Friday, July 31, 2020

മായ സഹായം

മായ സഹായം

ആളൂർ വില്ലേജ് ഓഫീസിന്റെ തിണ്ണയിൽ പകുതി ചന്തി വെച്ച് കാല് നിലത്തു കുത്തി ഒടിഞ്ഞി കുത്തി ചാരിവെച്ച പോലെ, (പാടത്തു് ഞാറു മഴയുള്ളപ്പോൾ നടുമ്പോൾ പണിക്കർ പെണ്ണുങ്ങൾ മഴ കൊള്ളാതിരിക്കാൻ ഉപയോഗിക്കുന്ന, തെങ്ങിന്റെ ഓല മെടഞ്ഞുണ്ടാകുന്ന നീണ്ട ത്രികോണാകൃതിയുള്ള കുടയുടെ ഉപയോഗം നടത്തുന്നത്.) വില്ലേജ് ഓഫീസറെ കാത്തിരിക്കുകയായിരുന്നു. ഇന്ന് ഇറങ്ങുമ്പോൾ ഓഫീസർ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചിട്ടാണ് വന്നത്. എങ്കിലും, വരുമ്പോഴക്കും പുറത്തു പോയിരുന്നു. വില്ലേജ് അസിസ്റ്റന്റ് പറഞ്ഞത് എന്തോ അത്യാവശ്യമായി പോയതാണ്. ഒരുമണിക്കൂറിനകം വരുമെന്നറിഞ്ഞപ്പോൾ കാത്തിരിക്കാം എന്ന് കരുതി. കാറിൽ ഇരിക്കുന്ന മോനോടും ഭാര്യയോടും ഞാൻ ചെന്ന് പറഞ്ഞു കുറച്ചു സമയം എടുക്കും എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖം വാടി. ഭാര്യയുടെ ആങ്ങളയുടെ വീട്ടിൽ ഉച്ചക്ക് ഊണിനു എത്താമെന്ന് പറഞ്ഞിരുന്നു.ഞാൻ ഭാര്യയോട് പറഞ്ഞു.

"നീ അളിയനെ വിളിച്ചു പറഞ്ഞോ, നമ്മൾ കുറച്ചു വൈകും എന്ന്."

എന്തായാലും ഇന്ന് റവ്യന്യൂ റിക്കവറി ടാക്സ് അടച്ചിട്ടേ പോകു എന്ന് ഞാൻ മനസ്സിൽ കരുതി. രണ്ടുവർഷം മുന്നേ ലീവിന് വന്നപ്പോൾ വീടിന്റെ നികുതി അടക്കാൻ പഞ്ചായത്തു ഓഫീസിൽ ചെന്നപ്പോൾ, അവിടത്തെ കംപ്യൂട്ടറിനു തകരാറായിരുന്നു. പിന്നെ അടക്കാമെന്നു കരുതി പൊന്നു. പിന്നെ തവണ അടക്കാൻ മറക്കുകയും ചെയ്തു. പിന്നീട് ലീവിന് വന്നപ്പോഴും മറന്നു പോയി. തവണ വന്നപ്പോൾ, പോസ്റ്റൽ ആയി വന്ന എഴുത്തുകളുടെ കൂട്ടത്തിൽ റവ്യന്യൂ നോട്ടീസ് കണ്ടത്. ഒരു മാസത്തെ ലീവിന് വന്നത് കുറച്ചു ദിവസങ്ങൾ ഇതിനായി നഷ്ടമായി. ഇത്രയും പെട്ടന്ന് ശരി ആയതു ഭാര്യയുടെ ഒരു കൂട്ടുകാരി തൃശൂർ കളക്ടറേറ്റിൽ ഉണ്ടായത് കാരണം. അല്ലെങ്കിൽ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കും. സർക്കാരിന്റെ എല്ലാകാര്യവും ഓൺലൈൻ സംവിധാനമുണ്ടെങ്കിലും, മിക്കപ്പോഴും സിസ്റ്റം ഡൌൺ അല്ലെങ്കിൽ എലെക്ട്രിസിറ്റി ഉണ്ടാകില്ല. ഞാൻ പലപ്പോഴും ഓൺലൈൻ അടക്കാൻ നോക്കിട്ടുണ്ട്. പക്ഷെ ഇതുവരെ നടന്നിട്ടില്ല. സർക്കാർ സൈറ്റിൽ പോയാൽ അത് കറങ്ങി അവിടെ അങ്ങിനെ നിൽക്കും. വാച്ചിൽ സമയം നോക്കിയപ്പോൾ പതിനൊന്നു കഴിഞ്ഞു അമ്പതു മിനിറ്റായി. ഭാര്യയും മോനും കാറിൽ നിന്നിറങ്ങി കുറച്ചു നിൽക്കും പിന്നെ വീണ്ടും കാറിൽ കയറിയിരിക്കും. അവരെ ഞാൻ, തിണ്ണയിലിരുന് ഇടയ്ക്കു നോക്കും, അവരുടെ കണ്ട്രോൾ പോകുന്നുണ്ടോ എന്ന്. അങ്ങിനെ നോക്കുമ്പോഴാണ്, ബൈക്കിൽ ഒരാൾ വന്നിറങ്ങി. ഹെൽമെറ്റ് ഊരി ബൈക്കിന്റെ ഹാന്ഡിലിൽ തന്നെ വെച്ച്, അല്പം നീണ്ട കോലൻ മുടി ഒന്ന് ശരിയാക്കി. ഒരു ആറടി ഉയരം ഉണ്ട് നന്നേ മെലിഞ്ഞിട്ടാണ്. നല്ല വൃത്തി ആയി പാന്റും ഷർട്ട് ധരിച്ചയാൾ. ഷർട്ട് ഇൻസേർട് ചെയ്തിട്ടുണ്ട്. ആളാണോ എന്ന സംശയത്തിൽ നോക്കിയിരിക്കുമ്പോൾ ആൾ നേരെ വന്നു വില്ലേജ് ഓഫീസറുടെ ഓഫിസിൽ പോയിരുന്നു. ഞാൻ കൂടാതെ വേറെയും ആളുകൾ ഒരോരോ ആവശ്യത്തിനായി കത്ത് നിൽക്കുന്നവരുണ്ടായിരുന്നു. വന്നതിന്റെ മുൻഗണന പ്രകാരത്തിൽ എനിക്ക് മുന്നേ ഒരു സ്ത്രീ ഉണ്ടായിരുന്നു.

ഓഫീസർ: " വരൂ"

എന്ന് പറഞ്ഞപ്പോൾ സ്ത്രീ അകത്തു കടന്നു. എന്റെ ഉഴത്തിനായി കാത്തു നിന്നു. അഞ്ചു മിനിറ്റിൽ അധികമെടുത്തു സ്ത്രീ പുറത്തു കടക്കാൻ. ഞാൻ അകത്തു കടന്നു. നിന്നു കൊണ്ട് പറയാൻ തുടങ്ങിയപ്പോൾ. ഓഫീസർ മുന്നിലിരിക്കുന്ന കസേരയിൽ ചൂണ്ടി ഇരിക്കാൻ പറഞ്ഞു. ഞാൻ കളക്ടറേറ്റിൽ നിന്ന് കിട്ടിയ ലെറ്റർ അയാൾക് കൊടുത്തു. അയാൾ അത് വാങ്ങി കമ്പ്യൂട്ടറിൽ അടിച്ചു നോക്കി കൊണ്ടിരുന്നപ്പോൾ, ഞാൻ ഇയാളുടെ മുഖം നല്ല പരിജയം ഉണ്ടല്ലോ എന്ന് തോന്നി. ഹേയ് വെറുതെ തോന്നുകയാകും. അല്ല കോലൻ മുടിയും ഇത്തിരി നീണ്ട മുഖവും എവിടെയോ കണ്ടു മറന്നതാണ്. കറുത്തിട്ടല്ല എന്നാൽ നല്ല വെളുത്തിട്ടുമല്ല. വീണ്ടും ആലോചിച്ചു എവിടെയാണ് കണ്ടത്. നല്ലപോലെ പരിചയമുള്ള മുഖവും, ശരീര പ്രക്ർതിയും. പേരും സ്ഥലവും ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അയാൾ പറഞ്ഞു.

" ഇനി നിങ്ങൾക് ടാക്സ് അടക്കാം, ടാക്സും ഫൈനും കൂടി 3678 രൂപ ആണ്. അത് അവിടെ ഇരിക്കുന്നാളിന്റെ കൈൽ കൊടുത്താൽ മതി."

എന്ന് പറഞ്ഞു സംഖ്യ ഞാൻ കൊടുത്ത ലെറ്റെറിൽ എഴുതി തന്നു.

"Thank യു."

"സാറിന്റെ പേര് എന്താണ്? സാറിനെ നല്ല മുഖ പരിജയം തോനുന്നു."

"അങ്ങിനെ ഉണ്ടാകാൻ വഴിയില്ല, ഞാനിവിടുത്തു കാരനല്ല."

അപ്പോഴാണ് ഞാൻ അയാളുടെ സംസാര ശൈലി ശ്രദ്ധിച്ചത്. ഒരു പാലക്കാടൻ തമിഴ് കലർന്ന തരത്തിലാണ് പറഞ്ഞത്.

"സാറിന്റെ പേര് പറഞ്ഞില്ല!"

" സോറി, അമൽ"

"വീട് എവിടെയാണ്?"

"പാലക്കാട് ആണ്"

"സാറിൻറെ മുഴുവൻ പേര്?"

"അമൽ രാജ്"

"പാലക്കാട് എവിടെയാണ്?"

"എന്തെ, പാലക്കാട് അറിയുമോ?"

"കുറച്ചൊക്കെ അറിയും."

"അത്തിക്കാട്."

"ഓഹോ, അത്തിക്കാട് ആണല്ലേ!"

എന്ന് പറഞ്ഞിട്ടു കസേരയിൽ നിന്നെഴുന്നേറ്റു പുറത്തു തിണ്ണയിൽ വന്നിരുന്നു. കാരണം, വാതിലിൽ ആളുകൾ കത്ത് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ ആരാണെന്നു പറയണോ വേണ്ടയോ എന്നാലോചിച്ചു. വേണ്ട തിരക്കൊന്നൊഴിഞ്ഞിട്ടു സംസാരിക്കാം. ഇവൻ അമൽ രാജ് തന്നെയാണ്. എന്റെ മനസ് പതിനഞ്ചു വര്ഷം പുറകിലോട്ടു പോയി. തൃശൂർ MIT പോളിടെക്നിക്കിൽ ഹയർ സർവ്വേ കോഴ്സ് കഴിഞ്ഞു റിസൾട്ടിനായി കാത്തുനിൽക്കുന്ന കാലമായിരുന്നു. ഒരു ദിവസം ഒരു കത്ത് എനിക്ക് വന്നു. അത് പൊട്ടിക്കുന്നതിനു മുന്നേ പുറകെ അഡ്രെസ്സ് നോക്കി.  ഫ്രം അഡ്രെസ്സ് ഇല്ലായിരുന്നു. കുന്നംകുളത്തു നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് സീൽ കണ്ടപ്പോൾ മനസിലായി. പൊട്ടിച്ചു വായിച്ചു. അത് സർവ്വേയ്ക്ക് കൂടെ പഠിച്ചിരുന്ന മായയുടെ ആയിരുന്നു. ഒരു ഒരു സഹായം ചോദിച്ചിട്ടായിരുന്നു. അടുത്ത തിങ്കളാഴ്ച അവളുടെ കൂടെ ഒന്ന് പാലക്കാടു പോകണം. തുണക്കായി കൂടെ വരുമോ എന്ന് ചോദിച്ചായിരുന്നു. നേരിൽ കാണുമ്പോൾ കാരണം പറയാം. ചെല്ലാൻ പറ്റില്ല എന്ന് പറയാൻ പറ്റില്ലായിരുന്നു. ഞങ്ങളുടെ ബാച്ചിൽ മൂന്ന് പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാവരുമായി നല്ല സുഹൃത് ബന്ധമായിരുന്നു. അതുകൊണ്ടു തന്നെ അങ്ങോട്ടും എങ്ങോട്ടും എന്തിനും സഹായിക്കുമായിരുന്നു. ഇന്നിപ്പോൾ ചൊവാഴ്ചയാണ്, അന്ന് തന്നെ, ഞാൻ വരം എന്ന് പറഞ്ഞു മറുപടി എഴുതി പോസ്റ്റ് ചെയ്തു. മായയുടെ കത്തിലെ പ്രകാരം തൃശൂർ വടക്കേ സ്റ്റാൻഡിൽ ഞാൻ പത്തുമണിക്ക് എത്തി. വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ 'അമ്മ ചോദിച്ചിരുന്നു എവിടേക്കാണ് എന്ന്. ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞത്. മായ എത്തിയിട്ടുണ്ടോ എന്ന് നോക്കി. പാലക്കാട്ടേക്ക് പോകുന്നു ബസുകൾ ഇടുന്ന സ്ഥലത്തു നിൽക്കാമെന്നാണ് പറഞ്ഞത്. ഞാനവിടെ നടന്നു ചെല്ലുമ്പോൾ, മായ എന്നെ കണ്ടിട്ടു എന്റെ നേരെ വരുന്നുണ്ടായിരുന്നു. മായ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു.

"വന്നിട്ടു കുറേനേരമായോ?"

"ഇല്ല ഒരു പത്തുമിനിറ്റായി."

"എന്തെ, ഇപ്പോൾ പാലക്കാട് പോകാൻ?"

"അത് പിന്നെ, നമ്മുടെ അമലിന്റെ വീട് പാലക്കാട് ആണല്ലോ!"

"അതിനു, അവന്റെ വീട്ടിലേക്ക് പോകാനാണോ?"

" മധുവിന്റെ കാര്യം."

എന്ന് പറഞ്ഞു ചിരിച്ചു നിന്നപ്പോഴാണ്, ഞാൻ ഓർത്തത്.

കോഴ്സ് തീരാറാകുന്നതിനു കുറച്ചു നാൾ മുതൽ ഇവർ രണ്ടു പേരും എന്തോ ചുറ്റിക്കളി ഉണ്ടന്ന് എല്ലാവരും തമ്മിൽ ഒരു സംസാരം ഉണ്ടായിരുന്നു.

"അല്ല എന്തിനാ അവന്റെ വീട്ടിലേക്കു പോകുന്നത്?"

"അവൻ കുറച്ചു നാളായി എനിക്ക് എഴുത്ത് എഴുതുന്നില്ല. ആഴ്ചയിൽ ഒരു കത്തെങ്കിലും അയക്കാറുണ്ടായിരുന്നു. ഇപ്പോൾ ഒരു മാസമായി കത്ത് വന്നിട്ടു. തന്നെയുമല്ല ഞാൻ അയക്കുന്നതിനും മറുപടിയും ഇല്ല. പിന്നെ എനിക്കിപ്പോൾ പല വിവാഹ ആലോചനകൾ വരുന്നുണ്ട്. അതുകൊണ്ട്, ഞാൻ കരുതി അവനെ നേരിട്ടു കണ്ടു, തീരുമാനം എന്താണെന്നറിയാൻ."

"സംഗതി ഒക്കെ കൊള്ളാം. അവന്റെ മറുപടിയും കത്തും ഇല്ല എന്ന് കരുതി ഇത്ര ദൂരം, അവിടെ പോയി അന്വേഷിക്കണോ?"

"അവൻ എന്നിക്ക് ഉറപ്പു തന്നിട്ടുണ്ടായിരുന്നു. അവസാനമായി നമ്മൾ കോളേജിൽ വെച്ച് കണ്ടപ്പോൾ. ഇനി അവനു വല്ല അസുഖമോ മറ്റോ ആണോ എന്നറിയില്ലല്ലോ."

"എന്റെ ഒരു അഭിപ്രായം പറയട്ടെ. അവന്റെ കത്തും മറുപടിയും ഇല്ലാത്ത സ്ഥിതിക് അവനെ മറന്നേക്കൂ.  നമ്മൾ അങ്ങോട്ടു പോയി അന്വേഷിക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്."

"അല്ല മധു, എന്തോ പ്രശനം ഉണ്ട്. എന്ന് എന്റെ മനസ് പറയുന്നു. എന്തായാലും ഒന്ന് പോയി കാര്യം തിരക്കണം."

ഞങ്ങൾ പാലക്കാട്ടേക്കുള്ള ബസ്സിൽ കയറി. അടുത്തടുത്ത സീറ്റിൽ മുന്നിലും പിന്നിലുമായി ഇരുന്നു. ബസ് രണ്ടു മണിക്കൂർ എടുത്ത് പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തി. മായ പറഞ്ഞ അത്തിക്കാട് എന്ന സ്ഥത്തെക്കുള്ള ബസ് വീണ്ടും കയറി, വീണ്ടും ഒന്നര മണിക്കൂർ യാത്രയുണ്ടായിരുന്നു. കണ്ടക്ടർ സ്റ്റോപ്പ് എത്തിയപ്പോൾ മായാ പറഞ്ഞ സ്റ്റോപ്പിൽ ഇറങ്ങി. അടുത്ത് കണ്ട ഒരു ചായക്കടയിൽ ആളുടെ പേര് പറഞ്ഞു അഡ്രെസ്സ് ചോദിച്ചു. കടക്കാരൻ ആരാ, എവിടുന്ന് വരുന്നു, എന്താ കാര്യം എന്നെല്ലാം ചോദിച്ചു. എല്ലാ ചോദ്യത്തിനും ഒരു വിധത്തിൽ മറുപടി പറഞ്ഞൊപ്പിച്ചു. മറുപടി കിട്ടിയപ്പോഴേ പോകണ്ട വഴി പറഞ്ഞു തന്നുള്ളൂ. പത്തു മിനിട്ടോളം മണ്ണ് പാതയിലൂടെ നടന്നു. വീടിന്റെ കുറച്ചു ദൂരെ ആയി മായ നിന്നു. കാരണം മായയുടെ ഫോട്ടോ അമലിന്റെ അമ്മക് അവൻ കാണിച്ചു കൊടുത്തിട്ടുണ്ടെന്ന്, അവൻ മായയോട് പറഞ്ഞിട്ടുണ്ട്. ഞാൻ അയാൾ പറഞ്ഞത് പ്രകാരം വീട്ടിൽ ചെന്ന് മുറ്റത്തു ചെന്ന്. ആരെയും കാണാത്ത കാരണം, ഞാൻ ഉറക്കെ.

"അമലിന്റെ വീടല്ലേ ഇത്. ആരുമില്ലേ ഇവിടെ."

അകത്തു നിന്ന്.

"ഉണ്ടല്ലോ, ആരാ." എന്ന് ചോദിച്ചു, നാല്പതിനും അമ്പതിനും ഇടയിൽ പ്രായം വരുന്ന ഒരു സ്ത്രീ വന്നു. മുണ്ടും ചട്ടയുമായിരുന്നു വേഷം.

"ആരാ, എവിടുന്നാ "

"എന്റെ പേര് മധു, ത്യശ്ശൂരിൽ നിന്നു വരുന്നു. ഞാൻ അമലിന്റെ ഒപ്പം പോളിടെക്നിക്കിൽ പഠിച്ചിരുന്നതാ."

" മോന്റെ പേര് അമൽ പറഞ്ഞു കേട്ടിട്ടുണ്ട്. മോൻ കയറിയിരിക്ക്."

ഞാൻ ഉമ്മറത്ത് കിടക്കുന്ന സോഫയിൽ കയറി ഇരുന്നു.

"അമൽ ഇല്ലേ?"

"ഇല്ല അവൻ, അവന്റെ ഭാര്യ വീട്ടിൽ പോയിരിക്കാണ്."

"ഭാര്യ വീട്ടിലോ?"

എന്ന് അതിശയത്തിൽ ചോദിച്ചു.

"അതെ മോനെ, ഒന്നും പറയണ്ട. എല്ലാം പെട്ടന്നായിരുന്നു തീരുമാനിച്ചതും നടത്തിതും."

"ഞങ്ങളെ ക്ഷണിച്ചില്ലല്ലോ?"

" അത് അങ്ങനെ, പെട്ടന്ന് അവന്റെ അപ്പച്ചന്റെ തീരുമാനത്തിൽ നടത്തിയതാണ്. പെൺകുട്ടി എഞ്ചിനീയർ ആണ്. ഞങ്ങൾ അറിയുന്ന കുട്ടിയാണ്."

"എന്തെ പെട്ടന്ന്?"

"ഒന്നും പറയണ്ട, അവനു നിങ്ങടെ ഒപ്പം പഠിക്കുന്ന ഒരു ചോത്തി പെൺകുട്ടി മായയുമായി അടുപ്പം ഉണ്ടന്ന്, എനിക്ക്അറിയാമായിരുന്നു. ഒരിക്കൽ അവൻ ഫോട്ടോ കാണിച്ചു തന്നിരുന്നു. കാണാൻ കുഴപ്പമില്ലാത്ത കുട്ടിയാണ്. പക്ഷെ വേറെ ജാതിയും. വല്ല നായരോ മേനോനോ ആണെങ്കിലും കുഴപ്പില്ലായിരുന്നു. അവന്റെ അപ്പച്ചൻ ഇതറിഞ്ഞു. ഒരു മാസം മുൻപ് അവനു അവളുടെ ഒരു കത്ത് വന്നത് അപ്പച്ചൻ കണ്ടു. അതിനെ പറ്റി സംസാരിച്ചു വന്നപ്പോൾ. അവനെ കുട്ടിയെ കെട്ടണം എന്ന് പറഞ്ഞപ്പോൾ, അപ്പച്ചൻ പറഞ്ഞു ഒരിക്കെലും നടക്കില്ല. അവൻ ഒരു പാവമല്ലേ അവനു അപ്പച്ചന് എതിർത്ത് നിൽക്കാനുള്ള ത്രാണിയുമില്ലായിരുന്നു. പിന്നെ അവനെ ഒരു സ്ഥലത്തേക്കും അപ്പച്ചൻ ഇല്ലാതെ വിട്ടിരുന്നില്ല. ആകെയുള്ള ഒരു മകനല്ല. അങ്ങേരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ. കഴിഞ്ഞ ആഴ്ച ആയിരുന്നു കല്ല്യാണം. പെട്ടന്നായതുകൊണ്ട് എല്ലാവരെയും വിളിക്കാനും പറ്റിയില്ല. അയ്യോ മോനൊന്നും കുടിക്കാൻ തന്നില്ലല്ലോ. ഇത്ര ദൂരം വന്നതല്ലേ."

എന്ന് പറഞ്ഞു അകത്തേക്ക് പോകാൻ നിന്നപ്പോൾ ഞാൻ പറഞ്ഞു.

"വേണ്ട അമ്മേ, ഞാൻ ബസ്സിറങ്ങി ചായക്കടയിൽ നിന്നു ചായ കുടിച്ചത്. എനിക്ക് പോകാൻ ധൃതിയുണ്ട്."

"അയ്യോ അത് പറ്റില്ല എന്തെങ്കിലും കുടിച്ചിട്ട് പോകാം."

"എന്നാൽ ഒരു ഗ്ലാസ് വെള്ളം മതി."

"അമൽ അറിഞ്ഞാൽ എന്നെ വഴക്കു പറയും. ഒന്നും കൊടുക്കാതെ വിട്ടാൽ."

അത് പറഞ്ഞവർ അകത്തു പോയി ഒരു ഗ്ലാസ് ജ്യൂസുമായി വന്നു.

"ഇത് ഇവിടത്തെ ഞങ്ങളുടെ കണ്ടത്തിൽ ഉണ്ടായാ കരിമ്പിന്റെ ജ്യൂസ് ആണ്. അപ്പച്ചന് ഇടക്കിടെ വേണമെന്ന് പറയുന്ന കാരണം അടിച്ചു ഫ്രിഡ്ജിൽ വെക്കും."

ജ്യൂസ് വാങ്ങിച്ചു വേഗം കുടിച്ചു. പോകാൻ തിടുക്കം കൂട്ടി, കാരണം മായ ഒറ്റക്ക് വഴിയിൽ നിൽക്കുന്നത് ശരിയല്ല. പ്രതേകിച്ചു നാട്ടിന്പുറത്തു. പ്രദേശത്തുകാരിയല്ലാത്ത പെൺകുട്ടി വഴിയിൽ കുറെ നേരം നിൽക്കുന്നത്.

"ഞാൻ പോകട്ടെ അമ്മെ, അവൻ വരുമ്പോൾ പറയു. മധു വന്നിരുന്നു എന്ന്."

"മോനെ തിരക്കുണ്ടെന്നല്ലേ പറഞ്ഞത്. അല്ലെങ്കിൽ ചായ കുടിച്ചിട്ട് പോകാം."

"വേണ്ട അമ്മെ, ശരി പോകട്ടെ."

എന്ന് പറഞ്ഞിറങ്ങിയപ്പോഴുണ് വാച്ചിൽ നോക്കുന്നത് സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. വേഗം നടന്നു മായയുടെ അടുത്തെത്തി. മായ എന്നെ കാണാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ ആശ്വാസം വന്നു എന്ന് ഭാവത്തിൽ മനസ്സിലായി.

"മായ പേടിച്ചോ, ഞാൻ വൈകിയപ്പോൾ."

"ശരിക്കും ഒരു പേടി വന്നു. എവിടെ പോയി ഇത്രനേരം എന്ന്. അമൽ അവിടെ ഇല്ലേ? അമലിനെ കണ്ടില്ലേ?"

"ഒന്ന് ശ്വാസം വിട്ടു ചോദിക്കു മായെ! എല്ലാം പറയാം."

"എന്തെ ഉണ്ടായത്?"

"എല്ലാം പറയാം, വരൂ നമുക് പോകാം."

"അമലിനെ വിളിച്ചു വരാനല്ലേ, ഞാൻ പറഞ്ഞത്."

"അവൻ അവിടെ ഇല്ല. അവൻ പുറത്തു പോയിരിക്കുകയാണ്."

എങ്ങിനെ മായയോട് പറയണം എന്നായിരുന്നു എന്റെ ആലോചന.

"വീട്ടിൽ പിന്നെ ആരാണുണ്ടായിരുന്നത്?"

"അവൻ്റെ 'അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു."

ഞങ്ങൾ അങ്ങോട്ടു പോകുമ്പോൾ കണ്ട ചായ കടയുടെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു.

“നമുക്ക് ഇവിടന്നു എന്തെങ്കിലും കഴിച്ചിട്ടു പോകാം. ടൗണിൽ എത്തുമ്പോൾ ഒരുവിധം സമയമാകും.”

ശരിയെന്നു മായ തലയാട്ടി. സമയം മൂന്നേകാൽ ആയിരുന്നു. നാട്ടിൻ പുറത്തെ ചായക്കട ആയകാരണം ബോണ്ടയും പരിപ്പുവടയും മാത്രമേ ഉണ്ടായിരുന്നുള്ളു. വിശന്നു ഒരുവിധമായിരുന്നു. ഓരോ ബോണ്ടയും ചായയും വാങ്ങി കഴിക്കുന്നതിനിടയിൽ മായ വീണ്ടും ചോദിച്ചു.

"മധു എന്താ ഉണ്ടായേ എന്ന് പറഞ്ഞില്ല."

"പറയാം."

"ചേട്ടാ ഇനി ഇവിടുന്നു പാലക്കാട്ടേക് എപ്പോഴാ ബസ്?"

"നാല് പത്തിന് ഒരു ബസുണ്ട്."

ചായ കുടിച്ചു കഴിഞ്ഞു പുറത്തിറങ്ങി. ഞങ്ങൾ ഇറങ്ങിയ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഇനിയും അരമണിക്കൂർ ഉണ്ട് ബസ് വരാൻ. ബസ് സ്റ്റോപ്പിൽ ആരും ഉണ്ടായിരുന്നില്ല ഞങ്ങൾ ബസ് സ്റ്റോപ്പിൽ സിമന്റ് ബെഞ്ചിൽ ഇരുന്നു.

"മായ, ഞാൻ നേരത്തെ വഴിൽ വെച്ച് പറയണ്ട എന്ന് വെച്ചാണ്."

"എന്താണ്?"

"മായ ചോദിച്ചതിന് എല്ലാറ്റിനും ഞാൻ മറുപടി പറഞ്ഞില്ലലൊ."

" അതെ അതെ, പറയു."

"മായ അമലിനെ മറന്നേക്കൂ."

ഒരു ഞെട്ടലോടെ. " എന്ത്, എന്താ പറയുന്നേ, എന്തുണ്ടായി."

 എന്ന് പറയുമ്പോഴേക്കും സങ്കടം വന്നിരുന്നു.

"അവൻ്റെ കല്യാണം ഒരാഴ്ച മുൻപ് കഴിഞ്ഞു. അവനെ അവന്റ അപ്പച്ചൻ നിർബന്ധിച്ചു കഴിപ്പിച്ചു. മായയുടെ ഒരു കത്ത് ഒരു മാസം മുൻപ് അവൻ്റെ അപ്പച്ചന് കിട്ടിയിരുന്നു. അതിൽ പിന്ന്നെ അവനെ ഒരു സ്ഥലേക്കും വിട്ടിരുന്നില്ല. ഒരു പ്രശനം പറഞ്ഞത് ജാതി വ്യത്യാസം. പിന്നെ ഇവിടത്തെ ഒരു വലിയ ഭൂ ഉടമ കൂടിയാണ്."

ഞാൻ ഇത് പറഞ്ഞു തീരുമ്പോഴേക്കും മായ ശരിക്കും കരയാൻ തുടങ്ങിയിരുന്നു.

"മായ സമാധാനിക്കു. പിന്നെ ഇവിടെ ഇരുന്നു കരയുന്നത് ആളുകൾ കണ്ടാൽ എന്ത് വിചാരിക്കും."

മായ ടവൽ എടുത്തു കണ്ണ് നീർ തുടച്ചു, മുഖം ശരിയാക്കി.

"മായ, എനിക്ക് തോന്നുന്നത് ഞാൻ പറയാം. ഒരു കണക്കിന് അവൻ വേറെ കല്യാണം കഴിച്ചത് നന്നായി. കാരണം അവനു തന്റേടം ഉണ്ടങ്കിൽ, മായയെ പ്രശ്നങ്ങൾ അറിയുക്കുമെങ്കിലും ചെയ്യുമായിരുന്നു. ഇങ്ങിനെയുള്ളവന്റെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ട അവസ്ഥ ഒന്നാലോചിച്ചു നോക്കു."

ഞാൻ മായയെ സമാധാനപ്പെടുത്താൻ പലതും പറഞ്ഞു സമാധാനിപ്പിച്ചു. നാലേ കലായപ്പോൾ ബസ് വന്നു. ബസിൽ, വലിയ തിരക്കില്ലായിരുന്നു. ഇങ്ങോട്ടു വന്നപോലെ തന്നെ അങ്ങോട്ടും ഇരുന്നു. ബസിൽ പോകുമ്പോൾ മായ ഇടയ്ക്കിടെ ടൗൽ എടുത്തു മുഖം തുടക്കുന്നുണ്ടായിരുന്നു. പാവം ഒരുത്തനെ വിശ്വസിച്ചത്, ധൈര്യം ഇല്ലാത്തവനായി പോയി. ബസ് ഒരുപാടു സ്റ്റോപ്പിൽ നിർത്തിനിർത്തി പോയ കാരണം ആറുമണി ആയി പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ. ബസ്സിറങ്ങി, തൃശൂർ ഭാഗത്തേക്ക് പോകുന്ന ബസ് ഇട്ടിരിക്കുന്നിടത്തേക്ക് ഞാനും മായയും നടന്ന് ചെന്ന് ആദ്യം പോകുന്ന ബസ് നോക്കി നടക്കുന്നത് കണ്ടപ്പോൾ, ഒരു ബസിന്റെ കണ്ടക്റ്റർ വന്നു പറഞ്ഞു, "ഇന്നിനി തൃശ്ശൂർക് ബസ് പോകില്ല. തൃശൂർ ജില്ലയിൽ ഇന്നുച്ച മുതൽ ബന്ദാണ്. ഒരു വണ്ടികളും വിടുന്നില്ല എന്നാണ് കേട്ടത്."

ഇത് കേട്ട് മായ: "അയ്യോ ഇനിയിപ്പം എന്ത് ചെയ്യും?"

"ഇത് വലിയ കഷ്ടമായല്ലോ. സന്ധ്യ ആയിത്തുടങ്ങി."

ഞങ്ങളുടെ സംസാരം കേട്ടിട്ടു അയാൾ പറഞ്ഞു.

"ഇവിടെ എവിടെയെങ്കിലും ഇന്ന് തങ്ങു. നാളെ നേരം വെളുക്കുമ്പോൾ പാൽ വണ്ടികളോ പത്ര വണ്ടികളോ കിട്ടും, അതിൽ പോകാൻ പറ്റും."

"ഇവിടെ അടുത്ത് നല്ല ലോഡ്ജ് ഉണ്ടോ?"

"ബസ് സ്റ്റാൻഡിൽ നിന്നിറങ്ങി വലത്തോട്ടു പോയാൽ, നല്ല ലോഡ്ജുകൾ ഉണ്ട്."

ഞങ്ങൾ ഭക്ഷണം കഴിച്ചു, ലോഡ്ജിൽ മുറിയെടുക്കാൻ ചെന്നപ്പോഴാണ് എന്റെ കൈയിൽ പൈസ തികയില്ലെന്നു മനസിലായത്. രണ്ടുപേരുടയും കൈയിലുള്ളത് ചേർത്ത എടുത്തു. റൂമിൽ രണ്ടിടത്തായി കിടന്നു. ഉറക്കം വന്നില്ല. ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു ലോഡ്ജ് റൂമിൽ കിടക്കുന്നത്. എപ്പോഴോ ഉറങ്ങി പോയി. വാതിലിലെ മുട്ടു കേട്ടിട്ടു മായ എന്നെ വന്നു വിളിച്ചു.

"ആരോ വാതിലിൽ മുട്ടുന്നു."

വാതിൽ തുറന്നപ്പോൾ പോലീസ് ആയിരുന്നു. പിന്നെ പറയണ്ടല്ലോ നമ്മൾ സിനിമകളിൽ കാണുന്ന സ്ഥിരം കാഴ്ച. ഞങ്ങൾ പറഞ്ഞതൊന്നും അവർ വിശ്വസിച്ചില്ല. നേരം വെളുക്കട്ടെ എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ ഇരുത്തി. ഞങൾ രണ്ടു പേരും ഞങ്ങളുടെ അഡ്രസ്സും അടുത്തുള്ള ഫോൺ നമ്പർ കൊടുത്തു. SI അതിൽ രണ്ടു പേരുടെയും അച്ചന്മാരെ വിളിച്ചു സംസാരിച്ചു. അവർ വരട്ടെ എന്ന് പറഞ്ഞു. ഉച്ച തിരിഞ്ഞു ബന്ദിന്റെ സമയം കഴിഞ്ഞു രണ്ടു പേരുടെയും അച്ചന്മാർ വന്നു.  പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങി ആദ്യം എന്റെ ചെകിട്ടത്തൊരു അടി തന്നു.

"ഇത്തിരിക്കട്ടെ." എന്ന് മാത്രം പറഞ്ഞു അച്ഛൻ മുൻപ് നടന്നു.

"ഹാലോ, നിങ്ങൾ പോയില്ലേ?"

എന്ന് വില്ലേജ് ഓഫീസർ ചോദിച്ചപ്പോഴാണ് ഞാൻ പൈസ അടച്ചില്ലല്ലോ എന്നോർത്തത്.

"ഇല്ല, ഞാൻ നിങ്ങളെ ഒന്ന് കൂടി കാണാൻ തിരക്ക് ഒഴിയാൻ കാത്തു നില്കയായിരുന്നു."

"അതെന്തിനാണ്? എന്നാൽ വരൂ. ഇപ്പോൾ എല്ലാവരും പോയല്ലോ."

"ഞാൻ പൈസ അടച്ചിട്ടു വരം സാർ, ഒന്ന് വൈറ്റ് ചെയ്യാമോ?"

"ശരി അടച്ചിട്ടു വരൂ."

ഞാൻ വേഗം പോയി പൈസ അടച്ചു വന്നിട്ടു പറഞ്ഞു.

"സാർ ഒന്ന് പുറത്തേക്കു വരാമോ?"

"ഇവിടെയിരുന്ന് പറഞ്ഞാൽ മതിയല്ലോ?"

"സാർ ഇതല്പം വ്യക്തിപരമായ കാര്യമാണ്."

"അതെന്താണ്?"

എന്ന് പറഞ്ഞു അത്ഭുതത്തോടെ നോക്കി, കാരണം ഒരു പരിചയമില്ലാത്ത ഇയാൾക് എന്ത് വ്യക്തിപരമായ കാര്യമാണ് എന്നയാൾ കരുതുന്നണ്ടാകും.

"വരൂ സാർ പ്ളീസ്. പുറത്തു ഒരാൾ ഉണ്ട് ആളെ ഒന്ന് കാണാൻ വേണ്ടിയാണു. സാറിന് പരിചയമുള്ള ആളാണ്."

ഇത്രയൊക്കെ ഞാൻ അടുത്ത് സംസാരിച്ചിട്ട് അമൽ രാജിന് എന്നെ മനസിലായില്ല. എന്നുള്ളതാണ് വേറൊരു കാര്യം. അതിനു കാരണം ദുബായ് വാസത്തിൽ എനിക്ക് കിട്ടിയ ഒരു സമ്പാദ്യം കഷണ്ടി ആയിരുന്നു. പിന്നെ കട്ടി മീശ ഉണ്ടായിരുന്നത് ക്ളീൻ ഷേവ് മുഖവും. പണ്ട് കണ്ട ഒരാൾക്കു എന്നെ പെട്ടന്ന് തിരിച്ചറിയാൻ പറ്റില്ലായിരുന്നു. ഞാൻ ഓഫീസറെ കാറിന്റെ അടുത്തേക്ക് വരുന്നത് കണ്ട് മോൻ ആദി പുറത്തേക്കിറങ്ങി നിന്നു. എന്തിനാണ് വില്ലേജ് ഓഫീസറെ ഇങ്ങോട്ടു കൊണ്ട് വരുന്നത് എന്ന് കരുതി. കാറിന്റെ ഗ്ലാസ് ടിന്റഡായകരണം അകത്തിരിക്കുന്നയാളെ കാണുമായിരുന്നില്ല. കാറിന്റെ അടുത്ത് വന്നു ഗ്ലാസിൽ മുട്ടി പുറത്തേക്കിറങ്ങാൻ കൈ കൊണ്ട് ആംഗിയം കാണിച്ചു. കാർ ഡോർ തുറക്കാൻ ഒന്ന് മടിച്ചു എന്ന് തോനുന്നു. മടികാണും. ഡോർ തുറന്നു മായ പുറത്തേക്കിറങ്ങിയപ്പോൾ, അമൽ രാജ്, അത്ഭുതപ്പെട്ടു, അന്താളിച്ചു നിന്നുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്തിടത്, ഒരിക്കലും കാണാരുത്തന് കരുതിയ ആളെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാതെ മുഖം താഴ്ത്തി നിന്നു. മായ എന്റെ അടുത്ത് വന്നു എന്നോട് മെല്ലെ പറഞ്ഞു.

"ഞാൻ ഇയാളെ ഒരിക്കലും കാണാൻ ഇടയാകരുതെന്നു പറഞ്ഞിട്ടുള്ളതല്ലെ! ഇയാൾ എന്താ ഇവിടെ?"

"അതൊക്കെ പറയാം, ഞാനും ഇങ്ങിനെ ഇവിടെ പ്രതീക്ഷിച്ചില്ല. വേറൊരു കാര്യം ഉള്ളത് അതല്ല പൊട്ടന്, ഞാൻ ആരാണെന്നു ഇതുവരെ മനസിലായില്ല."

ഇത് പറഞ്ഞു ഞാൻ അമലിന്റെ അടുത്ത് ചെന്ന് ചോദിച്ചു.

"ഞാൻ ആരാണെന്നു മനസ്സിലായോ?"

"എനിക്കങ്ങു മനസ്സിലാകുന്നില്ല. എന്നാൽ ഒരു ചെറിയ പരിചയം പോലെ തോന്നുന്നുണ്ട്. മൊട്ടത്തല മാത്രം മനസ്സിലാകുന്നില്ല."

എന്ന് മായയുടെ മുഖം മറഞ്ഞു നിന്നു പറഞ്ഞു.

"എടാ മണ്ടാ, ഇവളെ മനസ്സിലായോ?"

ഇയാൾ എന്നെ, മണ്ടാ എന്ന് കളിയാക്കി വിളിക്കാൻ, അത്ര അടുത്തവനാണോ!

"ഉവ്"

എന്ന് തെറ്റ് ചെയത ആളെ പോലെ ഒരു ജ്യാളിയതോടെ പറഞ്ഞു.

"ഇവളുടെയും നിന്റെയും ബാച്ചിൽ പോളിടെക്നികിൽ പഠിച്ചതാണ്. പേര് മധു."

" മധു ആണോ!" എന്ന് ആശ്ചര്യത്തിൽ ചോദിച്ചു.

 "നിന്നെ കണ്ടാൽ അറിയില്ല. തീരെ മനസ്സിലായില്ലാട്ടോ. തലയിലെ മുടിയും മുഖത്തെ കട്ടി മീശയും ഇല്ലാതായപ്പോൾ മനസിലാകുന്നില്ല. പിന്നെ തടിച്ചിട്ടും ഉണ്ട്

"നിങ്ങൾ തമ്മിൽ?"

അതിനു മറുപടി പറയാതെ, ഭാര്യയുടെ തിരിഞ്ഞു.

" ങ്ഹാ, ഞാൻ പരിചയപ്പെടുത്താൻ മറന്നു. ഇതെന്റെ ഭാര്യ, മായ എന്നാണ് പേര്. മായ ഇത് അമൽ രാജ് ആളൂർ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ. ഇത് ഞങ്ങളുടെ മകൻ ആദ്യത്യൻ, ആദി എന്ന് വിളിക്കും."

"ഹായ് അങ്കിൾ."

"ഹായ് മോനെ."

അമൽ ഇപ്പോഴും നേരെ നോക്കാതെ നിൽക്കുകയായിരുന്നു.

മായ മെല്ലെ വന്നു പറഞ്ഞു.

"എന്തിനാ അയാളെ ബുദ്ധിമുട്ടിക്കുന്നത്."

"അവൻ നമ്മളെ നന്നായി ബുദ്ധിമുട്ടിച്ചിട്ടില്ലേ."

അമൽ: "പറയുന്നേ. നിങ്ങൾ തമ്മിൽ എങ്ങിനെ ഇങ്ങിനെ ആയി."

"എങ്ങിനെ എന്ന്.! അത് ഒരു കഥയാണ്, ഞങ്ങള്ക് പോകാൻ ധൃതിയുണ്ട്. അടുത്ത ലീവിന് വരുമ്പോൾ, നികുതി അടക്കാൻ വരും അപ്പോൾ ഞാൻ വിശദമായി ആ കഥ പറഞ്ഞു തരാം. നീ ഇവിടെ തന്നെ ഉണ്ടെങ്കിൽ. ഇപ്പോൾ ഞങ്ങൾ പോകട്ടെ."

"ശരി" എന്ന് അവൻ മായയെ നോക്കാതെ പറഞ്ഞു.

ഞങ്ങൾ വണ്ടിയിൽ കയറി കുന്നംകുളത്തേക്ക് യാത്ര തിരിച്ചു.

                                       ------------------                                                       സോമദാസ്കോട്ടയിൽ