നത് പതിവില്ലായിരുന്നു. വളരെ അപൂർവമായി വിളിക്കാറുള്ളു.
അതുകൊണ്ടാണ് ഓട്ടോക്കാരൻ അങ്ങിനെ ചോദിച്ചത്. ഓട്ടോക്കാരൻ അങ്ങോട്ടു ചോദിക്കാതെ തന്നെ
നൂറു രൂപയാകും എന്ന് പറഞ്ഞു. അന്ന് കാലത്തു ഇന്നത്തെ പോലെ മീറ്റർ ചാർജ് ഈടാക്കുന്ന
പാതിവല്ലല്ലോ. ചാർജ് ഉണ്ടെങ്കിലും അതൊന്നും ആരും പാലിക്കാറില്ലല്ലോ. അതുകൊണ്ട് അറിയുന്നവർ
ആദ്യം ചാർജ് പറഞ്ഞു ഉറപ്പിച്ചതിനു ശേഷമേ വണ്ടിയിൽ കയറുകയുള്ളു. അന്ന് കാലത്തു നൂറ്
രൂപക ഓടുക എന്ന് വെച്ചാൽ വലിയ തുകയാണ്.
മത്തായി ചേട്ടൻ: “അത് വളരെ കൂടിപ്പോയല്ലോ.”
ഓട്ടോ ഡ്രൈവർ: “രാത്രിയല്ലേ ചേട്ടാ ഞാൻ ഇങ്ങോട്ടു
ആളില്ലാതെ തിരിച്ചു വരും വേണമല്ലോ.”
മത്തായി ചേട്ടൻ: “ആരുപറഞ്ഞു താൻ ഒറ്റക്കാണ് തിരിച്ചു
വരുന്നതെന്ന്. ദേ നോക്ക് ഞങ്ങള് ഈ ടൗണിനൽ തന്നെ ഉള്ളവര് തന്നെയാണ്. ഈ പയ്യനെ വഴി അറിയാതെ
ഇവിടെ വന്നു പെട്ടു അവനെ വീട്ടിൽ കൊണ്ടാക്കാനാണ്.”
ഓട്ടോ ഡ്രൈവർ: “ഓ അങ്ങിനെയാണോ. ചേട്ടാ ചേട്ടനെവിടെയാണ്
തിരിച്ചു വന്നിറങ്ങേണ്ടത്.”
“ഞങളെ ഇവിടെ തന്നെ കൊണ്ട് വിട്ടാൽ മതി, അല്ലെങ്കിൽ
വേണ്ട തിരിച്ചു വന്നു ജോസിനെയും കൂടി അരനാട്ടുകരയിൽ കൊണ്ടാക്കി തരണം.”
“ഏഴുവത്തഞ്ചു വേണം.”
“എന്തെങ്കിലും ഒന്നുകൂടി കുറേക്കട ഗഡി.”
“ശരി ലാസ്റ്റായിട്ട് അറുപത്താണെങ്കിൽ വരം.”
“അറുപതെങ്കിൽ അറുപത്. പോകാം”
എന്ന് പറഞ്ഞു ഓട്ടോയിൽ എന്നോട് കയറാൻ പറഞ്ഞു. ഞാൻ
കയറി, പിന്നെ മത്തായി ചേട്ടനും ആന്റോ ചേട്ടനും കയറി. വണ്ടി നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ
വീണ്ടും മെല്ലെ കരയാൻ തുടങ്ങിയപ്പോൾ.
മത്തായി ചേട്ടൻ: “നിനക്കു സിനിമ കാണാൻ പറ്റാത്ത വിഷമാണോ ടാ?”
"അല്ല"
“പിന്നെ?”
“എനിക്ക് പേടിയാകുന്നു.”
“എന്തിനു, ഞങ്ങളില്ലെ കൂടെ!”
“അതല്ല.”
“പിന്നെന്താണാട കുട്ട്യേ.”
“വീട്ടിൽ ചെന്നാൽ മാമെന്റെ അടി പേടിച്ചാണ്’.
“അതെന്തിനാണ് അടിക്കണേ.”
“ഞങ്ങൾ വീട്ടിൽ പറയാതെയാണ് പോന്നത്.”
“അത് നിന്നെ കണ്ടപ്പഴേ ഞങ്ങൾക്ക് മനസ്സിലായി. അതുകൊണ്ടാണല്ലോ
ഞങ്ങൾ തന്നെ കൂടെ വന്നത്. ഞാൻ മാമനോട് പറയാം കുട്ടിയെ തല്ലേണ്ടാന്ന്.”
എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അതിനിടയിൽ ആന്റോ ചേട്ടൻ
ചോദിച്ചു.
“നീ എത്രെലാണ്ട
പഠിക്കണ്?”
“ആറിലാണ്.”
ആന്റോ ചേട്ടൻ: “നീ ആറിലായിട്ടൊള്ളു അപ്പോഴേക്കും
നീ സെക്കന്റ് ഷോക്ക് ചാടിപ്പോന്നു കാണാൻ തുടങ്ങിയോ?”
“അല്ല ചേട്ടാ കോലഴിയിൽ നാടക മത്സരം നടക്കുന്നത് കാണാൻ
ഞങ്ങളെ വിട്ടതാണ്. അവിടെ നിന്നാണ് ഞങ്ങൾ പോന്നത്.”
“എന്തായാലും ഇപ്പോ കണ്ടില്ലേ, ഞങ്ങള് കണ്ടതു കാരണം
നന്നായി, അല്ലെങ്കിൽ എന്താവുമെന്നറിയാമായിരുന്നോ?”
അന്നുകാലത്തും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ
ഉണ്ടായിരുന്നു എന്നുള്ള ധ്വനി ആയിരുന്നു ആന്റോ ചേട്ടന്റെ വാക്കിൽ.
ഇതിനിടയിൽ ഗിരിജ തിയേറ്റർ കഴിഞ്ഞു വിയ്‌യൂർ പാലം
കടന്നിരുന്നു ഓട്ടോറിക്ഷ.
ഇതൊക്കെ പറഞ്ഞവർ എന്നെ സമാധാനിപ്പിച്ചെങ്കിലും. എന്റെ
മനസ്സിൽ മാമന്റെ ദേഷ്യപ്പെട്ടു വിറച്ചു നിൽക്കുന്ന രൂപം ഇടക്കിടെ തെളിഞ്ഞു വരികയാണ്.
ഇവർ പറയുന്നതൊന്നും മാമന്റെ ചെവിയിൽ പോകില്ല. മറ്റു ആളുകൾ ഉണ്ടോ എന്നൊന്നും നോക്കില്ല
കുട്ടികളെ ശിക്ഷിക്കുന്നതിൽ. മാമനാണെങ്കിൽ ഒരു അഞ്ചു അഞ്ചര അടി ഉയരവും അതിനു തക്ക വണ്ണവും
നല്ല അരരോഗ്യവാനുമായിരിന്നു. ഞാൻ കേട്ടിട്ടുണ്ട്, മാമന് ബോംബയിൽ (അന്ന് ബോംബെ എന്നാണല്ലോ,
ഇന്നത്തെ മുമ്പായിയെ വിളിച്ചിരുന്നത്) ലോറിയുടെയും ബസ്സിന്റെയും ഗാരേജ് ആയിരുന്നു.
ഇപ്പോൾ കുറച്ചു വര്ഷങ്ങളായി നാട്ടിൽ തന്നെ
രണ്ടു ലോറിയും പാടം പൂട്ടുന്ന രണ്ടു ട്രാക്ടറുമായി കഴിഞ്ഞു കൂടിവരികയാണ്. അതിന്റെയെല്ലാം
കേടുപാടുകൾ വന്നാൽ മാമൻ തന്നെ ശരിയാക്കുമായിരുന്നു കൂടെ അതിന്റെ ജോലിക്കാരെയും കൂട്ടി.
മാമൻ നല്ലവണ്ണം അധ്വാനിക്കുന്നവനായിരുന്നു.
അതുകൊണ്ടു മാമന്റെ രോമാവൃതമായ കൈത്തണ്ടകൾ നല്ല വണ്ണമുള്ളതും ഉരുക്കു പോലെ ഉറച്ചതുമായിരുന്നു.
ആ കൈകൾ കൊണ്ട് ഒരു അടി കിട്ടിയാൽ ചുരുങ്ങിത് ഒരു കറക്കം കറങ്ങിയേ വീഴു. അല്ലെങ്കിൽ
കൈയിൽ എന്ത് തരം വടി കിട്ടിയാലും അതുകൊണ്ട്, മാമെന്റെ മക്കളായ സുരേഷിനെയും ആനന്ദനെയും
അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അടി കിട്ടിയാലും അവർ രണ്ടു പേരും ഇടക്കിടെ മാമെന്റെ
ഒരു മിലിറ്ററി എൻഫീൽഡ് ബുള്ളറ് മോട്ടോർ ബൈക്ക് ഉള്ളത്, രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞാൽ
റോഡ് വരെ തള്ളി കൊണ്ട് പോയി അവിടെന്നു ഓടിക്കും, തിരിച്ചും അതുപോലെ തള്ളി കൊണ്ട് വന്നു
വീട്ടിലെ കാർ ഷെഡിൽ വെക്കും. പിന്നെ മാമനില്ലാത്ത നേരത്തു ട്രാക്ടർ ഓടിക്കുക. ഇതൊക്കെയാണ്
അവരുടെ കുരുത്തക്കേടുകൾ. ചിലപ്പോഴെല്ലാം പിടിക്കപ്പെടുകയും നല്ല ശിക്ഷകൾ ലഭിക്കുറുണ്ട്.
ഇത്തരത്തിലുള്ള രംഗങ്ങൾ എന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കയായിരുന്നു.
അതുകാരണം ഇടക്കിടക്ക് മനസ്സിൽ ഒരു തിങ്ങ ലും, ദീർഘശ്വാസവും വന്നുകൊണ്ടിരുന്നു.
മത്തായി ചേട്ടൻ: “എത്തിയെന്നു തോന്നുന്നു.”
അപ്പോൾ ഞാൻ പുറത്തേക്കു നോക്കി, രാത്രിയിലെ ചെറിയ
തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു പൂവണി അമ്പലത്തിൻറെ അടുത്ത് എത്തിയിരിക്കുന്നു.
ഞാൻ: “ഇല്ല ഇനീം കുറച്ചുകൂടി പോയാലെ കോലഴി സെന്റർ
എത്തു. അവിടെന്നു കുറച്ചു കൂടി പോയാൽ ഇടത്തോട്ടു ഒരു റോഡ് പൊട്ടോർക് പോകുന്നുണ്ട് അതിലൂടെ
പോകണം.”
ഓട്ടോക്കാരൻ: “ആ അത് ഇമ്മടെ കൈതച്ചാൽ റോഡല്ലേ.”
അപ്പോഴാണ്
എന്നിക്കു റോഡിൻറെ പേര് ഓർമ്മ വന്നത്. പേടിയും വിഷമവും എല്ലാംകൂടി വന്നപ്പോൾ ഓർമയിൽ
വന്നില്ല ആ പേര്. ഓട്ടോ അപ്പോഴേക്കും കൈതച്ചാൽ റോഡിലേക്കു തിരിഞ്ഞിരുന്നു. എനിക്കപ്പോൾ
മനസ്സിന് ചെറിയ ഒരു ആശ്വാസം വന്നപോലെ. വീടിന്റെ അടുത്ത എത്താറായതിന്റെ ആകാം. പക്ഷെ
നെഞ്ചിനകത്ത് പേടികൊണ്ടു പെടക്കുന്നുണ്ട്, ശരീരം അകെ വിറക്കുകയും, കൈ കാലുകൾ തളരുന്നത്
പോലെ. എന്റെ വിറ കണ്ടിട്ടാകാം.
മത്തായി ചേട്ടൻ: “മോനെ നീ പേടിക്കാണ്ടിരിക്കട, ഞങ്ങള്
പറയാം.”
എന്റെ മനസ്സിൽ വന്നത് അതല്ല അവരുള്ളപ്പോൾ ഒന്നും
ചെയ്തില്ലെങ്കിലും അവർ പോയാൽ തരേണ്ടത് മാമന് എനിക്ക് താരാമല്ലോ.
ഓട്ടോ ഡ്രൈവർ: “ഇനി എങ്ങോട്ടാണ്.”
അപ്പോഴാണ് ഞാൻ പുറത്തേക്കു നോക്കിയത്. ഓട്ടോ ഒരു
റോഡ് തിരിവിന്റെ മുന്നിലെത്തി നേരെയും ഒരു റോഡ് പോകുന്നുണ്ട്.
ഞാൻ: “ഇടത്തോട്ടു തിരിഞ്ഞു രണ്ടു വീട് കഴിഞ്ഞാൽ വലത്തോട്ടു
ഒരു ചെറിയ വഴിയുണ്ട് അത് മാമന്റെ വീട്ടിലേക്കുള്ള വഴിയാണ്.”
അത് കഷ്ടിച്ചു
ഒരു കാർ പോകാനുള്ള മണ്ണിട്ട വഴിയാണ്. മാമെന്റെ ജീപ്പ് വീട്ടിലെ മുറ്റത്തു കൊണ്ട് വരൻ
വേണ്ടി മാമൻ നാട്ടിൽ വന്നു സ്ഥിര താമസമാക്കിയപ്പോൾ സ്ഥലം പൈസ കൊടുത്തുവാങ്ങിച്ചുണ്ടാക്കിയ
വഴിയാണ്. അതിനു മുന്നേ ഒരു കാളവണ്ടി കഷ്ടിച്ച് പോകുന്ന വഴി ആയിരുന്നു. ഓട്ടോ മാമെന്റെ
വീടിന്റെ മുറ്റത്തു ചെന്ന് നിന്നു മൂന്ന് നാല് മിനിറ്റു കഴിഞ്ഞപ്പോൾ ഉമ്മറത്തു ലൈറ്റ്
കത്തി. ഓട്ടോയുടെ ശബ്‌ദം കേട്ടിട്ടാകാം. പതിവില്ലാതെ ഓട്ടോ അതും രാത്രി അസ്സമയത്ത്
(സമയം ഏകദേശം പത്തര ആയിക്കാണും, അന്നൊക്കെ ഗ്രാമങ്ങളിൽ രാത്രി പത്തര അസമയമാണല്ലോ) വാതിൽ
തുറന്നു ആദ്യം പുറത്തേക്കു വന്നത് അമ്മാമ ആയിരുന്നു. ഇരുട്ടത്തു പരിചയമില്ലാത്ത ആളുകളെ
കണ്ടപ്പോൾ അമ്മാമ കരുതി മാമനെ കാണാൻ മാമന്റെ കൂട്ടുകാര്കും എന്നുകരുതി അകത്തേക്ക് തിരിയാൻ
തുടങ്ങിയപ്പോൾ.
മത്തായി ചേട്ടൻ ഒന്ന് ഉറപ്പിക്കാനെന്നോണം ചോദിച്ചു.
“സുധാകരൻറെ വീടല്ലേ?” അമ്മാമ: “അതെ ഞാനിപ്പോൾ
സുധാകരനെ വിളിക്കാം."
എന്ന് പറഞ്ഞു അകത്തേക്ക് പോയി.
ഞാൻ മത്തായി ചേട്ടന്റെ പുറകിലായി നില്കുന്നത് കാരണം
അമ്മാമ എന്നെ കണ്ടില്ല അല്ലെങ്കിൽ ചോദിക്കുമായിരുന്നു. അല്പസമയത്തിനു ശേഷം മാമൻ വന്നു.
വെള്ളയിമേൽ കള്ളിയുള്ള ഒരു ലുങ്കി മുണ്ടാണ് ഉടുത്തിരുന്നത് പിന്നെ ഒരു കൈയുള്ള വെള്ള
ബനിയനും അതാണ് മാമന്റെ വീട്ടിലെ സാധാരണ വേഷം. മത്തായി ചേട്ടനും ആന്റോ ചേട്ടനും വീടിന്റെ
ചവിട്ടു പടിയിൽ നിൽക്കുകയാണ്. അവരുടെ പിന്നിൽ മാമന് കാണാത്ത രീതിയിൽ ഞാൻ നില്കുന്നുണ്ടായിരുന്നു.
മാമൻ: “ആരാ”
മത്തായി ചേട്ടൻ: “ഞങ്ങള് ടൗണിനു വരികയാണ് ഞാൻ മത്തായി,
ഇത് ആന്റോ.
ഞങ്ങള് ഒരാളെ ഇവിടെ കൊണ്ട് വന്നാക്കാൻ വന്നതാണ്.”
മാമൻ: (അത്ഭുതത്തോടെ നോക്കികൊണ്ട്) “വരൂ കയറിയിരിക്കു,
ആളെവിടെ.”
“ഇല്ല ഞങ്ങള്
ഇരിക്കുന്നില്ല.”
“എന്നാലും ഒന്ന് ഇരുന്നു എന്താ കാര്യം എന്ന് പറഞ്ഞിട്ടു
പോകാം.”
മത്തായി ചേട്ടനും ആന്റോ ചേട്ടനും ഉമ്മറത്ത് കയറി
കസേരയിൽ ഇരിക്കാൻ നിന്നപ്പോൾ മാമൻ എന്നെ കണ്ടു. ഞാനപ്പോഴും മത്തായി ചേട്ടന്റെ പുറകിലായി
നിൽക്കുകയാണ്. മത്തായി ചേട്ടൻ എന്റെ രക്ഷകൻ എന്നുള്ള മട്ടിൽ.
മാമൻ: “ഇവനെ എവിടുന്നു കിട്ടി അത്ഭുതത്തോടുകൂടി,
ഇവനും വേണുവും കൂടി നാടകം കാണാൻ പോയതല്ലേ!”
മത്തായി ചേട്ടൻ: “എല്ലാം പറയാം, അതിനു മുൻപ് എനിക്ക്
പറയാനുള്ളത് നിങ്ങൾ കുട്ടിയെ ഉപദ്രവിക്കരുത്. ഞങ്ങൾ കട പൂട്ടി വീട്ടിൽ പോകാൻ രാഗത്തിന്റെ
മുമ്പിലുള്ള ജോസിന്റെ കടയിലേക്ക് വന്ന നേരത്തു ഇവൻ ജോസിന്റെ കടയുടെ മുന്നിൽ വന്നു കരയുന്നത്
കണ്ടു. ഇവനും വേണുവും കൂടി രാഗത്തിൽ സിനിമക്കു വന്നതാണ്. പക്ഷെ ഇവനെ ടിക്കറ്റ് കിട്ടിയുമില്ല,
ഇവന്റെ കൂടെ വന്ന വേണു അകത്തുപെട്ടു പോകുകയും ചെയ്തു. ഇവന്റെ കൈയിൽ പൈസയും ഇല്ല വരാനൊട്ടു
വഴിയറിയാതെ നിന്ന് കരയുകയായിരുന്നു. ഞങ്ങൾക്ക് പാവം തോന്നി ചോദിച്ചറിഞ്ഞപ്പോൾ, കൊണ്ട്
വന്നാക്കാം എന്ന് കരുതി. ഇത് പറഞ്ഞു തീർന്നതും മാമൻ ദേഷ്യം വന്നു എന്റെ അടുത്തേക്ക്
നടന്നടുക്കുന്നത് കണ്ടു. ഞാൻ ദൈവമേ എന്ന് വിചാരിച്ചു കണ്ണടച്ചു നിന്നു. ഇപ്പോൾ അടിവീഴും
എന്ന് കരുതി. അത് ഒരു പന്തിയല്ലാത്ത വരവാണെന്നു മനസ്സിലായി, മത്തായി ചേട്ടൻ പറഞ്ഞു.
“കുട്ടി ഇപ്പോൾ തന്നെ പേടിച്ചു വിഷമിച്ചിരിക്കാണ്
അതിനെ തല്ലേണ്ട.”
എന്തോ ഭാഗ്യം എന്ന് പറയട്ടെ, നീട്ടി പിടിച്ചു വന്ന
കൈ താഴെയിട്ടു അടുത്തുള്ള കസേരയിൽ ഇരുന്നു. അതിനിടെയിൽ എന്നെ ഒരു നോട്ടം നോക്കി എല്ലാം
ഉരുകി പോകുന്ന പോലെ ആയിരുന്നു. അതുമല്ല നിന്നെ ഞാൻ ശരിയാക്കി തരുന്നുണ്ട് ഇവർ പോകട്ടെ
എന്നുള്ള മട്ടിൽ. അതോടെ എന്നിൽ നിന്നു ശ്രദ്ധ മാറി മാമൻ മത്തായി ചേട്ടനോട് കാര്യങ്ങൾ
വിശദമായി തിരക്കി. എല്ലാം വിശദമായി മത്തായി ചേട്ടൻ മാമനെ ധരിപ്പിച്ചു.
മത്തായിച്ചേട്ടൻ: “എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ’ എന്ന്
പറഞ്ഞു.”
മാമൻ: “ഈ അസമയം ആയ കാരണം എന്തെങ്കിലും കുടിക്കാൻ
ചോദിക്കാഞ്ഞത്.”
“ഓ അതൊന്നും വേണ്ട.”
“നിങ്ങൾക് വലിയൊരു ബുദ്ധിമുട്ടായിലെ.”
“ഓ അത് സാരല്യ.”
“നില്ക്കു”
എന്ന് പറഞ്ഞു മാമൻ അകത്തു പോയി, കുറച്ചു സമയം കഴിഞ്ഞു
മാമൻ
വന്നു കൊണ്ട് ചോദിച്ചു
“എത്ര ഓട്ടോറിക്ഷക്ക് ചാർജ്?”
മത്തായി ചേട്ടൻ ഒരു മടിയുമില്ലാതെ: “അറുപത് രൂപ.”
മാമൻ പൈസ എണ്ണി കൊടുത്തിട്ടു പറഞ്ഞു.
“എങ്ങിന
നന്ദി പറയേണ്ടതറിയില്ല. ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല.”
എന്നിട്ടു മാമൻ അവരുടെ വീടെവിടെയാണെന്നും കച്ചവടം
എന്താണെന്നും വിശദമായി ചോദിച്ചറിയുകയും ചെയ്തു.
മത്തായിച്ചേട്ടൻ: “എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.”
എന്ന് പറഞ്ഞവർ ഓട്ടോയിൽ കയറിയതും ഞാൻ അകത്തേക്കോടി.
ഞാൻ മാമെന്റെ വീട്ടിൽ വന്നാൽ കിടക്കുന്ന കോണിയുടെ ചോട്ടിലൂട പോയിയുള്ള റൂമിൽ വേഗം പോയി
കിടന്നു. മാമൻ എന്റെ അടുത്തേയ്ക്ക് വരുന്നുണ്ടോ എന്ന് ഞാൻ കാലൊച്ച ശ്രദ്ധിച്ചു കിടന്നു.
ഇല്ല വരുന്നില്ല. അപ്പോഴേക്കും മാമന്റെ അരിശം ഒരു വിധം മാറിയിരിക്കണം. അതുകൊണ്ടാകാം
എന്റെ അടുത്തേക്ക് വരാതെ പോയത്. മാമൻ കോണിപ്പടി കയറി തട്ടിന്പുറത്തുള്ള മാമെന്റെ റൂമിലേക്ക്
പോകുന്ന
ശബ്‌ദം കേട്ടപ്പോൾ ആശ്വാസമായി. നല്ല ക്ഷീണം ഉണ്ടായിരുന്നത്കൊണ്ട്
ഞാൻ അധികം താമസിയാതെ ഉറങ്ങിപ്പോയി.
പിറ്റേന്ന് നേരം വെളുത്ത് എഴുനേൽക്കാൻ വൈകി. എഴുനേറ്റു
വന്നു പല്ലു തേക്കാനായി അടുക്കള ഭാഗത്തെ ഉമ്മറത്തെ ഉത്തരത്തിൽ കെട്ടിതൂക്കിയ ഉമിക്കരി
ഇട്ടുവെക്കുന്ന മരത്തിന്റെ പാത്രത്തിൽ നിന്നു ഉമിക്കരി എടുക്കുമ്പോൾ അമ്മാമ പിന്നിൽ
വന്നു നിന്നു ചോദിച്ചു.
“നീയെന്തായാലും
രക്ഷപെട്ടു മാമെന്റെ അടിയിൽനിന്നു. നീ വേണുനെ പോയി നോക്ക്.”
അതും പറഞ്ഞു അമ്മാമ പോയി. രാത്രിയിൽ ഉണ്ടായതെല്ലാം
അകത്തിരുന്നു കേട്ടിരുന്നു അമ്മാമ. വേഗം പല്ലു തേച്ചു കിഴക്കേലെക് ഓടി. ഞങ്ങൾ അമ്മയുടെ
പാപ്പന്റെ വീടിനെ കിഴക്കല് എന്നാണ് പറയാറ്. കാരണം മാമന്റെ വീടിന്റെ മുൻഭാഗത് കിഴക്കു
ഭാഗത്തായി ആയിരുന്നത് കൊണ്ട്. ഞാൻ അവിടെ ചെല്ലുമ്പോൾ അവിടെ അടുക്കളയുടെ ഭാഗത്തെ ഉമ്മറത്തിരുന്നു
വേണു ഏട്ടൻ തേങ്ങി കരയുന്നുണ്ടായിരുന്നു. വേണു ഏട്ടന്റെ കാലിലും കൈയിലും നല്ല നീളത്തിൽ
പാടുകൾ ഉണ്ടായിരിന്നു. അടിയുടെ കിട്ടിയതിന്റെ അടയാളങ്ങൾ കണ്ടിട്ടു എനിക്ക് സിനിമ കാണാൻ
പറ്റാത്തതിനെക്കാളും വല്ലാതെ വിഷമം വന്നു. അവിടത്തെ വലിയ മാമ്മൻ ഒട്ടും പിറകില്ലായിരുന്നു
അടിയുടെ കാര്യത്തിൽ എന്ന് മനസ്സിലായി. എനിക്കൊന്നും വേണു ഏട്ടനോട് പറയാൻ കഴിഞ്ഞില്ല.
അപ്പോൾ വേണു ഏട്ടൻ ഇരിക്കുന്നിടത്തേക്ക് വേണു ഏട്ടന്റെ
അമ്മാമ വന്നു.
എന്നോട് ചോദിച്ചു.
‘മോനെ ദാസാ നിനക്കൊന്നും കിട്ടിയില്ലേ. ഇവനെ ഇങ്ങിനെ
തന്നെ വേണം കാരണം കൂട്ടികൊണ്ടുപോയിട്ടു, ഒറ്റയ്ക്ക് വിട്ടിട്ടു പൊന്നില്ലേ!”
വേണു ഏട്ടന്റെ
അമ്മാമക്ക് അറിയില്ലല്ലോ എന്താ സംഭവിച്ചതെന്ന്. ഞാനൊട്ടു വിശദീകരിച്ചു പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.
മൊമദ്: “ദാസേട്ടാ ഇനി എങ്ങോട്ടാ.”
എന്ന് ചോദിച്ചപ്പോഴാണ് കാർ കാളത്തോട് എത്തിയെന്നു
മനസ്സിലായത്.
“ആ പള്ളി കഴിഞ്ഞു വലത്തോട്ടു തിരിഞ്ഞോ.”
കാർ വലത്തോട്ടു തിരിഞ്ഞതിനു ശേഷം.
മൊമദ്: “ഇനി വീടേതാണെന്നു പറയണം ട്ടാ.”
“ഒരു കിലോമീറ്റർ പോയാൽ ഒരു വളവു വരും അത് കഴിഞ്ഞാൽ
ഇടതു വശത്തെ മൂന്നാമത്തെ വീടാണ്.”
കാർ വളവു തിരിഞ്ഞു അവിടെ എത്തി ഞാനും സുലഭയും ഇറങ്ങി
ഗെയിറ്റ് തുറന്നു അകത്തു കടന്നു വീട്ടിലേക്കു കയറുന്ന ചവിട്ടു പടിയോടു ചേര്ന്ന തൂണിലെ
കോളിംഗ് ബെൽ അമർത്തുമ്പോഴേക്കും ഒരു നായയുടെ കുര കേട്ടു ഞങ്ങൾ രണ്ടുപേരും ഞെട്ടി തിരിഞ്ഞു
നോക്കി. വീടിന്റെ ഒരു ഭാഗത്തായി ഒരു കൂട്ടിൽ കണ്ടാൽ പേടിതോന്നുന്ന വലിപ്പവും മുഖവുമായി
ഒരു നയാ നിർത്താതെ കുരക്കുന്നു. എനിക്കീ നായ വർഗങ്ങളുടെ പേരൊന്നും അറിയില്ല. എന്തായാലും
പുറത്തു വന്ന ജനുസ്സാണ്. കാളിങ് ബെൽ അടിക്കേണ്ടിവന്നില്ല. അകത്തു നിന്നു ഇളയമ്മ മെല്ലെ
വാതിൽ തുറന്നു വന്നു. വയസ്സായ കാരണം കാഴ്ച കുറവുള്ള കാരണം ആരാണെന്നു മനസ്സിലായില്ല
എന്നെനിക്കു മനസ്സിലായി. ഞാൻ അങ്ങോട്ടു അടുത്ത ചെന്നപ്പോൾ.
ഇളയമ്മ: “ദാസനല്ലേ, എത്രകാലമായി നിന്നെ കണ്ടിട്ടു.”
ഞാൻ ചിരിച്ചു കൊണ്ട്: “അധികമൊന്നും ആയില്ല ഇളയമ്മേ
കഷ്ടി രണ്ടു വര്ഷം.”
അപ്പോഴേക്കും അജിത്തിന്റെ ഭാര്യ വന്നു ചോദിച്ചു:
“സുഖമല്ലേ ദാസേട്ടാ, വരൂ അകത്തേക്കിരികാം.”
“അതെ സുഖം.”
അജിതന്റെ ഭാര്യ: “എന്നെ ചേട്ടൻ വിളിച്ചുരുന്നു, നിങ്ങൾ
ഊണിനു വരുന്നുണ്ടെന്നു പറഞ്ഞു. ഞാൻ ഊണ് എടുത്തു വെക്കാം. സുലഭേച്ചി നിങ്ങളവിടെ ഇരിക്ക്.”
എന്ന് പറഞ്ഞു അകത്തേക്ക് പോയി. സമയം വൈകിയതുകൊണ്ടാകാം
അജിത്തിന്റെ ഭാര്യാ വേഗം തന്നെ ഊണ് എടുത്ത് വെക്കാൻ പോയത്.
ഇളയമ്മയിപ്പോൾ അധികം സംസാരിക്കാറില്ല വേണു ഏട്ടന്റെ
മരണത്തിനു ശേഷം. വർഷങ്ങളായെങ്കിലും ഇപ്പോഴും ഇളയമ്മക് ആ വേദനയിൽ നിന്നു വിട്ടു മാറാനായിട്ടില്ല.
എങ്ങിനെ അ വേദന മാറും. എനിക്ക് പോലും ഇന്നും ആ മരണവാർത്ത എന്റെ നെഞ്ചിന്റെ ഉള്ളിൽ പറയാനാകാത്ത
ഒരു വേദനയും വിങ്ങലുമായി അവശേഷിക്കുന്നു. ഓർക്കുമ്പോൾ അ വേദന വിട്ടുമാറുന്നില്ല എന്നതാണ്
സത്യം. അ വാർത്ത അറിയുന്നത് രാവിലെ നേരത്താണ്. വേണു ഏട്ടൻ കൈപ്പറമ്പിലുള്ള കടയിൽ ഇലെക്ട്രിക്കൽ
റിപ്പയറിങ് മോട്ടോർ റീവൈൻഡിങ് ഷോപ്പായിരുന്നു. അവിടേക്കുള്ള സാധനങ്ങളൂം മോട്ടോറും കോയമ്പത്തൂർ
പോയി വാങ്ങി തന്റെ തന്നെ ഇടപാടുകാർക്ക് കൊടുക്കുമായിരുന്നു. ഇങ്ങനെയുള്ള ഇടപാടുകാർ
സ്ഥിരം വാങ്ങുന്നവരും വളെര അടുത്തവരുമാണ്. അതുകൊണ്ട് അവർക്കുവേണ്ടി അവരുടെ കൂടെ പോകാറുണ്ട്.
അങ്ങിനെ ഒരു ദിവസം സ്വന്തം അംബാസിഡർ കാറിൽ, ഒരു സ്നേഹിതനു വേണ്ടി പുലർച്ചെ കോയമ്പത്തൂർ
പോകുന്ന വഴി പാലക്കാട്ടെ കുതിരാൻ കയറ്റത്തിൽ വെച്ച് ഒരു നിയന്ത്രണം വിട്ട ലോറി കാറിൽ
വന്നിടിച്ചു. കാറിന്റെ മുൻഭാഗം തകർന്നു തരിപ്പണമായിരുന്നു. വേണു ഏട്ടൻ സംഭവ സ്ഥലത്തു
വെച്ചു തന്നെ മരിച്ചു. ഓ അന്നത്തെ ദിവസത്തെ പറ്റി ഇപ്പോഴും ഓർക്കാൻ വയ്യ.
ഇളയമ്മയുടെ ചോദ്യം കേട്ടപ്പഴാണ് ഞാൻ എൻ്റെ ചിന്തയിൽ
നിന്ന് തിരികെ എത്തിയത്.
“അമ്മക്ക് സുഖമല്ലേ?”
“അതെ കുഴപ്പമൊന്നുമില്ല.”
ഇത് പറഞ്ഞു തീരുംമുമ്പ് അജിയുടെ ഭാര്യ വന്നു വിളിച്ചു
“നമുക്ക് ഊണ് കഴിക്കാം.”
“അജി വരട്ടെ. തന്നെയുമല്ല ഞങ്ങൾ ഇങ്ങു വന്നു കയറിയതല്ലേ
ഉള്ളു.”
അജിയുടെ ഭാര്യ: “അത് സാരമില്ല, നമ്മുക് ഊണ് കഴിഞ്ഞിരുന്നു
സംസാരിക്കാം സമയം വൈകിയല്ലോ. പിന്നെ ചേട്ടൻ വന്നിട്ടാണെകിൽ അതൊരു നേരമാകും. ചേട്ടൻ
പറഞ്ഞു ചോറ് അവര്ക് കൊടുത്തോ എന്ന്.”
എനിക്ക് അത് മനസ്സില്ല മനസ്സാണെന്നു മനസ്സിലാക്കി.
“സാരല്യ
ദാസേട്ടാ.””
“കാറിൽ ഡ്രൈവർ കൂടി ഉണ്ട്’.
“ഓ ഞാനതു മറന്നു”
എന്ന്
പറഞ്ഞു വിളിക്കാൻ പോയി. കുറച്ചു കഴിഞ്ഞു മൊമദുമായി തിരിച്ചു വന്നു. മൊമദിന് പരിചയം
ഇല്ലാത്തകാരണം ഒരു മടിയോടുകൂടിയാണ് വന്നത്. ഞാനും സുലഭയും മൊമദും ഊണ് മേശക്കടുത്ത പോയി
ഉണ്ണാൻ ഇരുന്നു. ഊണ് തുടങ്ങിയപ്പോഴേക്കും അജി വന്നു. അവനും ഉണ്ണാനിരുന്നു. ഉണ്ണുന്നതിനിടക്ക്
ഓരോരോ വീട്ടു വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. എന്ന് അവിടെ ചെന്നാലും അജിയോ ഇളയമ്മയോ
ഈ കാര്യം കളിയാക്കി പറയാതെയിരിക്കില്ല്യ. ഇപ്പോൾ ഇളയമ്മ അധികം സംസാരിക്കാത്ത കാരണം
അജിയാണ് പറഞ്ഞത്.
“സുലഭേച്ചിക്
അറിയോ ദാസേട്ടനും ഏട്ടനും കൂടി അരക്കള്ളനും മുക്കാൽ കള്ളനും സിനിമ രാഗം തിയേറ്ററിൽ
കാണാൻ പോയ കഥ”.
ഇത് പറഞ്ഞു അജിയും ഇളയമ്മയും കൂടി ചിരിച്ചു. സുലഭ
അവരുടെ മുഖത്തു നോക്കി, എന്നിട്ടു എന്നോട് ചോദിച്ചു.
“ഇത് ഏതു
കഥയാണ്.”
എന്താണിത്ര സിനിമ കാണാൻ പോയ കഥ എന്ന് പറഞ്ഞു ചിരിക്കാൻ
എന്നുള്ള മട്ടിൽ എന്നെ നോക്കി.
സുലഭയോടു ഞാൻ പറഞ്ഞു
“അതൊരു വലിയ
കഥയാണ്.”
പിന്നെ അജിയോടും ഇളയമ്മയോടുമായി പറഞ്ഞു
“നിങ്ങൾക്
ഒരു സത്യം അറിയോ!”
“ഇന്ന് വരെ അ സിനിമ എനിക്ക് കാണാൻ സാധിച്ചിട്ടുമില്ല,
കണ്ടിട്ടുമില്ല’. പലപ്പോഴും ദുബായിൽ വച്ച് യു ടൂബിൽ കാണണം എന്ന് വിചാരിക്കും. ഇന്ന്
വരെ നടന്നില്ല.”
ചിലപ്പോൾ
അ സിനിമ കാണാൻ പാടില്ലാത്തതായിരിക്കണം അങ്ങിനെയും ഉണ്ടല്ലോ ചില കാര്യങ്ങൾ നിസാരങ്ങളെന്നു
കരുതുന്നത് നടക്കാതെ പോകുന്നത്.
മൊമദ് അപ്പോൾ എന്ത് സിനിമ കഥ എന്ന് അത്ഭുതത്തോടുകൂടി
എന്നെ നോക്കുന്നുണ്ടായിരുന്നു. അതുപോലെ സുലഭയും നോക്കുന്നത് കണ്ടിട്ടു
ഞാൻ ഒരു ചെറിയ ചമ്മലോടെ സുലഭയോടു പറഞ്ഞു
“അതൊക്കെ ഉണ്ട് ഞാൻ പിന്നെ സൗകര്യമായി അരക്കള്ളന്റെയും
മുക്കാൽ കള്ളന്റെയും കഥ പറയാം”.
-------------
