ആർത്തവം
ഞാൻ നോക്കിയിരിക്കയാണ്
ആശുപത്രികിടക്കക്കരികിൽ നിന്ന് ആരതി കണ്ണ്
തുറക്കുന്നുണ്ടോ എന്ന്. എന്റെ സ്നേഹിതർ
ആനന്ദനും ബക്കറും പിന്നെ കാർത്തിയും
ICU വിനു പുറത്തു കാത്തു നിൽക്കുന്നുണ്ട്.
അവരും ഇന്നലെ മുതൽ
രാത്രി അവിടെ കാത്തിരിപ്പാണ്.
സമയം എത്രയായി എന്ന്
ആ റൂമിനകത്തെ ചുമരിലെ
ക്ലോക്കിൽ നോക്കിയപ്പോഴാണ്, “ഓ രാവിലെ
പത്തുമണി ആയല്ലേ”, എന്ന് മനസിലായത്.
ഇടക്ക് അവർ വാതിലിൽ
വന്നു നോക്കും, എന്നിട്ടു
എന്നോട് ആംഗ്യത്തിൽ ചോദിക്കും എന്തെങ്കിലും
മാറ്റം വന്നിട്ടുണ്ടോ എന്ന്.
അതിനു മറുപടി ആയി,
ഞാൻ എന്റെ കണ്ണുകൾ
ഇല്ല എന്നുള്ള ഭാവത്തിൽ
അടച്ചു കാണിക്കും. അവർ
വീണ്ടും വരാന്തയിലെ സ്റ്റീൽ കസേരയിൽ
പോയിരിക്കും. ഈ ICU വിൽ രണ്ടു ബെഡുള്ളതിൽ ആരതി മാത്രമേ ഉണ്ടായിരുന്നുള്ളു.
അതുകൊണ്ടു ഈ ICU വിൽ ഞാനും ആരതിയും
മാത്രം. എക്വിപ്പ്മെന്റുകളുടെ
ഒരു ചെറിയ മൂളൽ
മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്.
അവിടെ ഇടയ്ക്കു നേഴ്സ്
വന്നു പോകുമ്പോൾ മാത്രം
ആ നിശബ്തതക്കു ഒരു
ഭംഗം വരുന്നത്. നഴ്സിന്റെ
ക്യാൻവാസ് ഷു ആശുപത്രിയിലെ
മിനുസമുള്ള ഫ്ലോറിൽ കാൽ വെച്ചെടുക്കുമ്പോൾ
ഒരു ചെറിയ തവള
കരയുന്നപോലെ ക്രേ ക്രേ എന്ന
ശബ്‌ദം മാത്രമാണുള്ളത്. ഞാൻ
ആരതി എപ്പോൾ കണ്ണ്
തുറന്നു എന്നെ നോക്കും
എന്ന് കരുതി ആരതിയുടെ
മുഖത്തെ ഓരോ ചലനവും
കണ്ണിമവെട്ടാതെ നോക്കിയിരിക്കുമ്പോൾ, എന്റെ മനസ്സിലേക്ക്
പതിയെ ഇന്നലെ ഉണ്ടായ
കാര്യങ്ങൾ ഓരോന്നായി വന്നു. ഇന്നലെത്തെ ഓഫീസിലെ കാര്യങ്ങൾ
കണ്ടു മടുത്തിട്ടു മതിയാക്കി പോയാൽ മതി
എന്ന് മനസ്സിൽ തോന്നിപോയി.
ബാങ്ക് ലോൺ, പിന്നെ
കാർത്തിയുടെ പഠിപ്പു ഇതെല്ലാം ആലോചിക്കുമ്പോൾ,
കടിച്ചു പിടിച്ചു ക്ഷമിച്ചു നിൽക്കുകയെ
പറ്റു. ഓഫീസിലെ
ജോലിയുടെ തിരക്കും അതിന്റെ ആലോചനയുമായിരുന്നു. വല്ലാത്ത
ക്ഷീണവും ഉണ്ടായിരുന്നു, ഒന്ന് കിടന്നാൽ
മതി എന്ന് വിചാരിച്ചു,
ഫ്ലാറ്റിനുമുമ്പിൽ വന്നു കാളിങ്
ബെൽ അടിച്ചു. ബെൽ
രണ്ടു മൂന്ന് തവണ
അടിച്ചു. വാതിൽ തുറക്കുന്നില്ല.
സാധാരണ ഞാൻ അടിക്കേണ്ട
അതിനു മുൻപ് വന്നു
തുറക്കും. ഞാൻ വരുന്നത്
നോക്കിയിരിക്കും ആരതി. ഫ്ലാറ്റിനു
മുമ്പിൽ എന്റെ ഷൂ
ഇട്ട കാലൊച്ച കേൾക്കുമ്പോൾ
തുറക്കും. പക്ഷെ
ഇന്നെന്തു പറ്റി. ഞാൻ വീണ്ടും
കാളിങ് ബെൽ അടിച്ചു.
ഞാൻ സ്വയം ചോദിച്ചു
എവിടെ പോയി. കാർത്തിയും
ട്യൂഷൻ കഴിഞ്ഞു വന്നിട്ടില്ലേ.
വാതിൽ തുറക്കാതായപ്പോൾ മൊബൈൽ
ഫോൺ എടുത്തു ഡയൽ
ചെയ്തു. ആരതിയുടെ ഫോൺ അടിക്കുന്നുണ്ട്.
എടുക്കുന്നില്ല. എന്റെ ക്ഷമ
പോയി തുടങ്ങിയിരുന്നു. ഞാൻ
വാതിലിൽ ഇടിക്കാൻ തുടങ്ങി. രണ്ടു
ഇടി ഇടിക്കുമ്പോഴേക്കും വാതിൽ
തുറന്നു. ഭാഗ്യം കൊണ്ട് മൂന്നാമത്തെ
ഇടിഓങ്ങുന്നതിനു മുന്നേ തുറന്നു. അല്ലെങ്കിൽ
ആരതിയുടെ മുഖത്തായേനെ അടുത്ത ഇടി. വാതിൽ തുറന്ന
ഉടനെ ആരതി: "ഒന്ന്
ക്ഷമിച്ചൂടെ"
"ഞാൻ എത്ര നേരമായി
ഇവിടെ നിൽക്കുന്നു. ഫോണിൽ
വിളിച്ചു, ബെൽ കുറെ
പ്രാവശ്യം അടിച്ചു, എവിടെ ആയിരുന്നു?"
എന്റെ മുഖ ഭാവവും
ചോദ്യവും അല്പം ദേഷ്യത്തിലായിരുന്നു.
അത് ആരതിക്ക് അത്ര പിടിച്ചില്ലായിരുന്നു.
ഞാൻ അകത്തു കടന്നു
വാതിൽ അടച്ചു കയറുന്നതിടയിൽ.
"ഞാൻ ഇവിടുന്നു എവിടേക്കും ആവി
ആയി പോയിട്ടില്ല. ഞാനീ
ജയിലിൽ തന്നെ ഉണ്ടായിരുന്നു"
"ജയിലോ,
അങ്ങിനെയാണെങ്കിൽ ഈ ദുബായിലെ
എല്ലാ വീട്ടിലിരിക്കുന്ന ഭാര്യമാർ
തടവ് പുള്ളികളാണോ?"
"ഒരു കണക്കിന് തടവ് പുള്ളികൾ
തന്നെ"
"എന്ത്
ചെയ്യുകയായിരുന്നു?"
"ഞാനൊന്നും
ചെയുകയായിരുന്നില്ല, ഞാനൊന്നു കുളിക്കാൻ ബാത്ത്
റൂമിൽ കയറി.
ഇടിയും ഫോൺ വിളിയും
കേട്ടിട്ടു, ഡ്രസ്സ് വീണ്ടും എടുത്തിട്ടു
വരാൻ വൈകി."
"എന്തെ
ഇന്ന് കുളി വൈകിയത്?"
"എനിക്ക്
ഇപ്പോഴാണ് തോന്നിയത്."
"ഓ അങ്ങിനെയാണോ, അതിനെന്താണ് ചാടി
കടിക്കണത്."
"ആരാ ആദ്യം ചാടി
കടിച്ചത്"
അതും പറഞ്ഞു ആരതി ബാത്ത്
റൂമിൽ കയറി വാതിലടച്ചു.
സാധാരണ ആരതി രാവിലെ
ഞാനും കാർത്തിയും പോയാൽ
പണികളെല്ലാം തീർത്തു ഉച്ചക്ക് മുൻപ്
കുളി കഴിക്കാറുണ്ട്. വൈകിയിട്ടു
ഞാൻ വരുമ്പോൾ കുളി
കഴിഞ്ഞു തൊട്ട ചന്ദന
കുറി നെറ്റിയിൽ ഉണ്ടാകാറുണ്ട്.
ഇതിനിടയിൽ കാളിങ് ബെൽ വീണ്ടും
അടിച്ചു. ഞാൻ പോയി
വാതിൽ തുറന്നു. കാർത്തി
ആയിരുന്നു. കാർത്തി മാത്സ് ട്യൂഷന്
പോയി വന്നതായിരുന്നു.
"എന്തെ
ഇന്ന് വൈകി"
കാർത്തി എന്നും,
ഞാൻ 7 മണിക്ക് എത്തുന്നതിനു
മുൻപ് എത്താറുണ്ടായിരുന്നു.
"ഇന്ന്
ടീച്ചർ ടെസ്റ്റ് എടുത്തു,
പിന്നെ ഒരു ബസ്
മിസ് ആയി. അമ്മയോ?"
"അമ്മ കുളിക്കാണ്"
കാർത്തി അവന്റെ റൂമിൽ
ബാഗ് കൊണ്ട് വെച്ച് വന്നു. ഫ്രിഡ്ജിൽ നിന്ന് ജ്യൂസ് ഒരു ഗ്ലാസ്സിൽ എടുത്തു, TV ഓൺ ചെയ്തു
സോഫ്‌യിൽ വന്നിരുന്നു കുടിക്കാൻ തുടങ്ങി. ഞാൻ ഡ്രസ്സ് മാറി വന്നപ്പോൾ കാണുന്നത് കാർത്തി
ഡ്രസ്സ് ഒന്നും മാറാതെ ഇരുന്നു TV കാണുന്നതാണ്. ഞാൻ അവനെ ചോദ്യ രൂപേണ വിളിച്ചു.
"കാർത്തി" അവനു കാര്യം പിടികിട്ടി വേഗം ജ്യൂസ് കുടിച്ചു എഴുനേറ്റു പോയി ഡ്രസ്സ്
മാറി വന്നു. അവന്റെ ബാഗ്‌മെടുത്തു, അവന്റെ റൂമിലേക്ക് പോയി. ഞാൻ അടുക്കളയിൽ പോയി നോക്കി.
സാധാരണ ഒരു ചായ വന്നാൽ തരാറുണ്ടായിരുന്നു. അത് ഉണ്ടാക്കി വെച്ചിട്ടുണ്ടോ എന്നാണ് ഞാൻ
നോക്കുന്നത്. അവിടെങ്ങും കാണുന്നില്ല. ഇന്നുണ്ടാക്കിയിട്ടില്ല എന്ന് തോനുന്നു എന്ന്
കരുതി തിരിയുമ്പോഴാണ് ആരതി ബാത്ത് റൂമിൽ നിന്നിറങ്ങി വരുന്നത്.
"എന്താ തിരയുന്നത്?"
"ഞാനിന്നു ഉണ്ടാക്കിയില്ല,
ഞാനിന്നു ഇതുവരെ കിടക്കായിരുന്നു"
"ഉണ്ടാക്കിയില്ല
അല്ലെ, കുഴപ്പമില്ല"
ആരതി അല്പം ശബ്‌ദം ഉയർത്തി.
"കുഴപ്പം ഉണ്ടായാലും, എനിക്ക് കുഴപ്പമില്ല"
"ഏയ്, എന്തിനാ
ഇങ്ങിനെ ചൂടായി സംസാരിക്കുന്നത്" എന്ന് ഞാൻ പറയുമ്പോഴേക്കും ആരതി ബെഡ്റൂമിലേക്ക്
പോയി. ഞാൻ കെറ്റിലിൽ വെള്ളം വെച്ച് ഒരു ചായ എടുത്ത് സോഫയിൽ വന്നിരുന്നു. TV ചാനൽ മാറ്റി
കൊണ്ടിരുന്നു. എല്ലാം ഈ നേരത്തു സീരിയലുകളാണ്. മനസ്സിൽ പറഞ്ഞു പണ്ടാരം. കുറച്ചു കഴിഞ്ഞു
ആരതി രാത്രി കിടക്കുന്ന നേരത്തു ഇടുന്ന ഗൗൺ ഇട്ടിട്ടു സോഫയിൽ മറ്റേ അറ്റത്തു വന്നിരുന്നു.
ഞാനറിഞ്ഞെങ്കിലും അറിയാത്ത പോലെ TV യിലും ചായ കുടിക്കുന്നതിലും ശ്രെദ്ധിച്ചിരുന്നു.
ആരതി ഞാൻ ശ്രെദ്ധിക്കുന്നുണ്ടോ എന്ന് എന്നെ നോക്കും, പിന്നെ TV യിലേക്കും നോക്കും.
പിന്നെ ഞാൻ തീരെ ശ്രെദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ, ദേഷ്യം വന്നു അവിടെന്നു
എഴുനേറ്റു അടുക്കളയിൽ പോയി. ആരതിക്ക് എന്നെ ശ്രെദ്ധിക്കുന്നില്ല, എന്നുള്ള തോന്നൽ വളരെ
കൂടുതലാണ്. അത് വല്ലാതെ ദേഷ്യം വരുത്താറുമുണ്ട്. ദേഷ്യം വന്നതിന്റെ ലക്ഷണം, പ്രകടനം
ഏതൊരു സ്ത്രീകളെ പോലെ പത്രങ്ങളിൽ ഏറ്റു തുടങ്ങിയിരുന്നു. ശബ്‌ദം കേൾക്കാതിരിക്കാൻ ഞാൻ
TV യുടെ ശബ്‌ദം കൂട്ടി വെച്ചു. അവിടെ വീണ്ടും പത്രങ്ങളുടെ ശബ്‌ദം കൂടി വരികയായിരുന്നു.
ഞാൻ അത് ശ്രെദ്ധിക്കാതെ TV യിൽ കപ്പ ചാനലിലെ പാട്ടുകൾ ഉറക്കെ വെച്ചു. കുറച്ചു കഴിഞ്ഞപ്പോൾ
ആരതി അടുക്കളയിൽ നിന്ന് വന്നു പറഞ്ഞു:
"എന്താ ചെവി കേൾക്കില്ല.
കാർത്തിക്കവിടെയിരുന്നു പഠിക്കണം."
"കിച്ചണിലെ അപശബ്ദങ്ങൾ
കേൾക്കാതിരിക്കാൻ" എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ ആരതി "ആഹാ അപശബ്‌ദമാണല്ലേ
എന്ന് പറഞ്ഞു വീണ്ടും പോയി എന്തോ താഴെ എടുത്ത് ഇടുന്ന ശബ്‌ദം, അല്ല കുപ്പി താഴെ വീണു
പൊട്ടുന്ന പോലെയും, അതിനു പിന്നാലെ വേറെ എന്തോ വീഴുന്ന ശബ്‌ദം, അതിനോടൊപ്പം "ചേട്ടാ"
എന്നുള്ള വിളിയും കേട്ടു. ഞാൻ എഴുനേറ്റു ചെന്ന് നോക്കുമ്പോൾ ആരതി കിച്ചണിൽ താഴെ ഒരു
സൈഡ് ചെരിഞ്ഞു ഒരു അനക്കവും ഇല്ലാതെ കിടക്കുന്നതാണ് കണ്ടത്. തറയിൽ എണ്ണ നിറയെ തളം കെട്ടി
കിടക്കുന്നുണ്ടായിരുന്നു. എണ്ണയിൽ ചവുട്ടി വഴുതി വീണതാണ്. വിർജിൻ ഒലിവ് ഓയിൽ ഗ്ലാസ്
ബോട്ടിൽ താഴെ വീണതോ എടുത്തിട്ടതോ എന്നറിയില്ല. ഞാൻ വേഗം കാർത്തിയെ വിളിച്ചു "കാർത്തി
ഓടി വാ". ഞാൻ താഴെ ഇരുന്നു ആരതിയെ മെല്ലെ മലർത്തി കിടത്തി. എന്നിട്ടു മെല്ലെ തട്ടി
വിളിച്ചു: "ആരതി ആരതി" ഒരു അനക്കവും ഇല്ല. അപ്പോഴേക്കും കാർത്തി വന്നു.
“എന്താ അച്ഛാ അമ്മക്ക് പറ്റിയത്."
"'അമ്മ ഇവിടെ ഓയിൽ
ചവുട്ടി വഴുതി വീണതാണെന്നു തോനുന്നു. ഞാൻ ശബ്‌ദം കേട്ടു വന്നു നോക്കുമ്പോൾ വീണു കിടക്കായിരുന്നു."
ഞങ്ങൾ രണ്ടു പേരും മാറി
മാറി വിളിച്ചു. ഞാൻ കാർത്തിയോട് പറഞ്ഞു. "മോൻ ഒരു കപ്പിൽ വെള്ളം എടുത്തേ, അങ്ങോട്ടു
കടക്കുമ്പോൾ ശ്രെദ്ധിക്കണം. കുപ്പിച്ചില്ലും എണ്ണയും ഉണ്ട്." കാർത്തി വെള്ളമെടുത്തു
തന്നത് ആരതിയുടെ മുഖത്തു മെല്ലെ തെളിച്ചു. ഒരു ഭാവ വ്യത്യാസവും ഇല്ല. ഞാൻ കാർത്തിയോടു
പറഞ്ഞു. "മോൻ പോയി ആനന്ദൻ അങ്കിളിനെ പോയി വിളിക്" ഒരേ ഫ്ലോറിൽ തന്നെയാണ്
ആനന്ദൻ എന്റെ നാട്ടുകാരനും സ്നേഹിതനുമാണ്. അത് പറഞ്ഞു ഞാൻ ആരതിയുടെ മൂക്കിന്മേൽ കൈ
വെച്ചു നോക്കി. ശ്വാസോച്ഛാസം നടക്കുന്നുണ്ട് എന്ന് മനസ്സിലായി. ആനന്ദൻ വേഗം തന്നെ വന്നു.
അനന്തൻ ചോദിച്ചു: "എന്തെ ഉണ്ടായി".
"താഴെ എണ്ണ വീണു
പൊട്ടി പോയതിൽ വഴുക്കി വീണതാണ്."
"ഓർമ്മയില്ലേ!"
"ഇല്ല തല ഇടിച്ചു
വീണു എന്ന് തോനുന്നു."
എവിടെയെങ്കിലും മുറിവുണ്ടോ?"
"ഭാഗ്യത്തിന് ഒരുത്തിലും
മുറിവില്ല."
"നമുക്ക് വേഗം
ഹോസ്പിറ്റലിൽ കൊണ്ട് പോകാം, ഞാൻ ബക്കറിനെയും വിളിച്ചു വരാം എന്ന് പറഞ്ഞു ഇറങ്ങി പോയി."
ബക്കർ എന്റെയും ആനന്ദന്റെയും കൂട്ടുകാരനാണ്. ഞാൻ ആരതിയുടെ തല മെല്ലെ എടുത്തു എന്റെ
മടിയിൽ വെച്ചു പതുകെ വിളിച്ചു കൊണ്ടിരുന്നു. കാർത്തി ആകെ വിഷമിച്ചു മെല്ലെ കരയാൻ തുടങ്ങി.
അപ്പോഴേക്കും ആനന്ദന്റെ ഭാര്യ നിഷ വന്നു.
"എന്തെണ്ടായി?"
“ശബ്‌ദം കേട്ടു ഞാൻ
വന്നു നോക്കുമ്പോൾ ഇവിടെ വീണു കിടക്കുന്നുണ്ടായിരുന്നു. ഒലിവു ഓയിൽ കുപ്പി പൊട്ടി എണ്ണ
പോയിട്ടുണ്ട്. അതിൽ ചവുട്ടി വഴുതി വീണതാണെന്നു തോനുന്നു."
കുറച്ചു കഴിഞ്ഞപ്പോൾ
ബക്കറും ആനന്ദനും ബക്കറിന്റെ ഭാര്യ റസിയയും കൂടി വന്നു അവർ ഈ ബിൽഡിങ് ആറാമത്തെ നിലയിലാണ്.
അവർ വന്നപ്പോൾ ബക്കർ പറഞ്ഞു. ആംബുലൻസ് വിളിക്കുകയാകും നല്ലത്. അനന്തനും പറഞ്ഞു. അതാകുമ്പോൾ
വേഗം ഹോസ്പിറ്റലിൽ എത്തും. അനന്തൻ പറഞ്ഞ.: "എന്നാൽ വേഗം വിളിക്കു." ബക്കർ
998 ലേക് സ്വന്തം മൊബൈലിൽ നിന്ന് വിളിച്ചു ലൊക്കേഷൻ ഫ്ലാറ്റ് നമ്പറും പറഞ്ഞു വെച്ചു.
അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ആംബുലൻസ് വന്നു. സിറ്റിയിൽ താമസിക്കുന്നതിന്റെ ഗുണം
ഈ വക കാര്യങ്ങളിൽ ആണ്. അവർ മൂന്ന് പേരുണ്ടായിരുന്നു, അതിലെ ഒരാൾ ഡോക്ടർ ആണെന്ന് തോനുന്നു,
അയാൾ: “What happened?” ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. അതിനു ശേഷം അയാൾ ആരതിയെ ദേഹ പരിശോധനയും
പ്രേഷറും ചെക്ക് ചെയ്തു ഒരു ഇൻജെക്ഷൻ നൽകി, എന്നിട്ടു പറഞ്ഞു വേഗം ഹോസ്പിറ്റലിൽ എത്തിക്കണം
Symptoms വെച്ചിട്ടു പ്രെഷർ കൂടി ചെറിയ ഷോക്ക് ഉണ്ടായിട്ടുണ്ടെന്ന് തോനുന്നു എന്ന്
പറഞ്ഞു. ആരതിയെ സ്‌ട്രെച്ചറിൽ കിടത്തുന്നതിനു മുന്നേ അവർ ഫോട്ടോ എടുത്തു. എന്നിട്ടു
പറഞ്ഞു പോലീസിനെ വിളിക്കണം. കാരണം ഇവിടെ ഓയിലിന്റെ കുപ്പി ഉടഞ്ഞു കിടക്കുന്നുണ്ട്.
ഞാൻ പറഞ്ഞു. അത് ആരതിയുടെ കൈയിൽ നിന്ന് തന്നെ വീണതാണ്." അതിലെ ഒരാൾ ഇന്ത്യകാരനായിരുന്നു.
അയാൾ പറഞ്ഞു. ഞങ്ങൾ തന്നെ വിളിക്കാം അപ്പോൾ അവർ വേഗം വരും. എന്ന് പറഞ്ഞു അയാൾ തന്നെ
അയാളുടെ ഫോണിൽ നിന്ന് തന്നെ 999 ഇൽ വിളിച്ചു സംസാരിച്ചു, ലൊക്കേഷനും ബിൽഡിംഗ്, ഫ്ലാറ്റ്
നമ്പറും പറഞ്ഞു വെച്ച്. അവിടുന്നു ആറേഴു മിനിട്ടാകുമ്പോഴേക്കും പോലീസ് വന്നു.
"അസ്സലാമുഅലൈക്കും പറഞ്ഞു കൈ തന്നു" എല്ലാവരും മെല്ലെ പറഞ്ഞു: "വാ അലൈക്കും
അസ്ലം". അയാൾ വന്നു നോക്കി, എന്നിട്ട് പരിശോധിച്ച ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചു
മനസിലാക്കി. അതിനു ശേഷം പോലീസ് (അറബിക് അക്‌സെന്റിൽ) ചോദിച്ചു: Who is husband? ഞാൻ
പറഞ്ഞു: I am. അയാളുടെ അടുത്ത് ചെന്നു. പോലീസ്:
What happened? ഞാൻ ഉണ്ടായ കാര്യങ്ങൾ പറഞ്ഞു. പോലീസ് എണ്ണ പോയതും എല്ലാം നോക്കി. എന്നിട്ടു
നേഴ്സ്മാരോട് വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞു. ഞാൻ അവരുടെ കൂടെ പോകാൻ നിന്നപ്പോൾ
പോലീസ് പറഞ്ഞു. "നീയും നിന്റെ ഒരു ഫ്രയ്ണ്ടും ഇവിടെ നില്ക്. നിങ്ങൾക് പിന്നെ പോകാം."
ഇവിടത്തെ Procedure കഴിഞ്ഞിട്ടു പേപ്പറിൽ ഒപ്പിട്ടു വേണം പോകാൻ. ആനന്ദൻ എന്റെ കൂടെ
നിന്നു. അപ്പോഴേക്കും നഴ്സസ്മാർ ആരതിയെ എടുത്തു. കൊണ്ടുപോയി കൂടെ കാർത്തിയും ബക്കറും
നിഷയും റെസിയയും പോയി. പോലീസ് വീണ്ടും എന്താ ഉണ്ടായേ എന്ന് ചോദിച്ചു. ഞാൻ ഉണ്ടായതു
വീണ്ടും പറഞ്ഞു. അവർ പിന്നെ വീണ സ്ഥലത്തിന്റെ ഫോട്ടോ എടുത്തു. ഒന്ന് രണ്ടു പേജുള്ള
ഫോംസ് അയാൾ തന്നെ ഫിൽ ചെയ്തു. അ ഫോമുകളിൽ എന്നെ കൊണ്ട് ഒപ്പിട്ടു വാങ്ങിച്ചു. അത് കഴിഞ്ഞു
ആനന്ദനെ കൊണ്ട് ഒരു സ്ഥലത്തു മാത്രം ഒപിടിച്ചു. എന്നിട്ടു ഇത് ചെയ്തിരുന്ന പോലീസ് പറഞ്ഞു.
ഇനി പൊക്കൊളു. ആംബുലൻസ് റാഷിദ് ഹോസ്പിറ്റലിൽ പോയിട്ടുണ്ടാകും. എന്തെങ്കിലും ആവശ്യം
വരികയാണെങ്കിൽ വിളിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ വരണം. നീ അവിടേക്കു ടാക്സിയിൽ പോയാൽ
മതി, ഡ്രൈവ് ചെയ്യണ്ട.” ആനന്ദൻ പറഞ്ഞു: “എന്റെ വണ്ടിയിൽ ഞാൻ കൊണ്ട് പൊക്കോളാം” അത്
പറഞ്ഞപ്പോൾ പോലീസ് ഓക്കേ എന്ന് പറഞ്ഞു. ഈ ടെൻഷനിൽ കാർ ഓടിക്കുമ്പോൾ അപകടം ഉണ്ടാക്കേണ്ടെന്നു
കരുതിയാണ് പോലീസ് അങ്ങിനെ പറഞ്ഞത്. അവരും ഞങ്ങളും ഒരുമിച്ചിറങ്ങി ഫ്ലാറ്റ് പൂട്ടി.
ഇറങ്ങുമ്പോൾ അടുത്ത ഫ്ളാറ്റിലെ എല്ലാവരും എന്താണുണ്ടായത് എന്ന് കരുതി പുറത്തു നിൽക്കുന്നുണ്ടായിരുന്നു.
ആരും ഒന്നും ചോദിച്ചില്ല, പോലീസും കൂടെ ഉണ്ടല്ലോ, അതുകൊണ്ടായിരിക്കാം. ഞാനും ആനന്ദൻ
വേഗം അവരോടൊപ്പം താഴെ ഇറങ്ങി. ഞങ്ങൾ പാർക്കിങ്ങിൽ പോയി ആനന്ദന്റെ കാറിൽ പോയി. കരമയിലെ
പോസ്റ്റ് ഓഫീസിൽ റോഡിൽ തന്നെ ആയ കാരണം വേഗം ഹോസ്പിറ്റലിൽ എത്തി. കരാമയിൽ നിന്ന് കഷ്ടി
രണ്ടു കിലോമീറ്റർ ദൂരമേയുള്ളൂ. ഹോസ്പിറ്റലിൽ റിസെപ്ഷനിൽ ചോദിച്ചറിഞ്ഞു എവിടെയാണ് എന്നുള്ളത്.
അപ്പോഴേക്കും എന്നെ കണ്ടിട്ടു കാർത്തി ഓടി വന്നു വിളിച്ചു. "അച്ഛാ"
"സ്കാനിങ്ങിനു
കൊണ്ട് പോയിരിയ്ക്കാണ് ദാ അവിടെയാണെന്ന്" ചൂണ്ടി കാണിച്ചു. ഞാനും കാർത്തിയും അങ്ങോട്ടു ചെല്ലുമ്പോൾ, സ്കാനിംഗ്
കഴിഞ്ഞു ആരതിയെ സ്‌ട്രെച്ചറിൽ നേഴ്സ് മാർ തള്ളി കൊണ്ട് വരുന്നുണ്ട്. അവർ ICU യിലേക്ക്
ആരതിയെ കൊണ്ട് പോയി. റിപ്പോർട്ട് കണ്ടിട്ടു ഡോക്ടർ പറഞ്ഞു. അവര്ക് ഒരു ചെറിയ ഷോക്ക്
വന്നിട്ടുണ്ട്, അത് കാരണം താഴെ വീണു തലക്കകത്തു ചെറിയ Internal injury ഉണ്ട്. കുഴപ്പമില്ല
48 മണിക്കൂർ Observation വേണം. എന്നിട്ടു പറയാം എന്ന് പറഞ്ഞു ഡോകടർ പോയി. ഞാനും കാർത്തിയും
ICU വിന്റെ മുന്നിൽ പോയി. അവിടെ ബക്കർ അവിടത്തെ നേഴ്സ് മായി സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
ഒരാൾക്കു അടുത്ത് പോയി നിൽക്കാം എന്നായിരുന്നു നേഴ്സ് പറഞ്ഞത്. ഇതെല്ലം മനസ്സിൽ വീണ്ടും ആലോചിക്കുമ്പോഴാണ്, എന്റെ
കൈയിൽ എന്തോ മെല്ലെ തട്ടുന്നു. അപ്പോഴാണെനിക്ക് ഞാൻ ഹോസ്പിറ്റലിൽ ഇരിക്കുകയാണെന്ന എന്നോർമ്മ
വന്നത്. ആരതി കൈയിൽ മെല്ലെ പിടിക്കാൻ നോക്കുകയിരുന്നു. ഞാൻ വേഗം എഴുനേറ്റു ആരതിയുടെ
മുഖത്തേക്ക് നോക്കി. ആരതി എന്തോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. ഞാൻ മെല്ലെ ആരതിയുടെ
മുഖത്തും നെറ്റിയിന്മേലും തലോടിക്കൊണ്ട് പറഞ്ഞു. "സാരമില്ല, എല്ലാം മാറും."
ആരതി എന്തോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. മെല്ലെ പറയാൻ തുടങ്ങുമ്പോൾ ചുണ്ടുകൾ
ഒരു ഇടതു വശത്തേക്ക് കോടി പോകുന്നുണ്ടായിരുന്നു. ആരതി പതിയെ വിക്കി വിക്കി ചോദിച്ചു.
"നമ്മൾ എവിടെയാണ്,
എന്താണുണ്ടായത്?"
"നമ്മൾ ഹോസ്പിറ്റലിൽ ആണ്, ആരതിയൊന്നു തലകറങ്ങി വീണു, അപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് വന്നതാണ്."
പിന്നീട് എന്തോ ഓർമ്മ
വന്നപോലെ ആരതി പറഞ്ഞു. "എനിക്ക് വല്ലാതെ ദേഷ്യം വന്നു എഴുനേറ്റു പോയപ്പോൾ, തല
കറങ്ങി വീഴാൻ പോയപ്പോൾ ബാലൻസ് കിട്ടാൻ പിടിച്ചത് ഒലിവ് ഓയിലിന്റെ കുപ്പിയിലായിരുന്നു.
അത് താഴെ പോയപ്പോൾ ഞാനും താഴേക്കു വീണു. ദേഷ്യം കൂടാൻ കാരണം എന്താണെന്നു ചേട്ടന് ഓർമ്മയുണ്ടോ?"
എന്റെ പിരിയഡ് (Period) ആയിരുന്നു. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. ഞാൻ എന്റെ തലയിൽ
തട്ടി, പറഞ്ഞു "ഓ മോളുടെ ആർത്തവ സമയമായിരുന്നു അല്ലെ! എന്നെ ഒന്ന് ഓർമ്മിപ്പിക്കാമായിരുന്നില്ലേ."
ഞാൻ ഓർത്തില്ല സോറി" ആരതിയുടെ കൈയിൽ പിടിച്ചു ഒരുമ്മ കൊടുത്തു.
“അത് സാരമില്ല ചേട്ടാ”
എന്ന് മെല്ലെ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്ന് ക്ഷമിച്ചു
സംസാരിക്കുകയിരുനെങ്കിൽ ഈ ആപത്തു
വരില്ലായിരുന്നു. ഞാൻ ഓർക്കേണ്ടതായിരുന്നു അറിവുണ്ടായിട്ടും, എനിക്ക് ആ സമയത്തു
ഓർക്കാൻ കഴിഞ്ഞില്ല. എന്നാൽ ആരതി ഈ
സമയമാണെന്ന് ഒരു സൂചനയും
നൽകിയില്ല. ആരതിക്ക് ഈ സമയമാകുമ്പോൾ,
പല ശാരീരിക പ്രശനങ്ങളൂം,
അറിയാതെ പെട്ടന്ന് ദേഷ്യവും സങ്കടവും
വരുന്നുണ്ട്. ഈ സമയത്തെ
ഹോർമോൺ മാറ്റം മൂലം
ഉണ്ടാകുന്നതാണെന്ന്. ഈ ഇടയായി
എനിക്കും പലകാര്യങ്ങളും വേണ്ട സമയത്തു
ഓര്മ വരുന്നില്ല. എന്നുള്ളത്
ഒരു സത്യമാണ്. ഇത് എല്ലാ
മാസവും ഞാൻ 23 മുതൽ
30 വരെ ഓർത്തു വെക്കാറുള്ളതാണ്
സമയമായിട്ടുണ്ട് ഇനി ഒരാഴ്ച
വളരെ ശ്രദ്ധിച്ചു വേണം
ആരതിയുടെ അടുത്ത് സംസാരിക്കുന്നത്.
പക്ഷെ എല്ലാം സംഭവിച്ചു കഴിഞ്ഞു.
ഇനി വരാതിരിക്കാൻ ശ്രെമിക്കാം
എന്ന് മനസ്സിൽ ഉറപ്പിച്ചു
ആരതിയുടെ അടുത്ത് തന്നെ ഇരുന്നു.
അപ്പോഴേക്കും ആരതി വീണ്ടും
മയക്കത്തിലായി. അപ്പോഴാണ്
ഞാൻ പുറകിലെ വാതിലേക്കു
തിരിഞ്ഞു നോക്കുന്നത്. അവർ മൂന്ന്
പേരും ഗ്ലാസ്സിലൂടെ എല്ലാം
കാണുന്നുണ്ടായിരുന്നു. അവരുടെ മുഖത്തു സന്തോഷത്താൽ
പുഞ്ചിരി ഉണ്ടായിരുന്നു.
-----------
“ഈ കഥ എല്ലാ ദമ്പതികൾക് സമർപ്പിക്കുന്നു."
"ആർത്തവകാലത്തു സ്ത്രീകൾക് ഉണ്ടാകുന്ന മാനസിക
പിരിമുറക്കവും ശാരീരിക വ്യത്യാസങ്ങളും അറിഞ്ഞും അറിയിച്ചും ദമ്പതികൾ ജീവിച്ചാൽ, കുടുംബങ്ങളിൽ
ഈ കാരണം മൂലം ഉണ്ടാകുന്ന അസ്വസ്ഥകളും വഴക്കുകളും ഒരു പരിധി വരെ ഒഴിവാക്കാനാകും എന്ന്
കരുതുന്നു."
സോമദാസ്
കോട്ടയിൽ
