Sunday, December 31, 2017

ഒരു പുലർകാല പ്രേമം


ഒരു പുലർകാല പ്രേമം
എന്നത്തേയും പോലെ രാവിലെ ആറുമണിക്കുള്ള സെയിന്റ് സെബാസ്ററ്യൻ ബസ് കിട്ടാനായി ഓടുകയാണ്. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റാൽ ആറുമണിക്കുള്ള ബസിനു പോകാൻ പറ്റും. ഒന്ന് മടി പിടിച്ചു കിടന്നാൽ ഓടേണ്ടിവരുന്നത്. പത്തു മിനിട്ടു വേണം വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പിൽ എത്താൻ. വീട്ടിൽ നിന്ന് ഒരു കയറ്റം, പിന്നെ റോഡിൽ പകുതി ദൂരം കഴിഞ്ഞാൽ പിന്നെയും ഒരു കയറ്റം. ഓടി പകുതി ദൂരം എത്തിയപ്പോൾ മഴ ചാറാൻ തുടങ്ങിയപ്പോഴാണ് കുട എടുത്തില്ല എന്നോർത്ത്. ഇനിയൊപ്പോൾ മടങ്ങി പോകാൻ നേരമില്ല, മഴ കൊണ്ട് ഓടുക തന്നെ. ഇതെല്ലം ഓടി കയറി ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും കിതച്ചു അടപ്പളകി. ഇത് ഇടക്കിടക്ക് പതിവായകരണം ഇപ്പോൾ നല്ല ഓട്ടത്തിനുള്ള പ്രാക്ടീസ് ആയി. ഈ ബസ് പോയ പിന്നെ ഏഴരക്കെ ബസുള്ളൂ. അതിനു വല്ലപ്പോഴും ചെന്നാൽ ഇൻസ്റ്റ്‌ക്ടറുടെ വായിലിരിക്കുന്നത് കേൾക്കുകയും വേണം. അറ്റെൻഡൻസ് തരികയുമില്ല. അതുകാരണം ചില ദിവസങ്ങളിൽ പി ടി ഉഷയേക്കാൾ വേഗത്തിൽ ഓടേണ്ടി വരുന്നത്. ഈ ബസിനു പോയാലോ അര മണിക്കൂർ നേരത്തെയും എത്തും, അതുകൊണ്ടു ഒരു ഗുണവും കൂടി ഉണ്ട്. ക്ലാസ്സിൽ കയറുന്നതിനു മുൻപ് ഹോട്ടലിൽ നിന്ന് എന്തെങ്കിലും കഴിക്കാൻ നേരം കിട്ടും. രാവിലെ ആറുമണിക്ക് എന്തെങ്കിലും കഴിക്ക്യാന്ന് വെച്ചാലും കഴിക്കാനും തോന്നുകയില്ല. 'അമ്മ ഉച്ചക്കുള്ള ചോറ് തന്നയക്കുന്ന അന്ന് കഞ്ഞി കുടിച്ചോളാൻ പറയും. സമയം കിട്ടിയാൽ കുടിച്ചൂന് വരുത്തും. ഇല്ലെങ്കിൽ ഹോട്ടലിലിൽ നിന്ന് തന്നെ. ഈ കോഴ്സിനെ എന്റെ താല്പര്യപ്രകാരം പോകുന്ന കാരണം, ഈ പോകുന്ന കാര്യങ്ങൾക്കു ഒരു പൈസയും അച്ഛൻ തരില്ലായിരുന്നു. പിന്നെ ഇതിനു പോകാൻ പൈസ ഞാൻ തന്നെ ഉണ്ടാക്കിയതാണ്. പീർലെസ്സിൽ ഏജന്റ് ആയി വർക്ക് ചെയ്ത കമ്മീഷൻ കിട്ടിയതാണ്. സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയപോൾ പൈസ ചിലവാക്കുന്നത് വളരെ ശ്രെദ്ധിച്ചായിരുന്നു. കഴിയുന്നതും വീട്ടിൽ നിന്ന് കൊണ്ട് പോയി കഴിക്കുമായിരുന്നു. രാവിലെ പുട്ടോ ദോശയോ ആയിരുന്നെങ്കിൽ വേറെ പാത്രത്തിൽ തന്നോളാൻ പറയും. ക്ലാസ്സിൽ എത്തി ക്ലാസ് തുടങ്ങുന്നതിനു മുന്നേ കഴിക്കും. ഇന്ന് ബസ് അഞ്ചു മിനിട്ടു നേരം വൈകിയാണ് വന്നത്. അത് കാരണം എന്റെ കിതപ്പോന്നു മാറാൻ നേരം കിട്ടി. അല്ലെങ്കിൽ ബസ്സിൽ കയറിയാൽ എല്ലാവരും എന്റെ കിതപ്പ് കണ്ടു നോക്കി പോകും. എന്നും ഗ്ലാഡിസ് ചോദിക്കും ഇന്നും നേരം വൈകിയോ? ഇന്ന് ആ ചോദ്യം ഒഴിവായി. ഗ്ലാഡിസ് ക്ലാസ് മേറ്റ് ആണ്. അവൾ ഞങ്ങളുടെ ദേശത്തിന്റെ അടുത്ത ദേശമാണ്. ആ വഴിയേ തന്നെ വരുന്ന ബസ്സാണിത്. അതുകൊണ്ടു എന്നും ഞങ്ങൾ ഒരു ബസ്സിലാണ് പോകുന്നതും തിരികെ വരുന്നതും. ഇന്ന് വൈകിയോ എന്നതിന് പകരം, മഴ കൊണ്ടോ? എന്നായിരുന്നു ചോദ്യം. ഞാൻ പറഞ്ഞു: "കുട എടുക്കാൻ മറന്നു.” എന്ന് പറഞ്ഞു തൊട്ടു പുറകിലെ സീറ്റിൽ ഇരുന്നു. ഈ സമയത് ബസ്സിൽ സീറ്റെല്ലാം കാലിയായിട്ടാണ് പോകാറ്. അതുകൊണ്ടു ഞങ്ങൾ എന്നും മുന്നിലും പിന്നിലുമായാണ് ഇരുന്നു പോകാറ്. ഒരേ സീറ്റിൽ ഇരിക്കില്ല, അങ്ങനെ ഇരിക്കാൻ നമ്മുടെ സാമൂഹ്യക സംസ്കാരം ഉയർന്നിട്ടിട്ടില്ലല്ലോ! ഇന്ന് നല്ല മഴക്കാറുണ്ട്. ഗ്ലാഡിസ് ചോദിച്ചു: "ഇന്ന് പ്രാക്ടിക്കൽ നടക്കുമോ". ഞാൻ പറഞ്ഞു: "കണ്ടിട്ടു ചാൻസ് കുറവാണ്". "അപ്പോ ഇന്ന് ഉത്തമൻ സാറിന്റെ (ഇൻസ്റ്ക്ടർ) തിയറി ആകും ഇല്ലേ". ബസ് പകുതി ദൂരം പിന്നിട്ടപ്പോൾ മഴ കാര്യമായി പെയ്യാൻ തുടങ്ങി. അതു കാരണം ബസ്സിന്റെ വേഗതയും കുറഞ്ഞു. എങ്കിലും ബസ് വൈകാതെ സമയത്തിനു തന്നെ എത്തി. ഞങ്ങൾക്കിറങ്ങേണ്ട സ്റ്റോപ്പ് എത്തി. നല്ല മഴ ആയിരുന്നു. ഞാൻ പറഞ്ഞു: "ഗ്ലാഡിസ് ആദ്യം ഇറങ്ങു". ഗ്ലാഡിസ് ഇറങ്ങിയതിനു ശേഷം, ഞാൻ ഇറങ്ങി ഒരു ഓട്ടം കൊണ്ട് തൊട്ടടുത്ത പീടിക തിണ്ണയിൽ കയറി നിന്നു. ഗ്ലാഡിസ് മെല്ലെ വന്നു ചോദിച്ചു: "എന്തിനാ ഓടിയത് കൂടെ കുടയിൽ വരമായിരുന്നല്ലോ". ഞാൻ പറഞ്ഞു: "അത് സാരല്യമഴ അത്ര കാര്യമായില്ല". സമയം ഏഴ് ആയിട്ടുള്ളു. ഞാൻ പറഞ്ഞു: "ഞാൻ ഇന്ന് ഒന്നും കഴിച്ചിട്ടില്ല അതു കാരണം എനിക്ക് എന്തെങ്കിലും കഴിക്കണം". "എന്നിട്ടു നമുക്ക് ക്ലാസ്സിൽ പോകാം". ഗ്ലാഡിസ് പറഞ്ഞു "ശിവദാസ് കഴിച്ചിട്ടു വരൂ, ഞാനിവിടെ നിൽക്കാം". ഞാൻ പറഞ്ഞു: "അതെന്തിനാണ് ഇവിടെ ഒറ്റക്ക് നിൽക്കുന്നത്" നഗരത്തിൽ ആളുകളും വണ്ടികളും വന്നു തുടങ്ങിയിട്ടുള്ളു. ഞാൻ പറഞ്ഞു:  "ഈ സമയത്തു ഇവിടെ നിൽക്കുന്നത് നല്ലതല്ല, ഗ്ലാഡിസ് വരൂ." ഇത് എന്നും ഞാൻ ആവർത്തിക്കണോ". ഗ്ലാഡിസ് പറഞ്ഞു: ഞാൻ വീട്ടിൽ നിന്ന് കഴിച്ചിട്ടാണ് വന്നത്". ഞാൻ പറഞ്ഞു: 'അതിനു ഗ്ലാഡിസ് കഴിക്കണ്ട വെറുതെ വന്നിരുന്നാൽ മതി അതിനു പൈസയൊന്നും കൊടുക്കണ്ട". "ഗ്ലാഡിസ് വരൂ" എന്ന് ഞാൻ പറഞ്ഞു നടന്നു. ഇടക്കിടെ ഇങ്ങിനെ ഞാൻ ഹോട്ടലിൽ ചായ കുടിക്കാൻ കയറാറുണ്ടെങ്കിലും, എന്ന് വിളിച്ചാലും ഗ്ലാഡിസിന്റെ മറുപടി ഇത് തന്നെയാണ്. മഴ ഉള്ള കാരണം ഗ്ലാഡിസ് വേഗം വന്നു എനിക്ക് മഴ കൊള്ളാത്തവിധത്തിൽ കുട പിടിച്ചു ഹോട്ടലിലേക്ക് നടന്നു. ഹോട്ടലിൽ കയറിയപ്പോൾ അവിടെ ഒന്ന് രണ്ടു പേര് മാത്രമേ ഭക്ഷണം കഴിക്കാനെത്തിയിട്ടുള്ളു. ഞങ്ങൾ ഒരു സൈഡിലുള്ള മേശക്കിരുവശത്തുമായിരുന്നു. തിരക്കില്ലാത്തകാരണം വേഗം തന്നെ വെയ്റ്റർ വന്നു. വെയ്റ്റർ: "എന്താ കഴിക്കാൻ വേണ്ടത്". ഞാൻ ഗ്ലാഡിസിനോട് ചോദിച്ചു: ചെറുതായി എന്തെങ്കിലും പറയട്ടെ". ഗ്ലാഡിസ്: "അയ്യോ വേണ്ട, ഞാൻ കഴിച്ചതാ'. ഞാൻ വൈറ്ററോട് പറഞ്ഞു "ഒരു മസാല ദോശ ഒരു ചായും, അല്ല  രണ്ടു ചായ". വെയ്റ്റർ പറഞ്ഞു: മസാല ദോശ ആയിട്ടില്ല. ഇഡലി സാധാ ദോശ, ഉപ്പുമാവ് ഉള്ളു. ഞാൻ പറഞ്ഞു: ദോശ മതി. അതിനിടയിൽ ഗ്ലാഡിസ്: "എനിക്ക് ചായ വേണ്ട". ഞാൻ വൈറ്ററോട് പറഞ്ഞു: "അതു സാരല്യ രണ്ടു ചായും ഒരു സെറ്റ് ദോശയും കൊണ്ട് വരൂ". അയാൾ പോയപ്പോൾ, ഗ്ലാസ്‌ഡിസ് വീണ്ടും: "എനിക്ക് വേണ്ടായിരുന്നു." ഞാൻ പറഞ്ഞു: "എന്റെ വക ഒരു ചായ കുടിക്കു." വെയ്റ്റർ ചായയും ദോശയും കൊണ്ട് വന്നു, ഞാൻ ദോശ കഴിച്ചു തുടങ്ങിയപ്പോൾ, ഗ്ലാഡിസ് മെല്ലെ മെല്ലെ ചായ ഊതി കുടിച്ചോണ്ടിരുന്നു. ഞാൻ കഴിച്ചു തീരുന്നതു വരെ അത് തുടർന്നു. അതിനിടയിൽ ഞാൻ പറഞ്ഞു: "ഈ മഴയുള്ളപ്പോൾ ഈ നല്ല ചൂട് ചായ നല്ലതായി തോന്നുന്നില്ലേ". ഗ്ലാഡിസ് ഒന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഇതിനു മുമ്പും പലപ്പോഴും എന്റെ കൂടെ വന്നാലും ഗ്ലാഡിസ് ഒന്നും കഴിക്കാറില്ലായിരുന്നു. അവിടെ ഒറ്റയ്ക്ക് നിൽക്കണ്ട എന്ന് പറഞ്ഞു ഞാൻ ചായ കുടിക്കുന്നിടത്തേക്കു കൊണ്ട് വരുമായിരുന്നെങ്കിലും കഴിക്കില്ലായിരുന്നു. ഞങ്ങൾ ചായ കുടിച്ചു പുറത്തിറങ്ങിയപ്പോഴേക്കും മഴ മാറിയിരുന്നു. ഞാൻ പറഞ്ഞു: "ഓ ഇന്ന് പ്രാക്ടിക്കൽ ചെയ്യാമല്ലോ". അതു ശരിയാ എന്ന മട്ടിൽ ഗ്ലാഡിസ്: "ങ്ങഹ" എന്ന് മൂളി. സാധാരണ പെൺകുട്ടികളെ പോലെ അധികം സംസാരിക്കാത്ത കുട്ടിയായിരുന്നു. ആ വെളുത്ത മുഖത്തിനു എപ്പോഴും ഒരു ശാന്തമായ ഒരു പക്വത വന്ന ഭാവമായിരുന്നു. ക്ലാസ്സിൽ ആയാലും മറ്റു പെൺകുട്ടികളെ പോലെ കലപില വർത്തമാനം പറയുമായിരുന്നില്ല. ഒറ്റ നോട്ടത്തിൽ എപ്പോഴും ഒരു ദുഃഖ ഭാവം തോന്നും. ഈ പ്രായത്തിൽ എന്താണാവോ ഈ ഭാവം എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. എപ്പോഴെങ്കിലും സന്നർഭം കിട്ടുമ്പോൾ ചോദിക്കണം. ഞങ്ങൾ വേഗം റോഡിലിറങ്ങി നടന്നു.
നഗരത്തിൽ ബസ്സിറങ്ങി പത്തു മിനിറ്റോളം നടന്നാലേ സർവ്വേ സ്കൂളിൽ എത്തുകയുള്ളൂ. പക്ഷെ സർവ്വേ പ്രാക്ടീസ് ഗ്രൗണ്ടിനോടത്തുള്ള ഒരു വീട്ടിൽ ഞങ്ങൾ സർവ്വേ ഉപകരണങ്ങൾ എല്ലാം അവരുടെ പടിപ്പുരയിൽ വെക്കാറാണ് പതിവ്, അത് കാരണം, സർവ്വേ പ്രക്ടിസ് കഴിഞ്ഞേ ക്ലാസ്സിൽ പോകുകയുള്ളു. ഞങ്ങൾ ഇൻസ്ട്രുമെന്റസ് വെക്കുന്ന വീടിന്റെ അടുത്തെത്തിയപ്പോൾ, ക്ലാസ്സിലെ മറ്റെല്ലാവരും എത്തിയിരുന്നു. ഞങ്ങൾ അഞ്ചു പേര് വീതമുള്ള ഗ്രൂപ്പ് ആയിടാണ് പ്രാക്ടിക്കൽ ചെയുന്നത്. നാലു ഗ്രൂപ്പിലും ഓരോ പെൺകുട്ടികൾ വീതമായിരുന്നു. എന്റെ ഗ്രൂപ്പിലെ രാജപ്പനും, ബെന്നിയും വിൻസെന്റും പിന്നെ മിനിയും എത്തി ഇൻസ്ട്രുമെന്റസ് എടുത്തു പുറത്തു കൊണ്ട് വന്നിരുന്നു. ഞങ്ങൾ വേഗം സർവ്വേ ഗ്രൗണ്ടിലെ മരത്തിനടുത്തേക്ക് പോയി. ആ വലിയ ഗ്രൗണ്ടിന്റെ ഒരു മൂലയിലായി മദ്രാസി എന്ന് ഞങ്ങൾ വിളിക്കുന്ന ആൽ പോലെ ഒരു മരമേ ഉണ്ടായിരുന്നുള്ളു. അവിട ഉത്തമൻ സാർ തന്റെ ഉയരത്തിന്റെ ആനുപാതികമല്ലാത്ത, നട്ടെല്ലിൽ നിന്ന് മൂന്നടി ഉന്തി നിൽക്കുന്ന വയറുമായി, മീശ നീളത്തിൽ കുറവായി പട്ടാളക്കാരുടെ ശൈലിയിൽ കൂർപ്പിച്ച നിർത്തിയ മീശ പിരിച്ചു കാത്തുനിക്കുന്നുണ്ടായിരുന്നു. ഇന്ന് എന്ത് ചെയ്യണമെന്ന് പറയാനായിട്ട്. തന്ന വർക്ക് തീർന്നാൽ നേരെ ക്ലാസ്സിലേക്ക് വന്നു സ്കെച്ച് ഉണ്ടാക്കികൊടുക്കണം. അതായിരുന്നു പ്രാക്ടിക്കൽ ക്ലാസ്സിന്റെ സ്ഥിരം പരിപാടി. പിന്നെ ഉച്ചക്ക് ശേഷം തിയറി ക്ലാസ്സുമാണ്. ഉത്തമൻ സാർ ഏകദേശം ഞങ്ങളുട അളന്നു തീരാറാകുമ്പോൾ ഓഫീസിൽ പോകും. സാറ് പോയാൽ ഞങ്ങള്ക് സ്വാതന്ത്ര്യം ലഭിച്ചു പിന്നെ ഞങ്ങൾ കളിയും ചിരിയുമാണ്.
ഇന്ന് സാറയും വത്സയും ഇടക്കിടെ എന്റെ മുഖത്തു നോക്കി അവർ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. എന്നതാണാവോ എന്ന് ഞാനാലോചിച്ചു. ഇനി എന്റെ വസ്ത്ര ധാരണത്തിന്റെ ആണോ എന്ന് ഞാൻ എന്റെ ദേഹമാസകാലം ഒന്ന് നോക്കി ഞാൻ ഉറപ്പു വരുത്തി. ഹേയ് ഡ്രെസ്സൊന്നും കുഴപ്പമില്ല. ഞാൻ ചിലപ്പോൾ ധരിക്കാറുള്ളത്, ഗൾഫിലെ ചേട്ടനോ അളിയനോ സമ്മാനിച്ച ചില ചിത്രങ്ങളും എഴുത്തുകളും ഉള്ള ടി ഷർട്ട് ഇട്ടു പോകാറുണ്ടായിരുന്നു. അത് കാണുമ്പോൾ അവർ കമന്റ് പറയാറുണ്ട്. ഇന്ന് സാധാരണ ഷർട്ടാണ് ഞാൻ ഇട്ടിരുന്നത്. പിന്നെ എന്താണിവർ എന്നെ നോക്കി ചിരിക്കുന്നത്. ഞാൻ ക്ലാസ്സിൽ ഉള്ളതിൽ എല്ലാവരേക്കാളും കൂടുതൽ സ്റ്റൈൽ ആയി വരുന്ന ആളായിരുന്നു. അന്നത്തെ കാലത്തു റെയ്ബാൻ കൂളിംഗ് ഗ്ലാസും പിന്നെ റാഡോ വച്ചൊക്കെ ആയിരുന്നു ഞാൻ ധരിച്ചു വന്നിരുന്നത്. അതിന്റെ ഒരു ചെറിയ ഗമയും ഇല്ലാതില്ല. പിന്നെ ഗൾഫിലെ ചില കമ്പനികളുടെ ഫ്രീ ആയി കിട്ടുന്ന തൊപ്പിയും ഞാൻ വെയിലുള്ള ദിവസം തലയിൽ വെക്കാറുണ്ട്. കൂളിംഗ് ഗ്ലാസ്, എന്റെ ഗൾഫിലുള്ള ചേട്ടൻ (വല്യച്ഛന്റെ മകൻ) കൊണ്ട് വന്നു തന്നതൊന്നുമല്ല, തെറ്റി ധരിക്കേണ്ട. പിന്നെ എന്നിലേക്കായി വന്നുചേർന്നു എന്ന് പറയാം. ചേട്ടൻ ഒരു തവണ വന്നു പോകുമ്പോൾ അതിന്റെ കാലൊടിഞ്ഞു, അപ്പോൾ എന്നോടാണ് നന്നാക്കി എടുത്തോളാൻ പറഞ്ഞു. പിന്നെ റാഡോ വാച്ച്, അതു ഒരു ഗ്യാരണ്ടി അടിസ്ഥാനത്തിൽ എനിക്ക് കെട്ടാൻ കിട്ടിയതാണ്. എന്റെ രണ്ടാമത്തെ അളിയൻ ബഹറിനിൽ ആണ്. അദ്ദേഹം ഒരിക്കൽ നാട്ടിൽ വന്നിട്ടു തിരികെ പോകുമ്പോൾ പെങ്ങളുടെ അടുത്ത് പറഞ്ഞു കൊടുത്തേല്പിച്ചു. ഒരു വ്യവസ്ഥയിൽ, അളിയൻ എന്ന് നാട്ടിൽ സ്ഥിര താമാക്കുന്നു അന്ന് വരെ കെട്ടാം എന്ന്. അതു വരെ വാച്ചില്ലാതെ നടന്ന ഞാൻ എന്ത് വ്യവസ്ഥായാലും വേണ്ടില്ല വാച്ചു കെട്ടാൻ കിട്ടുമല്ലോ, അതും റാഡോ കമ്പനിയുടെ. പിന്നെയുമല്ല, സ്റ്റാൻഡേർഡ് ഉള്ള സ്റ്റെയ്ൻലെസ്സ് സ്റ്റീൽ കേസ്. എന്ത് തോന്നിയാവോ, കാരണം ഇത് വരെ അത് ലോക്കറിൽ ആയിരുന്നു എന്നാണ് എന്റെ അറിവ്. ഇനിയിപ്പോൾ അളിയന് തനിയെ തോന്നിയിട്ടാണോ ആവോ, ചേച്ചിയുടെ എന്നോടുള്ള സഹതാപം അളിയനിലേക്കു അഭ്യർത്ഥന ആയി എത്തിയി ട്ടാണോ എന്നും അറിയില്ല. എന്തായാലും വാച്ചു കെട്ടാൻ ലഭിച്ചു. ഇത് കണ്ടിട്ടു പലരും ചോദിക്കുകയും ചെയ്യും റാഡോ ആണല്ലോ വാച്ച് എന്ന്.
 സാറയും വത്സയും എന്നെ നോക്കി ചിരി വീണ്ടും തുടർന്നപ്പോൾ, ഞാനവരുടെ അടുത്ത് ചെന്ന് ചോദ്യച്ചു: "എന്താ രണ്ടു പേരും കുറെ നേരമായി ഒരു ആക്കി ചിരി" അപ്പോൾ വത്സ പറഞ്ഞു: "ങ്ങും ങ്ങും, ഞങ്ങൾ ആരും അറിയില്ല എന്ന് കരുതണ്ട". അതു പറഞ്ഞപ്പോൾ സാറാ എന്തോ വലിയ തമാശ പറഞ്ഞ പോലെ ചിരി. എനിക്കൊന്നും മനസ്സിലാകാതെ പോലെ ഞാൻ നിന്നു. അപ്പോൾ സാറാ: "ഓ ഒന്നും അറിയാത്ത പാവം". ഞാൻ പറഞ്ഞു: "എന്താണെന്നു എനിക്ക് മനസ്സിലായില്ല". ഇത് പറഞ്ഞു തീരുന്നതോടു കൂടി ഗ്ലാഡിസും ഗ്രൂപ്പും അവരുടെ കഴിഞ്ഞു വന്നു. അവരുടെ ഗ്രൂപ്പിലെ ജോസേട്ടൻ: "ചോദിച്ചു എന്താ ഒരു ചർച്ച". ജോസേട്ടൻ ഞങ്ങളെക്കാൾ പ്രായത്തിൽ കൂടുതലുള്ള ആളാണ്. അദ്ദേഹം വില്ലജ് ഓഫീസിലെ ചെയിൻ മാനായി ജോലിയിലിരുക്കുന്നയാളാണ്. ഈ കോഴ്സ് കഴിഞ്ഞാൽ വില്ലജ് അസിറ്റന്റ് ആയി പ്രൊമോഷൻ കിട്ടും, അതിനുവേണ്ടി ലീവെടുത്തു ഈ കോഴ്സിന് വന്നിട്ടുള്ളതാണ്.
സാറാ: "ഹേയ് ഒന്നൂല്യ.” അപ്പോൾ ഞാൻ പറഞ്ഞു: "ജോസേട്ടാ ഇവർ കുറെ നേരമായി എന്തോ പറഞ്ഞു എന്നെ നോക്കി ചിരിക്കുന്നുണ്ട്."  ജോസേട്ടൻ: "എന്താണ് കാര്യം പറയു.” അപ്പോൾ വത്സ ജോസേട്ടന്റെ ചെവിയിലായി എന്തോ കുശുകുശുത്തു. അപ്പോൾ ജോസേട്ടൻ ഒരു ചെറിയ ചിരിയോടെ: "അങ്ങിനെയോ". എന്നിട്ടു എന്റെ നേരെ തിരിഞ്ഞു: "വേണ്ട ശിവദാസാ". ഞാൻ: "എന്താ ജോസേട്ടാ". ജോസേട്ടൻ: ആ ഞങ്ങളൊന്നും അറിയില്ലെന്ന് കരുതിയോ". ജോസേട്ടൻ വത്സയുടെ നേരെ തിരിഞ്ഞു: "എത്രകാലമായി". വത്സ: "അറിയില്ല ഞങ്ങളറിഞ്ഞിട്ടു രണ്ടാഴ്ച ആയി." ഇതൊക്കെ പറയുമ്പോൾ, മറ്റെല്ലാവരും എന്താണെന്നുള്ള മട്ടിൽ നോക്കുന്നുണ്ടായിരുന്നു. അപ്പോൾ വത്സ, സാറാ ഗ്രൂപിലുള്ളവർക്കു മാത്രം അറിയുന്ന കാര്യമാണ്. ജോസേട്ടൻ: "അതൊരു പാവം കുട്ട്യാ ശിവദാസാ". അതു പറഞ്ഞു ജോസേട്ടൻ ഗ്ലാഡിസിന്റെ മുഖത്തേക്ക് ഒന്ന് നോക്കി വേഗം തന്നെ കണ്ണെടുത്തു. ജോസേട്ടൻ അറിയാതെ നോക്കി പോയതാണ്. പക്ഷെ എനിക്ക് കാര്യം പിടികിട്ടി. അപ്പോൾ ഞാൻ ചിരിക്കുകായണ്‌ ചെയ്തത്. അതും ഗ്ലാഡിസിന്റെ മുഖത്തു നോക്കി. അപ്പോൾ ജോസേട്ടൻ പറഞ്ഞു: "ഞങ്ങൾ അറിയുന്നുണ്ട് ഒരുമിച്ചുള്ള വരവും രാവിലെ ഹോട്ടലിൽ കയറി ചായ കുടിയും എല്ലാം, ങ്ഹും ങ്ഹും, പിന്നെ രണ്ടു പേരും കൂടി ഒരു കുടയിലുള്ള നടത്തം. എല്ലാം ഞങ്ങളറിയുന്നുണ്ട്”. അപ്പോൾ ഇന്ന് ആരോ ഞങ്ങൾ ബസ്സിറങ്ങി ഹോട്ടലിൽ പോകുന്നതും പിന്നെ ഒരു കുടയിൽ നടന്നതും. ആരോ കണ്ടിട്ട്ണ്ട്. വേറെ ആരും ആകാൻ വഴിയില്ല സാറായും വത്സയും ആകും. അവരാണ് ഞങ്ങൾ കൂടാതെ നേരത്തെ വരുന്നവർ.  വെറുതെയല്ല അവർ പറഞ്ഞു ചിരിച്ചിരുന്നത്. “ഓ അതാണോ കാര്യം എന്ന് പറഞ്ഞു ഞാൻ ചിരിച്ചു. അപ്പോൾ ഗ്ലാഡിസും ചിരിക്കാൻ തുടങ്ങി.  ഞാനും ഗ്ലാഡിസും ചിരിക്കുന്നത് കണ്ടിട്ടു, ജോസേട്ടൻ പറഞ്ഞു: "നിങ്ങൾ അങ്ങിനെ ചിരിച്ചു കളയണ്ട." "ഇതിവിടെ പറയാൻ തുടങ്ങിയിട്ടു കുറച്ചു ദിവസമായിട്ടുണ്ട്. ഞാൻ കരുതി ഒരു പരദൂഷണം ആയിരിക്കും എന്ന്." ജോസേട്ടൻ പറഞ്ഞു: ഞാനും ഇന്ന് കണ്ടു നിങ്ങളുടെ നടന്നു വരവ്." ഞാൻ പറഞ്ഞു: "ഓ അതാണോ കാര്യം, ഈ രാജ്യത്തു ഒരു പെൺകുട്ടിക്കും ആൺ കുട്ടിക്കും ഒരുമിച്ചു നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ" ജോസേട്ടൻ: "ഉവ് ഉവ് "സ്വാതന്ത്ര്യത്തോടെ നടക്കട്ടെ." ഈ സംസാരം കേട്ടിട്ടാണ് ഉത്തമൻ സാർ അവിടേക്ക് വന്നത്. ഉത്തമൻ സാർ: എന്താണിവിടെ സംസാരിച്ചു നില്ക്കുന്നത്, പ്രാക്ടിക്കൽ കഴിഞ്ഞെങ്കിൽ ക്ലാസ്സിൽ പൊയ്ക്കൂടേ." അപ്പോഴാണ് ഉത്തമൻസാർ ഓഫീസിൽ പോയില്ല എന്ന് എല്ലാവര്ക്കും മനസ്സിലായത്. ഉത്തമൻ സാർ: "അല്ല എന്താണ് പ്രശനം ഇവിടെ?" അതിനു മറുപടി ആയി ജോസേട്ടൻ: "ഒന്നുമില്ല സാർ". ഉത്തമൻ സാർ: "അല്ല എന്തോ ഉണ്ട്." ഉത്തമൻ സാർ: ഞാനിവിടെ പറയുന്നതെല്ലാം കേട്ടു, ഈ വക പരിപാടികൾ ഒന്നും എന്റെ ക്ലാസ്സിൽ നടക്കില്ല." ഉത്തമൻ സാർ: ഗ്ലാഡിസിന്റെ നേരെ തിരിഞ്ഞു: "ഗ്ലാഡിസിനോടും കൂടിയാണ് പറയുന്നത്." ഇത് കേട്ടപ്പോൾ ഗ്ലാഡിസിന്റെ മുഖമെല്ലാം ചുമന്നു തുടുത്തു, ഗ്ലാഡിസ് കരയാൻ തുടങ്ങി. ഇത് കണ്ടപ്പോൾ ഉത്തമൻ സാർ പറഞ്ഞു: "ഗ്ലാഡിസ് കരായാതെ കാര്യം മനസ്സിലാക്കു, ഇങ്ങിനെയൊക്കെ ഇവിടെ പറ്റില്ല എന്നെ പറഞ്ഞുള്ളു." നിങ്ങൾ ക്ലാസ് കഴിഞ്ഞിട്ടു എന്തുവേണമെങ്കിലും ആയിക്കോളൂ." അപ്പോൾ ഞാൻ പറഞ്ഞു: “ഇത് വെറുതെ പറഞ്ഞുണ്ടാക്കിയതാണ്”. അപ്പോൾ ഉത്തമൻ സാർ: ഈ വക കാര്യങ്ങൾ ആദ്യം ഇങ്ങനൊക്കെ തന്നെയാണ്." "ഇത് തുടക്കത്തിലേ നിർത്തണം. ഗ്ലാഡിസ് ഒരു കാര്യം ചെയ്യൂ, നാളെ അപ്പനോയോ അമ്മയെയോ വിളിച്ചു കൊണ്ട് വരൂ." അപ്പോൾ ഗ്ലാഡിസ് കരച്ചിൽ നിർത്തി ധൈര്യത്തോടെ പറഞ്ഞു: സാർ ഞാൻ കൊണ്ട് വരാം." പലപ്പോഴും ഒരു മുന വെച്ച് കളിയാക്കുന്നത് കുറച്ചു ദിവസമായി ഞാൻ കേൾക്കുന്നു. കാര്യം ഇതാണെന്നു മനസ്സിലായിരുന്നില്ല. അല്ലെങ്കിലും ഈ സാറക്കും വത്സക്കും ഞങ്ങോളോട് ഒരു അസ്സൂയ ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തോ അവരോട് അധികം പഞ്ചാര സംസാരിക്കാൻ ചെല്ലാത്ത കാരണമാണോ എന്നറിയില്ല. ക്ലാസ്സിൽ ഒട്ടുമിക്ക ആണുങ്ങൾക്കും തീരെ കുറവല്ല പഞ്ചാര. പിന്നെ ക്ലാസ് മൂന്നരക്ക് കഴിഞ്ഞാൽ, ഞാനും ഗ്ലാഡിസും വേഗം ഒരുമിച്ചു പോകുന്നതും കണ്ടിട്ടുണ്ട്. ചിലപ്പോൾ ഞാൻ ചെന്ന് പോകാം എന്ന് പറഞ്ഞു വിളിക്കുന്നതും കാണാറുണ്ട്. ആ വിളിക്കുന്ന സമയത്തു, വത്സയോ, സാറയോ കണ്ടാൽ അവർ തമ്മിൽ കളിയാക്കി കണ്ണിറുക്കി ഗോഷ്ടി കാണിക്കാറുണ്ടായിരുന്നു. ഞങ്ങൾ ക്ലാസ് കഴിഞ്ഞതിനു ശേഷം അവിടെയിരുന്നു വർത്തമാനം പറയാൻ ഞങ്ങൾ ഇരിക്കാറില്ല. ഞങ്ങൾക്കു പതിനഞ്ചു മിനിറ്റു നടന്നാലേ ഞങ്ങൾക്കു ബസ് സ്റ്റാൻഡിൽ എത്തുകയുള്ളൂ. അതുമല്ല മൂന്ന് അമ്പതിനാണ് ഞങ്ങൾക്ക് പോകേണ്ട ബസ്സിന്റെ സമയം. സമയത്തിനിറങ്ങി നല്ല വേഗത്തിൽ നടന്നാലേ ബസ് കിട്ടു. അവിടെ ഇരിക്കുന്നവർ ചിലർ അവിടെ അടുത്തുള്ള പേയിങ് ഗസ്റ്റ് ആയി നിൽക്കുന്നവരാണ്. അതുകൊണ്ടു പതിയെ അഞ്ചു മിനിറ്റു നടന്നു പോയാൽ മതി. പതിവ് പോലെ ഞങ്ങൾ അന്നും ഒരുമിച്ചു ക്ലാസ്സിൽ നിന്ന് പോന്നു. അവർ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു എന്ന് ഞങ്ങൾ കണ്ടിരുന്നു. കുറച്ചു പോന്നതിനു ശേഷം ഗ്ലാഡിസ്: "ഇവർക്കൊന്നും വേറെ പണിയില്ലേ." ഞാൻ പറഞ്ഞു: "അതൊന്നും കാര്യമാക്കണ്ട." ഞങ്ങൾ വേഗം നടന്നു പോയി ബസ്സിൽ കയറി. സ്റ്റാൻഡിൽ നിന്നായകരണം മിക്കപ്പോഴും സീറ്റ് കിട്ടാറുണ്ട്. മുന്നിലെ സീറ്റിൽ ഗ്ലാഡിസും, അതിനു തൊട്ടു പുറകിലെ സീറ്റിൽ ഞാനും പതിവ് പോലെ ഇരുന്നു. ബസ് ആദ്യം ഞാനാണ് ഇറങ്ങുക. ഇറങ്ങുമ്പോൾ ശരി എന്നുള്ള മട്ടിൽ ഒരു നോട്ടത്തോടെ ഇറങ്ങി പോന്നു.
അടുത്ത ദിവസം രാവിലെ ബസ്സിൽ കയറിയപ്പോൾ, മുന്നിലെ ഒരു സീറ്റിൽ ഗ്ലാഡിസും അപ്പനും ഉണ്ടായിരുന്നു. ഞാൻ പിന്നിലെ വാതിൽ വഴി കയറിയ കാരണം അവർ എന്നെ കണ്ടിരുന്നില്ല. മഴയുള്ള കാരണം ബസ്സിന്റെ റെയിൻ കർട്ടൻ ഇട്ടിരുന്നു. പക്ഷെ ഗ്ലാഡിസിനു കയറുന്ന സ്ഥലം അറിയ്യാവുന്നതുകൊണ്ട്, ഞാൻ കയറിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താൻ തിരിഞ്ഞു നോക്കി. അപ്പോൾ അവളുടെ അപ്പനും നോക്കി. അപ്പോൾ ഞാൻ കൈകൊണ്ടു കാണിച്ചു അപ്പനോട് ചിരിച്ചു. ഇന്ന് ടൗണിൽ ചെന്നപ്പോഴും മഴ ഉണ്ടായിരുന്നു. ബസ്സിറങ്ങി ഞങ്ങൾ ഒരുമിച്ചു അവരവരുടെ കുട നിവർത്തി ക്ലാസ്സിലേക്ക് നടന്നു. ഞങ്ങൾ വരുന്നത് ക്ലാസ്സിൽ എല്ലാവര്ക്കും കാണാമായിരുന്നു. ഇന്ന് ബസ്സ് ലേറ്റ് ആയകാരണം ഞങ്ങൾ കുറച്ചു ലേറ്റ് ആയി എത്താൻ. ഉത്തമൻ സാർ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നു, ഞങ്ങളെ കണ്ടപ്പോൾ ഉത്തമൻ സാർ പുറത്തേക്കു വന്നു. ഗ്ലാഡിസിന്റെ അപ്പനെ കണ്ടപ്പോൾ നമസ്കാരം എന്ന് പറഞ്ഞു തൊഴുതു. തിരിച്ചും ഗ്ലാഡിസിന്റെ അപ്പൻ തിരിച്ചും നമസ്കാരം പറഞ്ഞു. ഗ്ലാഡിസിന്റെ അപ്പൻ സ്കൂൾ അദ്ധ്യാപകനാണ്. പ്രായം ഉത്തമൻ സാറിനെക്കാളും കൂടുതലാണ്. അതുകൊണ്ടു തന്നെ ഒരു ബഹുമാനത്തോടെയാണ് പെരുമാറ്റവും. ഉത്തമൻ സാർ പറഞ്ഞു: "ഞാൻ ഒരു കാര്യം പറയാനാണ് വിളിപ്പിച്ചത്, തുടക്കത്തിലേ പറയുന്നതായിരിക്കും നല്ലതായിരിക്കും എന്ന് കരുതിയാണ്". ഗ്ലാഡിസിന്റെ അപ്പൻ: "അതിനെന്താ സാറേ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ" "ഗ്ലാഡിസ് ഇന്നലെ ഉണ്ടായത് എന്നോട് പറഞ്ഞു." "ഈ ഹോട്ടലിൽ പോകുന്നതും എല്ലാം എന്നോട് പറയാറുണ്ട്. ഞാൻ തന്നെ ശിവദാസനോട് പറഞ്ഞിട്ടാണ് രാവിലെ ഹോട്ടലിലേക്ക് കൊണ്ട് പോകുന്നത്. ഈ വെളുപ്പാൻ കാലത്തു ഒറ്റയ്ക്ക് അവിടെ നിൽക്കുന്നത് നല്ലതല്ലല്ലോ സാറെ. പിന്നെ ഞങ്ങൾ അടുത്ത നാട്ടുകാരല്ലേ. അതുകൊണ്ടു ഒരു ഒരുമിച്ചു ബസ്സിൽ വരുന്നതും പോകുന്നതും അത്ര വലിയ കാര്യമാണോ?" "സാർ ഈ മറ്റു പിള്ളേർ പറയുന്നത് കേട്ടു, അതിന്റെ പുറകെ പോകേണ്ടിയിരുന്നില്ല." ഇത് കേട്ടപ്പോൾ സാർ ഒന്ന് ചമ്മ്യയ പോലെ ആയി. ഗ്ലാഡിസിന്റെ അപ്പൻ: “അത് സാരമില്ല തെറ്റി ധാരണ മാറുമല്ലോ എന്ന് കരുതി ഞാൻ വന്നതാണ്. ഞാനും ഒരധ്യാപകനാണ്”. “പിന്നെ എനിക്കിന്ന് ടൗണിൽ വരേണ്ട ആവശ്യം കൂടി ഉണ്ടായിരുന്നു”. അങ്ങിനെ പറഞ്ഞു ഗ്ലാഡ്‌സിന്റെ അപ്പൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പോയി. ഇതെല്ലം സാകൂതം ക്ലാസ്സിൽ ഉള്ളവരെല്ലാം നോക്കികൊണ്ടിരിക്കായിരുന്നു. പ്രതേകിച്ചും സാറയും വത്സയും. അവർ കരുതി കാണും എനിക്കും ഗ്ലാഡിസ്സിനും താക്കിത് നൽകുന്നത് ഇപ്പോൾ കാണാം എന്ന്. പിന്നെ ഗ്ലാഡിസിന്റെ കരച്ചിലും കാണാമെന്നുള്ളത് നഷ്ടമായി എന്നുള്ളത് സാറായുടെയും വാൽസയുടെയും മുഖത്തു നിഴലിച്ചു. ഞാനും ഗ്ലാഡിസും വളെര സന്തോഷത്തിൽ വരുന്നതും അവർ അത്ഭുതതോടുകൂടി നോക്കിയിരുന്നു. അവർക്കറിയില്ലല്ലോ ഏതു തരത്തിലുള്ള ബന്ധമാണെന്ന്. ഒരു വിഭാഗം ആളുകളെങ്ങിനെയാണ് ആണും പെണ്ണും കുറച്ചു ദിവസം ഒരുമിച്ചു നടന്നാൽ സംസാരിച്ചാൽ, അല്ലെങ്കിൽ ഒന്നു ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അപ്പോ വരും പ്രേമം. നടക്കുന്നവർക്കു പോകുന്നവർക്കില്ലെങ്കിലും ഇതേപോലെയുള്ളവർക് തനിയെ പ്രേമമെന്ന ഒരേ കണ്ണോടെ അസ്സൂയ ജനിക്കും.
ഈ ക്ലാസ്സിൽ ആദ്യ ദിവസ്സം ഗ്ലാഡിസിനെ കൊണ്ടാക്കാൻ, ഗ്ലാഡിസിന്റെ അപ്പൻ വന്നിരുന്നു. ഞങ്ങൾ ബസ്സിൽ വച്ചു തന്നെ പരിചയപെട്ടിരുന്നു. അന്ന് ഗ്ലാഡിസിന്റെ അപ്പൻ പറഞ്ഞിരുന്നു, എനിക്ക് ഒരു ആശ്വാസം ആയി. അധിരാവിലത്തെ ഈ പോക്കിന് ഒരാൾ കൂട്ടിനെ കിട്ടിയല്ലോ. പിന്നെ അടുത്ത നാട്ടുകാരുമാണല്ലോ. അന്ന് തന്നെ എന്നോട് ഗ്ലാഡിസിന്റെ അപ്പൻ പറഞ്ഞിരുന്നു. ശിവദാസനും ഗ്ലാഡിസും ഒരു ബസ്സിലല്ലേ വരുന്നതും പോകുന്നതും, അതു കൊണ്ട് എന്നും വരുമ്പോഴും തിരികെ പോകുമ്പോഴും ഒപ്പം കൂട്ടണമെന്ന്. പിന്നെ എന്റെ കാര്യം: എന്റെ മനസ്സിൽ എത്രയോ മുൻപ് അനുരാഗവും പ്രേമവും തുടങ്ങിയിരുന്നു എന്ന് ഗ്ലാഡിസിനെ ഒഴികെ ഇവർക്കാർക്കും അറിയില്ലായിരുന്നു. അതുകൊണ്ടാണല്ലോ ഇത് ഉണ്ടായത്. ആ പ്രേമത്തിന്റെ കുറച്ചു കഥകളൊക്കെ, ഞാൻ പല ദിവസങ്ങളിലായി രാവിലത്തെ ചായ കുടി സമയത്തു ഗ്ലാഡിസിനോട് പറഞ്ഞിട്ടുള്ളതാണ്. ബാക്കിയുള്ളത് അടുത്ത ദിവസം രാവിലത്തെ ചായ സമയത്തു പറയാം.
------------------
സോമദാസ്‌ കോട്ടയിൽ