Tuesday, July 20, 2021

ബൈക്ക് സവാരി

 

ബൈക്ക് സവാരി

                        വയലിന്റെ നടുവിലൂടെ പോകുന്ന റോഡിനോട് ചേർന്ന ചെറിയ കുളത്തിൽ പശുവിനെ തേച്ചുകെഴുകികൊണ്ടിരുന്ന വേലപ്പേട്ടൻ, എന്തോ പെട്ടന്ന് വീഴുന്ന ശബ്ദം കേട്ടിട്ട് തിരിഞ്ഞു നിന്ന് പുറകിലുള്ള അരയോളം വളർന്നു നിൽക്കുന്ന നെൽ വയലിലേക്ക് അത്ഭുതത്തോടെ നോക്കി. അത്രക്ക് വലിയ ഒരു മുഴക്കത്തോടെ ”പ്ളേ” എന്നുള്ള ശബ്ദമാണ് കേട്ടത്. വേലപ്പേട്ടൻ നിൽക്കുന്നിടത്തു നിന്ന് കുറച്ചു മാറി കണ്ടത്തിന്റെ നടുവിലെ അരക്കൊപ്പമുള്ള നെൽ ചെടികൾ കുറച്ചു നിലം പരിസ്സായി വീണു കിടക്കുന്നത് കണ്ടു. പശുവിനെ കുളത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു കരിങ്കല്ലിൽ കെട്ടി വേഗം നെൽച്ചെടി ഒടിഞ്ഞു കിടക്കുന്നിടത്തേക്ക് നെൽച്ചെടികൾ വകഞ്ഞു മാറ്റി നടന്നു ചെന്നപ്പോൾ കണ്ട കാഴ്ച, അത്ഭുതവും ഭയാനകവുമായ തോന്നി. പിന്നീട് വളരെ വേഗത്തിൽ ഓടി അടുത്ത് ചെന്നു. കണ്ടത്, ഒരു മോട്ടോർ സൈക്കിളിന്റെ അടിയിൽ ഒരാളും ഒരാൾ കുറച്ചു മാറി കിടക്കുന്നതാണ്മോട്ടോർ സൈക്കിൾ ഓഫ് ആയിരുന്നില്ല അതുകൊണ്ട് അടുത്തേക്ക് പോകാൻ ഒന്ന് മടിച്ചു. പിന്നീട് വേഗം തന്നെ മോട്ടോർ സൈക്കിളിന്റെ ഹാൻഡിൽ പിടിച്ചു പൊക്കി. അപ്പോഴേക്കും ദൂരെ കിടന്ന ആൾ വേഗം വന്നു സഹായിച്ചു പൊക്കി. പൊക്കിയപ്പോൾ മോട്ടോർ സൈക്കിളിന്റെ അടിയിൽ ഇരുന്ന ആൾ കാല് വലിച്ചു എടുത്ത് അവിടെ തന്ന ഇരുന്നു.

"മോനെ വല്ലതും പറ്റിയോ? പിന്നെ കണ്ടത്തിലേക്കെങ്ങിനെ വന്നു. റോഡ് കുറെ അകലെയാണല്ലോ?"

"ഇല്ല ചേട്ടാ ഒന്നും പറ്റിയില്ല. ഒന്നും പറയണ്ട ചേട്ടാ. "

 എന്ന്, മോട്ടോർസൈക്കിളിന്റെ അടിയിൽ കൽ പെട്ടവൻ പറഞ്ഞു. ഒന്നും പറ്റിയിട്ടില്ല എന്ന് വെറുതെ പറഞ്ഞതാണ്. കാരണം അവന്റെ പാന്റ്സ് ഉരുകി കാലിൽ ഒട്ടിപിടിച്ചിരിക്കുന്നുണ്ട് ബൈക്കിന്റെ പുക കുഴൽ തട്ടി. അത് വേലപ്പെട്ടനു മനസ്സിലായി. അവർക്ക് രണ്ടു പേർക്കും പ്രായം പതിനാറോ പതിനേഴോ വരികയുള്ളു.

"മക്കളുടെ വീട് എവിടെയാണ്?"

അതിൽ മോട്ടോർ സൈക്കിളിന്റെ അകലെ കിടന്നിരുന്ന പയ്യൻ പറഞ്ഞു.

"ഞങ്ങളുടെ വീട് ആളൂരാണ്."

"എന്തിനാ ഇപ്പൊ മക്കള് ഇവിടേക്ക് ബൈക്ക് യാത്ര നടത്തിയത്.?"

(നർമ്മത്തിൽ ചോദിച്ചു.)

 മോട്ടോർ സൈക്കിളിന്റെ അടുത്ത്  കിടന്നിരുവൻ കാല് തടവിക്കൊണ്ടിരുന്നു. അപ്പോഴേക്കും അകലെ കിടന്നവൻ അത്ര രസിക്കാത്ത പോലെ മറുപടി പറയാൻ തുടങ്ങി.

"അത് പറയാം ചേട്ടാ, അതിനുമുന്നേ ഞങ്ങളുടെ മോട്ടോർ സൈക്കിൾ റോഡിനടുത്തെത്തിക്കാൻ സഹായിക്കാമോ?"

"പിന്നെ എന്താ മക്കളെ, എന്ന പിടിക്ക്."

എന്ന് പറഞ്ഞു മോട്ടോർ സൈക്കിൾ പിടിച്ചു, റോഡിനു നേരെ ആയി തള്ളാൻ ആയി നിന്നു. മൂന്ന് പേരും കൂടി, വേലപ്പേട്ടൻ വകഞ്ഞു വന്ന വഴിയേ തള്ളി കൊണ്ട് നടക്കുമ്പോൾ വേലപ്പേട്ടൻ ചോദിച്ചു.

"എന്താ നിങ്ങടെ പേര്?"

വേലപ്പേട്ടനോട് ആദ്യം മറുപടി പറഞ്ഞവൻ: "ഞാൻ സോമൻ, ഇവന്റെ പേര് ബെന്നി"

"അല്ല ഞാൻ നേരത്തെ ചോദിച്ചതിന് മറുപടി പറഞ്ഞില്ല."

സോമനാണ് അതിനും മറുപടി പറയാൻ തുടങ്ങിയത്.

"ഞങ്ങള് എന്റെ പെങ്ങളുടെ കല്യാണം ക്ഷണിക്കാൻ പോയി വരികയായിരുന്നു."

" കണ്ടത്തിൽ  ആരെ ക്ഷിണിക്കാണ് മക്കളെ!"

എന്ന് ഒരു ചെറു ചിരിയോടെ കളിയാക്കി ചോദിച്ചു. ഇത് പറഞ്ഞപ്പോൾ, ബെന്നി മനസ്സിൽ കരുതി. വേലപ്പേട്ടൻ നല്ല നർമ്മ ബോധം ഉള്ള ആളാണെന്ന്.

"ഒന്നും പറയണ്ട ചേട്ടാ. "

"എന്നാലും, പറയുമോനെ."

"ഇവന്റെ പെങ്ങളുടെ കല്യാണം ക്ഷണിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ച്ച ആയി. ഇന്ന് അകലം  സ്ഥലങ്ങളിൽ ഉള്ള ബന്ധുക്കളുടെ വീടുകളിൽ പറഞ്ഞു കഴിഞ്ഞു. അതിനായി ബൈക്ക് ഞങ്ങൾ ഒരു ആഴ്ചക്ക് വാടകക്ക് എടുത്തതാണ്. നാളെ തിരികെ കൊടുക്കണം. അപ്പോഴാണ് ഇവന് ഒരു ആഗ്രഹം ഒന്ന് ഓടിച്ചു നോക്കണം. ഇവൻ ആളൊഴിഞ്ഞ സ്ഥലത്തു വന്നപ്പോൾ, ഒന്നോടിച്ചു നോക്കാൻ വണ്ടിയിൽ കയറി ഇരുന്നതാണ്. അത് മാത്രമേ എനിക്കോര്മയുള്ളു. പിന്നെ ഓർമ്മ വന്നത് ഞാൻ കണ്ടതിൽ കിടക്കുന്നതാണ്."

ബൈക് തള്ളി കൊണ്ട് കുളത്തിൽ എത്തിയപ്പോൾ വേലപ്പേട്ടൻ.

"അപ്പോ എന്ന പെങ്ങളുടെ കല്യാണം?"

"അടുത്ത ആഴ്ചയാണ്."

"എന്തായാലും ആളൊഴിഞ്ഞ സ്ഥലമായതു നന്നായി മക്കളെ!"

ഇത് പറഞ്ഞു കുളത്തിൽ കെട്ടിയ പശുവിനെ കേഴുകൻ തുടങ്ങി. സോമനും ബെന്നിയും യെസ്ഡി ബൈക്കും കഴുകാൻ തുടങ്ങി.

സോമദാസ്കോട്ടയിൽ


Sunday, July 11, 2021

രക്ഷകൻ


                                                                 രക്ഷകൻ

              ഇന്ന് ചേട്ടൻ എത്തിയില്ലല്ലോ! കഴിഞ്ഞ മൂന്ന് തവണ അബുദാബിയിൽ കാര്യത്തിന് പോയിട്ടു ഏകദേശം നാലുമണിക്ക് മുന്നേ എത്തി. എന്ത് പറ്റിയാവോ? ഇതിപ്പോൾ നാലാമത്തെ തവണയാണ് പുലർച്ചെ നാലരക്ക് എഴുനേറ്റു പോകുന്നത്. കരാമയിൽ നിന്ന് ബർദുർബയി വരെ സിറ്റി ബസ്സിൽ പോയി, അവിടത്തെ ബസ് സ്റ്റാൻഡിൽ നിന്ന് ഇന്റർസിറ്റി ബസിലാണ് പോകുന്നത്. വീട്ടിൽ നിന്നു ഇറങ്ങി, സമയത്തിന് ബസ് കിട്ടുകയാണെങ്കിൽ മൂന്ന് മണിക്കൂർ എടുക്കും അബുദാബിയിലെത്താൻ. രാവിലെ റോഡിൽ തിരക്കില്ലാത്ത കാരണം രണ്ടര മണിക്കൂർ ആകുകയുള്ളു. അബുദാബിയിൽ ബസിറങ്ങി പതിനഞ്ചു മിനിറ്റ് ടാക്സിയിൽ പോകേണ്ട ദൂരം ഉണ്ട്. കോടതി ഏഴരക്ക് തുടങ്ങുമെങ്കിലും ജഡ്ജും ഗുമസ്തന്മാരും എത്താൻ എട്ടുമണി ആകും. കേസ് വിളിക്കാൻ എന്തായാലും എട്ടുമണി ആകും അപ്പോഴേക്കും എത്തിയാൽ മതി. വിളിക്കുന്ന നേരത്തു നമ്മൾ എത്തിയില്ലെങ്കിൽ പിന്നെ അടുത്ത മാസത്തേക്ക് മാറ്റി വെക്കും. അതുകൊണ്ടു ഏഴേമുക്കാലാകുമ്പോൾ തന്നെ ചേട്ടൻ എത്തും എന്ന് പറയാറുണ്ട്. ആലോചിരിക്കുമ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത്. വേഗം എഴുനേറ്റു പോയി വാതിൽ തുറന്നു. തുറന്ന പാടെ ചേട്ടനോട് ചോദിച്ചു. എന്തെ വൈകിയത്? പിന്നെ പോയ കാര്യം എന്തായി? ഇന്ന് കേസ് എടുത്തോ? എന്റെ നിർത്താതെയുള്ള ചോദ്യം കണ്ടിട്ടാകണം ചേട്ടൻ വെറുതെ നോക്കി നിൽക്കുക മാത്രം ചെയ്തു. പിന്നെ ഷു അഴിച്ചു, ഷു റാക്കിൽ വെച്ച് അതിനടുത്ത ചെയറിൽ ഇരുന്നിട്ടു എന്നോട് പറഞ്ഞു.

"ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ തായോ."

ഞാൻ വേഗം പോയി ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്ന ജാറിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുത്തു. ചേട്ടൻ വെള്ളം വാങ്ങി കുടിച്ചിട്ട് പറഞ്ഞു. ഇനി ഓരോ ചോദ്യത്തിനായി മറുപടി പറയാം. നേരം വൈകിയത്, കോടതിയിലെ കാര്യം കഴിഞ്ഞപ്പോൾ എനിക്കിന്ന് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് ചോറുണ്ണാൻ ഒരു കഫ്ത്തീരിയ നോക്കി നടന്നു. കോടതിയുടെ പരിസരത്തുള്ളതിൽ ഒന്നും ചോറില്ലായിരുന്നു. സാധാരണ ഒരു സാൻഡ്വിച്ച് ആണല്ലോ കഴിക്കാറ്. ഇന്ന് ചോറുണ്ണണം എന്ന് കരുതി. ചോറുണ്ടു സാവകാശം വരാമെന്നു വെച്ചു. അതിനായി കുറച്ചു നടക്കേണ്ടിവന്നു. കുറച്ചങ്ങോട്ടു നടന്നപ്പോഴാണ് ഒരു കഫ്ത്തീരിയ കണ്ടത്. അബുദാബിയിൽ ദുബായിലെ പോലെ റസ്റ്റോറന്റുകൾ ഇല്ല. പിന്നെ കേസ് കഴിഞ്ഞു. കെയ്സ് വിളിച്ചു, എന്നിട്ടു ഗുമസ്തൻ പറഞ്ഞു രണ്ടായിരം ദിർഹംസ് ഫൈൻ അടച്ചാൽ മതി എന്ന് ജഡ്ജി ഫയലിൽ എഴുതി വെച്ചിട്ടുണ്ടെന്ന്. കോടതിയുടെ അകത്തേക്കൊന്നും കയറേണ്ടി വന്നില്ല. അത് അടക്കാൻ അടുത്ത ആഴ്ച വരൻ പറഞ്ഞു. ഫൈൻ അടച്ചു ഒരു ആഴ്ച കഴിഞ്ഞാലേ പാസ്പോര്ട്ട് കിട്ടുകയുള്ളു എന്നും, ഗുമസ്തൻ ചോദിച്ചപ്പോൾ പറഞ്ഞു. കെയ്സ് കഴിഞ്ഞുവല്ലോ അതുകൊണ്ട് ഒരു ആശ്വാസം എന്ന് കരുതി സാവകാശം ഉണ്ടിട്ട് വരാമെന്നു വെച്ചു. പിന്നെ ചോറുണ്ട കാരണം ബസ്സിൽ ഇരുന്നു ഞാൻ ഉറങ്ങി. പുഷ് ബാക് സീറ്റായതുകൊണ്ട് വേഗം ഉറങ്ങി പോയത്. അത് കൊണ്ട് കരമാക്കടുത്തുള്ള ബസ് സ്റ്റോപ്പ് ആയ സന സിഗ്നലിൽ ഇറങ്ങാൻ പറ്റിയില്ല. ബർ ദുബായി എത്തിയിട്ടേ ഞാൻ അറിഞ്ഞുള്ളു. പിന്നെ അവിടെന്നു തിരിച്ചു വരേണ്ടി വന്നു. അതാണ് വൈകിയത്.  ഇപ്പോൾ എല്ലാ ചോദ്യത്തിനും ഉത്തരം ആയില്ലേ എന്ന് തമാശ രൂപേണ പറഞ്ഞു.

"അപ്പോൾ ചുരുക്കി പറഞ്ഞാൽ വരുന്ന രണ്ടാഴ്ചയും അബുദാബിയിൽ പോകണം അല്ലെ. പിന്നെ ചേട്ടനെ ചായ വേണോ."

 "വേണം"  

എന്ന് ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ അടുക്കളയിലേക്കു പോകുമ്പോൾ ചേട്ടനോട് പറഞ്ഞു. പോയി ഡ്രസ്സ് മാറി ഒന്ന് കൈയും കാലും കഴുകി വരൂ അപ്പോഴേക്കും ഞാൻ ചായ ഉണ്ടാക്കി തരാം. ചായ എടുക്കാൻ ഞാൻ കെറ്റിലിൽ വെള്ളം എടുത്തു വെച്ചു. വെള്ളം തിളക്കാനായി കാത്തു നിൽകുമ്പോൾ ഞാനോർത്തു. ചേട്ടന്റെ അബുദാബി കോടതിയിൽ പോകാനുണ്ടായ കാരണം. ഒരു വെള്ളിയാഴച നേരത്തു അല്ല ഇതിലും വൈകിയാണ് അബുദാബിക് പോയത്. അന്ന് എന്റെയും ദാസിന്റെയും   നിർബന്ധത്തിനു പോയതാണ്. ചേട്ടന് അന്ന് പോകാൻ ഒരു താല്പര്യം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഊണ് കഴിഞ്ഞു കിടക്കുമ്പോൾ ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. ഞാൻ എല്ലാ വെള്ളിയാഴ്ചത്തെ പോലെ ഉറക്കം കഴിഞ്ഞു അഞ്ചുമണിക് എഴുനേറ്റു. ചായ എടുക്കാനായി അടുക്കളയിലേക്കു പോകാൻ ഹാളിലേക്കു കടന്നപ്പോൾ ദാസും ദിനേശും അവിടെ ഇരുന്നു എന്തോ, എവിടെയോ പോകുന്ന കാര്യം സംസാരിക്കുന്നുണ്ടായിരുന്നു. എന്റെ അനിയൻ ദാസ് അവന്റെ ഉറ്റ കൂട്ടുകാരൻ ദിനേശ്, ദിനേശ് വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ചു ദുബായിൽ വന്നിട്ടു ഒരു മാസം കഴിഞ്ഞിട്ടേയുള്ളു.  ദാസ് ഞങ്ങളുടെ കൂടെ തന്നെയാണ് അന്ന് താമസം. അവന്റെ ഉറ്റ കൂട്ടുകാരനായ കാരണം ദാസിന്റെ റൂമിൽ തൽക്കാലത്തേക്ക് താമസമായിരുന്നുഅവർ എന്നോട് എന്തോ പറയാൻ കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി. അവർ അല്ലെങ്കിൽ വെള്ളിയാഴ്ച ഏഴുമണി വരെ കിടന്നുറങ്ങുന്നവരാണ്.

 "എന്തെ നിങ്ങൾ ഉറങ്ങിയില്ലേ."

അവർ രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

 "ഇല്ല"

പിന്നെ ദാസ് പറഞ്ഞു.

 “ഞങ്ങൾ ചേച്ചി എഴുനേറ്റു വരൻ കാത്തിരിക്കയായിരുന്നു.”

ദാസ് തുടർന്നു പറയാനുണ്ടെന്ന് മനസ്സിലായപ്പോൾ.

"ഞാൻ ഒന്ന് ബാത്ത് റൂമിൽ പോയി ഫ്രഷായിട്ടു വരം, എനിക്ക് മൂത്രമൊഴിക്കാൻ ധൃതിയുണ്ട്."

മൂത്രമൊഴിക്കൽ മാത്രമല്ല. വെള്ളിയാഴ്ചകളിൽ മാത്രമാണ് പകൽ ചേട്ടനുമായി ഉച്ചക്ക് കിടന്നുറങ്ങുന്നത്. അതിന്റെതായ ഒരു ആലസ്യവും ഉണ്ടായിരുന്നു. അതുകൊണ്ടു ചിലപ്പോൾ ഒന്ന് മേല് കഴുകാറുണ്ട്. മേല് കഴുകിയാൽ നല്ല ഉന്മേഷം കിട്ടും. ഞാനത് പറഞ്ഞു ബാത്റൂമിൽ പോയി തിരികെ വന്നു അടുക്കളയിൽ പോയി ചായക്ക് വെള്ളം കെറ്റിലിൽ വെച്ചു അവരുടെ അടുത്ത് വന്നു ചോദിച്ചു.

" എന്താ ദാസ് പറയാൻ വന്നത്." 

"ഒന്നുമില്ല, നമുക്ക് ഇന്ന് ഒന്ന് അബുദാബി പോയാലോ"

" എന്തേ പെട്ടന്നൊരു തോന്നൽ "

“പെട്ടെന്നല്ല, ഇന്നലെ ഇവന്റെ മാമൻ അവനെ ഫോൺ ചെയ്തു പറഞ്ഞു. മാമൻ അടുത്ത ബുധനാഴ്ച നാട്ടിൽ പോകുന്നു എന്ന്. പറ്റുമെങ്കിൽ ഒന്ന് ചെല്ലാനും പറഞ്ഞു. അപ്പോൾ ആലോചിച്ചപ്പോൾ പോകാം എന്നുകരുതി. തന്നെയുമല്ല ഇവൻ ഒരു സ്വർണ മാല അമ്മക്കു വാങ്ങിച്ചു വെച്ചിട്ടുണ്ട് അത് കൊണ്ട് കൊടുക്കുകയും ആകാം.” "അങ്ങിനെയാണെങ്കിൽ നമുക് രാവിലെ പോകാമായിരുന്നില്ലേ. എന്തെ ഇന്നലെ പറഞ്ഞില്ല. അത് കൂടാതെ ദിനേശിനെങ്ങിനെയായാണ് സ്വർണ മാല വാങ്ങാൻ കഴിയുന്നത്. വിസിറ്റിൽ ജോലി അന്വേഷിക്കുന്ന ആൾ. അല്ല ഞാൻ വെറുതെ ചോദിച്ചതാണ്."

ദാസാണ് അതിനു മറുപടി പറഞ്ഞത്.

അത് ഞാൻ അവനു കടം കൊടുത്തിട്ടു അവൻ വാങ്ങിച്ചതാണ്. പിന്നെ ഇന്നലെ രാത്രി ഞങ്ങൾ പുറത്തു പോയപ്പോൾ മാമനെ വിളിച്ചപ്പോഴാണ് പോകുന്ന കാര്യം പറഞ്ഞത്."  “ വന്നു ജോലി കിട്ടുന്നതിന് മുൻപ് കടം വാങ്ങിച്ചു സ്വർണം വാങ്ങിക്കുന്നത് ആദ്യമായി ഞാൻ കേൾക്കുകയാണ്."  

ഇതിപ്പോൾ അവന്റെ മാമാനല്ലേ പോകുന്നത് അതുകൊണ്ടു വാങ്ങാമെന്നു വെച്ചത്. വേറെ ആളുകളുടെ കൈയിൽ കൊടുത്തയക്കാൻ പറ്റില്ലല്ലോ? പിന്നെ നമുക്ക് അധിക സമയം അവിടെ നിൽക്കണ്ട അത് കൊടുത്ത വേഗം വരം.”

അപ്പോഴേക്കും കേറ്റിലിലെ വെള്ള തിളച്ചിരുന്നു. ഞാൻ പോയി ചായ എടുത്തു വന്നു അവർക് രണ്ടു പേർക്കും കൊടുത്തു. തിരിച്ചു പോയി ചേട്ടനുള്ളത് എടുത്തു കൊണ്ട് വന്നു ഡൈനിങ്ങ് ടേബിളിൽ വെച്ചു. ബെഡ് റൂമിൽ പോയി ചേട്ടനെ വിളിച്ചു. പിന്നെ രാഹുലിനെയും ദേവികയെയും അവർ കിടക്കുന്ന ബെഡ്റൂമിൽ പോയി വിളിച്ചു തിരിച്ചു വന്നു. ചേട്ടൻ മുഖം കഴുകി വന്നിരുന്നപ്പോൾ, ഞാൻ ചേട്ടനോട് പറഞ്ഞു.

 "ഇവർ പറയുകയാണ് നമുക്കിന്നു ഒന്ന് അബുദാബി പോയാലോ എന്ന് "

" എന്തെപ്പോ പെട്ടന്ന്."

"ദിനേശിന്റെ മാമൻ നാട്ടിൽ പോകുന്നു, അപ്പോൾ മാമെന്റെ കൈയിൽ ഒരു മാല കൊടുത്തയാക്കാനാണ്."

"അതിപ്പോഴാണോ അറിഞ്ഞത്"

"അവനോട് ഇന്നലെ രാത്രിയാണ് മാമൻ പറഞ്ഞതത്രെ."

"എന്തേ മാമൻ പെട്ടന്ന്?"

"പെട്ടെന്നല്ല, പറയാൻ വിട്ടുപോയതാണ്."

"എന്നാൽ, ഇന്നലെ രാത്രി പറഞ്ഞാൽ അതിനനുസരിച്ചു നേരത്തെ പോകാമായിരുന്നല്ലോ?

"അത് ഇന്നുച്ചയ്ക്ക് കിടന്നതിനു ശേഷമാണ് ഞങ്ങൾ പോകാം എന്ന് ആലോചിച്ചത്."

"ഇന്നിപ്പോൾ രാത്രി പോകണോ?"

“നാളെ മുടക്കല്ലേ നേരം വൈകി എത്തിയാലും കുഴപ്പമില്ലല്ലോ."  

എന്ന് ദാസ് പറഞ്ഞു. 

ചേട്ടൻ ക്ലോക്കിലേക്കു നോക്കുത് കണ്ട് ഞാൻ പറഞ്ഞു, സമയം അഞ്ചര ആയി.

"ഇന്ന് തന്നെ പോകണോ"

"നാളെ മാമനെ ജോലി ഉണ്ട് അപ്പോൾ നാളെ പോകാമെന്നു വെച്ചാൽ, മാമനെ കാണാൻ പറ്റില്ലല്ലോ " എന്ന് ദിനേശ്.

ചേട്ടന്റെ മുഖം കണ്ടിട്ടു അത്ര പിടിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ ചേട്ടനോട് പറഞ്ഞു.

 "നമുക് പോകാം ചേട്ടാ, വേഗം പോയി വരം"

ചേട്ടൻ മനസ്സില്ല മനസോടെ പറഞ്ഞു.

 "എന്നാൽ വേഗം യാത്രയാകു, എനിക്കൊന്നു കുളിക്കണം"

ചേട്ടനോട് ഞാൻ പറഞ്ഞു കുളിക്കൊന്നും വേണ്ട ഒന്നും മുഖവും കാലും കഴുകി ഫ്രഷ് ആയാൽ മതി. ചേട്ടൻ എപ്പോഴും അങ്ങിനെയാണ് ഉറങ്ങി എഴുന്നേറ്റാൽ കുളിച്ചതിനു ശേഷമേ കാർ ഓടിക്കാറുള്ളു. ഞാൻ വീണ്ടും ചേട്ടനോട് പറഞ്ഞു കുളിക്കൊന്നും വേണ്ട. കുളിക്കാൻ നിന്നാൽ നേരം പോകും എന്ന്. അത് കേട്ട് ചേട്ടൻ കുളി വേണ്ടാന്ന് വെച്ചു. ഞാൻ പോയി രാഹുലിനോടും ദേവികയോടും അബുദാബി പോകാൻ ഡ്രസ്സ് മാറാൻ പറഞ്ഞു. അവർ അത് കേൾക്കേണ്ട താമസമില്ല വേഗം തന്നെ ഡ്രസ്സ് മാറാൻ തുടങ്ങി. ഞങ്ങൾ വേഗം ഡ്രസ്സ് മാറി താഴെയിറങ്ങി കാറിൽ കയറി. ഇവിടത്തെ നിയമനുസരിച്ചു ഡ്രൈവർ അടക്കം അഞ്ചു പേർക്ക് കാറിൽ പോകാൻ പറ്റു ഇതിപ്പോൾ ആറു പേരുണ്ട്. ചേട്ടൻ പറഞ്ഞു നമ്മൾ ഓവർ സീറ്റിംഗിൽ ആണ് പോകുന്നത്. പോലീസ് പിടിച്ചാൽ ഫൈൻ കൊടുക്കേണ്ടി വരും. അത് പറഞ്ഞപ്പോൾ ദാസ്.

 " അളിയന് എല്ലാറ്റിനും പേടിയാണ്."

പേടിയല്ല ദാസാ, പോലീസ് പിടിച്ചാൽ ഒരു മുന്നൂറോ നാനൂറോ ദിർഹം ഫൈൻ കൊടുക്കേണ്ടിവരും. പിന്നെ നമ്മുടെ സുരക്ഷക്ക് കൂടി ആണ് അങ്ങിനെ നിയമം ഉണ്ടാക്കിയിരിക്കുന്നത്."

കാർ ഹോണ്ട അക്കോർഡ് ആയ കാരണം പിന്നിൽ വണ്ണം അധികമില്ലാത്ത നാല് പേർക് ഇരിക്കാം. രാഹുൽ തീരെ വണ്ണമില്ലാത്ത കാരണം, ഒരാൾ മുന്നിലേക്ക് കുറച്ചു കായറിയിരുന്നാൽ മതി. ദീർഘ ദൂരം പോകുമ്പോൾ അത് കുറച്ചു ബുദ്ധിമുട്ടാണ്. ഇടക്ക് രാഹുലിനെ പിടിച്ചു ദിനേശ് മടിയിൽ ഇരുത്താമെന്നു പറഞ്ഞു. ഞങ്ങൾ ദിനേശ് വന്നതിനു ശേഷം എല്ലാവരും കൂടി ആദ്യമായാണ് പോകുന്നത്. പോകാതിരുന്നതിനു കാരണം ഓവർ സീറ്റിങ് തന്നെ.  ചേട്ടൻ കാറിൽ കയറിയിരുന്നിട്ടും പറഞ്ഞു.

 "എനിക്ക് കുളിക്കാതെ പോകുന്നതിൽ എന്തോ ഒരു ഇത്. വാഹനം ഒരു സത്യമുള്ളതാണ്." " ചേട്ടന്റെ കാര്യം, അതൊക്കെ ചേട്ടന്റെ തോന്നലാ. അത് ശരിയാകാൻ നമുക് വഴിൽ നിർത്തി എന്തെങ്കിലും കുടിച്ചിട്ട് പോകാം."

ചേട്ടന് കാർ സ്റ്റാർട്ട് ചെയ്ത് പോകാൻ തുടങ്ങിയപ്പോൾ ചേട്ടൻ ചോദിച്ചു.

 "പിന്നിൽ ഇരിക്കാൻ കുഴപ്പമൊന്നുമില്ലല്ലോ?"

ഞങ്ങൾ കരമാ കഴിഞ്ഞു അബുദാബിക് പോകുന്ന ഷെയ്ഖ് സായിദ് റോഡിൽ കയറി ഏകദേശം അരമണിക്കൂർ ആയപ്പോൾ ചേട്ടന് ചായ കുടിക്കണം എന്ന് പറഞ്ഞു.

"ഒരു മണിക്കൂർ മുമ്പല്ലേ ചായ കുടിച്ചത്, കുറച്ചു കൂടി പോയിട്ടു പോരെ"

അത് ഞാൻ പറഞ്ഞപ്പോൾ ചേട്ടൻ അതുമതി എന്ന് തല കുലിക്കി. അബുദാബി ദുബായ് ബോർഡർ ആയ ഖാൻതൂത്ത് എന്ന സ്ഥലത്തുള്ള അഡ്നോക് പെട്രോൾ പമ്പിൽ കാർ നിർത്തി. ചായ എല്ലാവര്ക്കും വാങ്ങിച്ചു കുടിക്കുമ്പോൾ ചേട്ടൻ പറഞ്ഞു.

 "ഇന്നിപ്പോൾ എപ്പോഴാ തിരികെ എന്ന് നിശ്ചയമുണ്ടോ?"  

"അതിനു അവിടെ അധികം നില്കാതെ നമുക് വേഗം പോരാം"

മുസഫയിലുള്ള ദിനേശിന്റെ മാമന്റെ റൂം, നേരത്തെ ഖാൻതൂത്ത് പെട്രോൾ പമ്പിലെ ബൂത്ത് ഫോണിൽ നിന്ന് വിളിച്ചു ചോദിച്ചു മനസ്സിലാക്കിയത് പ്രകാരം, അധികം ചുറ്റിത്തിരിയാതെ എത്തി. ദിനേശിന്റെ മാമൻ ചായ കുടിക്കാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു. അരമണിക്കൂറിൽ അധികം നേരം അവിടെ ഞങ്ങൾ ഇരുന്നു. ദിനേശ് മാല കൊടുത്തു. അവർ തമ്മിൽ മാറി നിന്ന് സംസാരിക്കുന്നുണ്ടായി. ഇറങ്ങാൻ നേരത്തു, ഞങ്ങൾ ആറു പേരുള്ളത് കാരണമാകാം മാമൻ ഭക്ഷണം കഴിഞ്ഞിട്ടു പോകാം എന്ന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. മാമൻ നിര്ബന്ധിച്ചാലും ഞങ്ങൾ അവിടെ നിന്ന് കഴിക്കുമായിരുന്നില്ല. ആറു പേർക് കഴിക്കാനുള്ള കൂടുതൽ ഭക്ഷണം ഒരിക്കലും   ഒരു ബാച്ലർ റൂമിൽ ഉണ്ടാകില്ല എന്നറിയാം. ഞങ്ങൾ അത് വേണ്ട എന്ന് പറഞ്ഞു. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയപ്പോൾ സമയം ഒമ്പതു ആയിക്കാണും. തിരികെ പോകുകയല്ലേ എന്ന് ചേട്ടൻ ചോദിച്ചപ്പോൾ, ദാസ് പറഞ്ഞു.

 "ഏതായാലും ഇവിടെ വരെ വന്നതല്ലേ, നമുക്ക് അബുദാബി സിറ്റിയിൽ പോയി ഭക്ഷണം കഴിച്ചിട്ടു പോകാം.”

“ഇനിയിപ്പോൾ നമ്മൾ തിരികെ ദുബായിൽ എത്തുമ്പോൾ ഭക്ഷണത്തിന്റെ സമയം വൈകുമല്ലോ."  

"അത് ശരിയാണല്ലോ "

ഞാനും പറഞ്ഞു.  അത് കേട്ടപ്പോൾ ചേട്ടൻ അബുദാബി സിറ്റിയിൽ പോകേണ്ട വഴി ചോദിക്കാനായി കാർ സൈഡിൽ പാർക്ക് ചെയ്തു മറ്റൊരു വണ്ടിക്കാരനോട് ചോദിച്ചു മനസ്സിലാക്കി വന്നു കാർ സ്റ്റാർട്ട് ചെയ്തു പോകാൻ തുടങ്ങി. മുസഫയിലെ ചെറിയ റോഡിൽ നിന്ന് അബുദാബി സിറ്റിയിലേക്ക് പോകുന്ന മെയിൻ റോഡ് കയറിയപ്പോൾ കാർ സ്പീഡ് നല്ല പോലെയുണ്ടായിരുന്നു. സ്പീഡ് കൂടിയപ്പോൾ ഞാൻ ചേട്ടന്റെ മുഖത്തേക് നോക്കി. ചേട്ടൻ അത് കുഴപ്പമില്ല എന്നുള്ള മട്ടിൽ അതെ സ്പീഡിൽ പോയിക്കൊണ്ടിരുന്നു. മുസഫയിൽ നിന്ന് അബുദാബിക് പോകുമ്പോൾ വലിയ ഇന്റർ ചേഞ്ച് (വലിയ മേല്പാലങ്ങൾ ഉള്ള റോഡ് ജംഗ്ഷൻ) കഴിഞ്ഞു ഏകദേശം പത്തുമിനിറ്റ് കഴിഞ്ഞു കാണും, കാർ ഒരു വലിയ വളവിൽ ഒരു കയറ്റം കയറി പാലം കഴിഞ്ഞു ഇറങ്ങുകയായിരുന്നു. ഇറങ്ങുന്നത് അബുദാബി എയർ പോർട്ട് റോഡിലേക്കായിരുന്നു. അത് ഓരോ ഭാഗത്തും നാല് വരിയുള്ള റോഡ് ആണ്. നല്ല സ്പീഡിലായിരുന്നു അപ്പോൾ ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി. ഇറക്കം ഇറങ്ങി വരുന്ന ഭാഗത്തു റോഡിലെ വിളക്കുകൾ കത്തിയിട്ടുണ്ടായിരുന്നില്ല. വളവു തിരിഞ്ഞു ഇറക്കം ഇറങ്ങുമ്പോൾ ഒന്ന് കൂടി സ്പീഡ് കൂടിയിരുന്നു. ചേട്ടന്റെ ശ്രദ്ധയിൽ വന്നില്ലെന്ന് തോനുന്നു. ഇറക്കം ഇറങ്ങി വരുമ്പോൾ ഞങ്ങൾ നാല് വരിയുള്ള പാതയിൽ ഏറ്റവും വേഗതയിൽ പോകുന്ന വരിയിലായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. പെട്ടന്ന് ദാസ് ദേ അളിയാ മുന്നിൽ വണ്ടി എന്ന് ഉറക്കെ പറയലും, ചേട്ടൻ ബ്രേക്ക് നല്ല ശക്തിയിൽ ചവുട്ടിയതും ഒപ്പമായിരുന്നു. ഏകദേശം ഒരു ഇരുനൂറു മീറ്റർ അകലെയുള്ളപ്പോഴാണ് ദാസ് പറഞ്ഞത്. ബ്രേക്ക് ചവുട്ടിയെങ്കിലും കാർ നില്കാതെ റോഡിലൂടെ തെന്നി നിരങ്ങി മുന്നിൽ കണ്ട കാറിൽ ചെന്നിടിച്ചതും ഒപ്പമായിരുന്നു. അത്രയും നല്ല സ്പീഡിലായിരുന്നു കാർ.  ഇടിച്ചപ്പോൾ തന്നെ മുന്നിലെ രണ്ടു എയർ ബാഗു തുറന്നു വലിയ ബലൂൺ ആയി ഞങ്ങളുട രണ്ടു പേരുടെയും നെഞ്ചിലും മുഖത്തുമായി വന്നു അമർത്തി നിന്നുഅതുകൊണ്ടു ഞങ്ങളുടെ തല കാറിന്റെ ഡാഷ് ബോർഡിൽ ചെന്നിടിക്കാതെ രക്ഷപെട്ടു. അതെ സമയം പിന്നിൽ എല്ലാവരും കൂടി അയ്യോ എന്ന് നിലവിളിച്ചു. ഇതിനിടയിൽ ചേട്ടൻ കാർ ഓഫ് ചെയ്തു. പക്ഷെ പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല. ചേട്ടൻ പേടിച്ചു വെപ്രാളപ്പെട്ടു കാറിന്റെ സെന്റർ ലോക്ക് ഓൺ ചെയ്യാതെയാണ് തുറക്കാൻ ശ്രെമിച്ചിരുന്നത്.

"സെന്റർ ലോക്ക് ഓപ്പൺ ചെയ്യൂ"

എന്ന് പറഞ്ഞപ്പോഴാണ് ചേട്ടന് അത് ഓർമവന്നത്. അത് ചെയ്തപ്പോൾ ദാസ് പുറത്തേക്കിറങ്ങി എന്റെ സൈഡിലുള്ള ഡോർ തുറന്നു തന്നു. പിന്നെ ചേട്ടന്റെ സൈഡിലെ ഡോർ തുറന്നു കൊടുത്തു. ചേട്ടൻ പുറത്തിറങ്ങി എല്ലാവരോടും വല്ലതും പറ്റിയോ എന്ന് ചോദിച്ചു. ദിനേശിന് ഇറങ്ങാൻ പറ്റുന്നില്ല. അവന്റെ കാലിന്റെ മുട്ട് ഞാനിരുന്നു സീറ്റിനിടയിൽ പോയി കുടുങ്ങിയിരുന്നു. ചേട്ടനും ദാസും കൂടി സീറ്റ് മുന്നിലേക്ക് തള്ളി മാറ്റി. അതിനു ശേഷം രാഹുലിനെ മടിയിൽ നിന്നിറക്കിയപ്പോഴാണ്, രാഹുലിന്റെ തലയിൽ നിന്നു രക്തം വരുന്നത് കണ്ടത്. അത് കണ്ടതും ഞാൻ ഉറക്കെ കരയാൻ തുടങ്ങി. രാഹുലിന്റെ തല ഡോറിൻറെ സൈഡിലെ സ്റ്റീൽ ഹാൻഡ്ലിൽ ഇടിച്ചായിരിക്കണം മുറിവുണ്ടായത്. ഞങ്ങൾ ആരും തന്നെ ചെന്നിടിച്ച കാറിനെ ശ്രെദ്ധിച്ചില്ല. പിന്നിൽ മറ്റു വണ്ടികൾ ഉണ്ടായിരുന്നില്ല അതുകൊണ്ട് ഞങ്ങളുടെ കാറിൽ വേറെ ഇടിക്കാതെ രക്ഷ പെട്ടു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ വണ്ടികൾ ഹോൺ അടിച്ചു   വരുന്നുണ്ടായിരുന്നു ഞങ്ങളുടെ കാറ് മാറുന്നില്ല മനസ്സിലായി അവർ മാറി പോകുന്നുണ്ടായിരുന്നു. ആരും നിർത്തുന്നില്ല വേഗത കുറച്ചു എന്താണ് സംഭവിച്ചതെന്ന് നോക്കുക മാത്രം ചെയ്തു പോയി. എന്റെ കരച്ചിൽ കേട്ടിട്ട് ചേട്ടൻ ഓടി വന്നു എന്തെ എന്ന് ചോദിച്ചു. ഞാൻ രാഹുലിന്റെ തല ചൂണ്ടി കാണിച്ചു.

" അയ്യോ രക്തം നന്നായി വരുന്നുണ്ടല്ലോ.”

 നമുക് വേഗം ഹോസ്പിറ്റലിൽ പോകാമെന്നു ദിനേശ് കാല് വലിച്ചു വെച്ചു വന്നു പറഞ്ഞു. സമയത്ത് ആംബുലസിന് വിളിക്കുന്നതിന് പകരം, എന്ത് ചെയ്യണമെന്നറിയാതെ ചേട്ടൻ അപ്പോഴേക്കും വരുന്ന വണ്ടികൾക്ക് കൈ കാണിച്ചു നിർത്താൻ വേണ്ടി. കുറച്ചു വണ്ടികൾ കടന്നു പോയി ആരും തന്നെ നിർത്തിയില്ല. പിന്നെ ചേട്ടൻ സ്വയം പറഞ്ഞു ആരും ആക്സിഡന്റ് ആയ കാരണം കൊണ്ട് പോകില്ല. അതിൽ ധൈര്യം കാണിക്കാറുള്ളത് പട്ടാണികൾ മാത്രമാണ്. അവർ ഒന്നും നോക്കാതെ എടുത്തു കൊണ്ട് പോകാറുണ്ട്. നമുക്ക് പോലീസിനെ വിളിക്കേണ്ടി വരും. ദിനേശനും ദാസും രാഹുലിനെ താങ്ങി പിടിച്ചിട്ടുണ്ട്. അപ്പോഴാണ് ഒരു വെളുത്ത നിസ്സാൻ പട്രോൾ ഫോർ വീൽ ഡ്രൈവ് വണ്ടി ഞങ്ങൾ നിൽക്കുന്നതിന്റെ മുന്നിൽ ഹസാഡ് ലൈറ്റ് ഇട്ടു കൊണ്ട് നിർത്തി. അതൊരു ഇവിടുത്തകാരൻ അറബി ആയിരുന്നു. വെളുത്ത കന്തൂറയും വെളുത്ത തുണിയിലുള്ള തലേകെട്ടാണ് അയാളുടെ വേഷം. അതുകൊണ്ട് ഇവിടുത്തുകാരനാണ് എന്ന് മനസ്സിലായി. അയാൾ പകുതി ഇംഗ്ലീഷും അറബിയും കലർന്ന ഭാഷയിൽ എന്ത് പറ്റി എന്ന് ചോദിക്കുമ്പോൾ തന്നെ രാഹുലിന്റെ തലയിൽ നിന്നു രക്തം വരുന്നത് കണ്ടു. അയാൾ വേഗം വണ്ടിയിൽ കയറു എന്ന് പറഞ്ഞു. ചേട്ടൻ എന്തോ വണ്ടിയിൽ കേറാൻ മടിച്ചു നില്കുന്നത് കണ്ടു അറബി പറഞ്ഞു.

 "നീയും കയറ്."  

വണ്ടിയിൽ എല്ലാവരും കയറി അയാൾ വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ, ചേട്ടൻ കാറ് ഇടിച്ചു കിടക്കുന്നിടത്തേക് തിരിറിഞ്ഞിരുന്നു നോക്കുന്നുണ്ടായിരുന്നു. എന്നിട്ടു പറഞ്ഞു അതൊരു മെഴ്സിഡസ് കാർ ആണ്. അത് വേറെ വണ്ടിയിൽ ഇടിച്ചു കിടക്കുകയാണ്, അത് കാരണമാണ് അതിലെ ആൾക്കാരെ ഒന്നും കാണാത്തത്. അവരെല്ലാം കാറിൽ നിന്നിറങ്ങി അവിടെ റോഡിൽ നിന്നു മാറി നില്കയായിരുന്നു. അവർ വണ്ടി ഇടിച്ചതിനു ശേഷവും സ്പീഡ് ട്രാക്കിൽ നിന്ന് മാറ്റിയിടാതെ അവിടെ തന്നെ ഇട്ടിരിക്കായിരുന്നു. ഇത് പറയുന്നതിടയിൽ അറബി ചോദിച്ചു.

 "ആരാണ് കാർ ഓടിച്ചിരുന്നത്?"  

ഞാനെന്നു ചേട്ടൻ പറഞ്ഞു.

 “ശരിക്കു നീ അവിടെ നില്കേണ്ടതാണ്. പോലീസ് വന്നിട്ട് നീ അവിടെന്നു പോകാൻ പാടുള്ളു.  മുറിവുണ്ടായി രക്തം വന്നതുകൊണ്ട്, നിന്നെ പോലീസ് നേരെ പോലീസ് സ്റ്റേഷനിലേക് കൊണ്ട് പോകും. അതുകൊണ്ടാണ് ഞാൻ എല്ലാവരോടും കയറാൻ പറഞ്ഞത്.”

 ഇതിനിടയിൽ രാഹുലിനെ നോക്കിയിട്ടു പറഞ്ഞു.

“രക്തം വരുന്നിടത് കൈ കൊണ്ട് അമർത്തി പിടിക്ക്.“

ചേട്ടനോടായി അറബി: “നീ അവിടെന്നു പോന്നതിനു നിനക്കു ഫൈൻ വേറെ അവർ തരും. അത് വരാതിരിക്കാൻ, നീ ഒരു കാര്യം ചെയ്തോളു. ഹോസ്പിറ്റലിൽ എത്തിയാൽ അവിടെ ബെഞ്ചിൽ ചെന്നിരുന്നു കുറച്ചു കഴിഞ്ഞു ബോധം പോയ പോലെ കിടന്നോ. പിന്നെ അവർ കരുതിക്കോളും നിനക്ക് വയ്യാത്തതു കൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ് എന്ന്. ചേട്ടൻ അറബിയുടെ പേര് ചോദിച്ചു, നീ എന്തിനാ പേരൊക്കെ അറിയുന്നത് നിനക്കു വേഗം ഹോസ്പിറ്റലിൽ എത്തിയാൽ പോരെ. പിന്നെ ഹോസ്പിറ്റലിൽ ആരാ കൊണ്ട് വന്നതെന്ന് ചോദിച്ചാൽ, ഒരാൾ ഞങ്ങളെ ഇവിടെ കൊണ്ട് വന്നിറക്കി പോയി എന്ന് മാത്രം പറഞ്ഞാൽ മതി. ആളെ അറിയില്ല എന്ന് പറയണം.”

 ഞങ്ങളെ അബുദാബിയിലെ ഖലീഫ ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ കൊണ്ട് നിർത്തി. എല്ലാവരും ഇറങ്ങിയ ശേഷം, ചേട്ടൻ അറബിയോട് നന്ദി പറയുന്നതിന് മുൻപ് തന്നെ, അയാൾ വേഗത്തിൽ ഓടിച്ചു പോയി. ചേട്ടൻ അയാളോട് നന്ദിയുണ്ടെന്നർത്ഥത്തിൽ കൈ വീശി. ദാസും ദിനേസും കൂടി രാഹുലിനെ പിടിച്ചിറക്കുന്നതു കണ്ടപ്പോൾ അതിഹീത വിഭാഗത്തിലെ രണ്ടു അറ്റെൻഡർമാർ സ്ട്രെച്ചറും കൊണ്ട് വന്നു രാഹുലിനെ അതിൽ കിടത്തി കൊണ്ട് പോയി. ഞങ്ങളും ഒപ്പം പോയി. ആദ്യം തന്നെ പരിശോധിക്കുന്ന റൂമിൽ എത്തിയപ്പോൾ വേഗം തന്നെ ഡോക്ടർ വന്നു രാഹുലിന്റെ തലയിലെ മുറിവ് പരിശോധിച്ചു ഡ്രസ്സ് ചെയ്തു എന്നിട്ടു സ്കാൻ ചെയ്യാൻ കൊണ്ടുപോയി. മുറിവ് തലയോട്ടിയിലേക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞുപിന്നീടാണ് ഈജിപ്ഷൻ ഡോക്ടർ എന്ത് പറ്റിയതാണെന്ന് ചോദിച്ചു. കാർ ആക്സിഡന്റ്റ് ആണുണ്ടായതെന്നു പറഞ്ഞപ്പോൾ ഡോക്ടർ ഫോൺ എടുത്ത് ഡയല് ചെയ്തു അറബിയിൽ സംസാരിച്ചു വെച്ചു. പിന്നീട് എല്ലാവരെയും ഡോക്ടർ പരിശോധിച്ചു. അതിൽ എന്നെയും ദിനേശിനും വേറെ വേറെ ബെഡിൽ കിടത്തി. എന്റെ വലതു വാരിയെല്ലിന്റെ ഭാഗത്തു എനിക്ക് നല്ല വേദനയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം, എന്റെ എക്സറേ എടുക്കണം എന്നും പറഞ്ഞു. ദിനേശിന്റെ മുട്ടിൽ ബാൻഡേജ് കെട്ടി കൊടുത്തു. അപ്പോഴാണ് ചേട്ടനെ രണ്ടു പേര് താങ്ങി കൊണ്ട് വന്നു വേറെ ബെഡിൽ കിടത്തുന്നത് കണ്ടത്. ചേട്ടനെ കണ്ടിട്ടു ബോധം പോയ പോലെ ഉണ്ട്. പോയതാണോ, അറബി പറഞ്ഞത് പ്രകാരം അഭിനയിച്ചതാണോ എന്നറിയില്ല. നേഴ്സ് പ്രെഷർ ചെക് ചെയുന്നുണ്ട്. ഇനിയിപ്പോൾ രാഹുലിന്റെ കാര്യം കേട്ടിട്ടു ടെൻഷൻ ആയിട്ടാണോ എന്നറിയില്ല. ദേവികക്കും ദാസിനും ഒന്നും പറ്റിയിരുന്നില്ല കാറിന്റെ സീറ്റിൽ ചെന്നിടിച്ച വേദനയല്ലാതെ. ദേവിക പേടിച്ചു കരഞ്ഞുകൊണ്ട് എന്റെ അരികെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും രണ്ടു പോലീസുകാർ വന്നു ഡോക്ടറോട് ചോദിക്കുന്നുണ്ടായിരുന്നു. ഡോക്ടർ ഓരോത്തരെയും ചൂണ്ടി കാണിച്ചു വിശദികരിക്കുന്നുണ്ടായിരുന്നു. അറബിക്കിൽ ആയ കാരണം എന്താണെന്നു മനസ്സിലായില്ല. അവർ പിന്നെ ദിനേശിന്റെ അരികിൽ വന്നു ചോദിക്കുന്നത് കണ്ടു. ദാസ് അവന്റെ അരികെയിലേക്കു ചെന്നു. അതുവരെ എന്റെ അടുത്ത് നിൽക്കുകയായിരുന്നു. ദിനേശിന് മലയാളമല്ലാതെ ഒന്നും അറിയാത്ത കാരണം ചോദിക്കുന്നതെന്തെന് മനസിലാകാതെ മിഴിച്ചു നിന്ന് ദാസ് എവിടെയാന്നെന്നു നോക്കുകയായിരുന്നു. അബുദാബി പോലീസിനും കാര്യമായ ഇംഗ്ലീഷ് അറിയില്ല എന്നുള്ളത് വേറെ കാര്യം. ദാസ് അടുത്ത ചെന്നപ്പോൾ, ദാസിനോട് നിനക്കു അറബിക് സംസാരിക്കാൻ അറിയുമോ എന്ന് ആദ്യം ചോദിച്ചു. മാഫി എന്ന് പറഞ്ഞപ്പോൾ ഒരു പോലീസുകാരൻ പാതി ഇംഗ്ലീഷും അറബിയും കലർത്തി

 "ആരാ കാർ ഓടിച്ചിരുന്നത്."

ദാസ് ചേട്ടനെ ചൂണ്ടി കാട്ടി പറഞ്ഞു.

 "അയാളാണ്".

ഉടനെ പോലീസ് ചേട്ടന്റെ ബെഡിനരികിൽ ചെന്ന് നോക്കി. പിന്നീട് ദാസിനോട് ചേട്ടന്റെ പേരെന്താണെന്നു ചോദിച്ചു.

 "ശിവൻ

പോലീസ് ചേട്ടനെ മെല്ലെ തോളിൽ തട്ടി അറബിക് സ്ലാങ്ങിൽ.

 "ഷിവാൻ, ഷിവാൻ "

എന്ന് വിളിച്ചു. ചേട്ടൻ അനങ്ങുന്നുണ്ടെങ്കിലും കണ്ണ് തുറക്കുന്നുണ്ടായിരുന്നുല്ലബോധം വരുമ്പോൾ ഞങ്ങളുടെ അടുത്ത വന്നു പറയണം എന്ന് പറഞ്ഞു അവർ അവരുടെ റൂമിലേക്ക് പോയി.

"പാറു നീ എന്താലോചിച്ചു നിൽക്കണ്, ദേ കെറ്റിലിൽ വെള്ളം തിളച്ചു ഓഫായിട്ടു കുറച്ചു നേരമായി."

പുറകിൽ നിന്ന് ചേട്ടൻ ഇത് പറഞ്ഞപ്പോഴാണ്, ചായയുടെ വെള്ളം തിളച്ചു കെറ്റിൽ ഓഫായിട്ടുണ്ടായിരുന്നു. ചായ എടുത്തു ചേട്ടന് കൊണ്ട് കൊടുത്തു. എന്നിട്ടു ഞാൻ ചോദിച്ചു.

 "എന്നാലും അറബി എന്തെ നമ്മളോട് ഒന്നും പറയാതെ വേഗം തന്നെ പോയത്." "അയാൾക് നമ്മളെ സഹായിക്കണമെന്ന് തോന്നിപ്പിച്ചു, അതുകൊണ്ട് അയാൾ അത് ചെയ്തു പോയി. അയാളുടെ ധൗത്യം നമ്മളുടെ ജീവിതത്തിൽ അത്രേയേയുള്ളു എന്ന് മനസ്സിലാക്കാം. മറ്റു വിവരങ്ങൾ അയാൾക്ക് എന്തിനു നമ്മളോട് വിശദികരിക്കണം. നമ്മളുടെ അയാൾക്കും അറിയണം എന്ന് എന്ത് പ്രസക്തി.”

" ദൈവത്തിന്റെ കരങ്ങൾ നമ്മളോടൊപ്പം ഉണ്ടെന്ന് ഒരു സത്യം ആണ്. അത് ഓരോരുത്തരും അവരവരുടെ ജീവിതാനുഭവങ്ങൾ കൊണ്ട് അനുഭവിക്കുന്നുണ്ട്. ചിലർ തിരിച്ചറിയുന്നു, ചിലർ അത് തിരിച്ചറിയാതെ പോകുന്നു. കേൾക്കുമ്പോൾ വിഢിത്തരമായി തോന്നാം. നമ്മളുടെ അനുഭവം സന്നർഭികമായി ആലോചിക്കുമ്പോൾ അതാണ് സത്യമെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. അനുഭവങ്ങളാണല്ലോ വിശ്വാസത്തിന്റെ അടിസ്ഥാനം."

-----------------------

സോമദാസ്‌ കോട്ടയിൽ