എനിക്ക് എന്നും യാത്രക്ക് ഒരുങ്ങുമ്പോൾ മാനസിക പിരിമുറക്കമാണ്. എത്തേണ്ട സ്ഥലത്ത് എത്തിയാലെ ആ പിരിമുറുക്കം അയയുകയുളൂ. അതിനിടയിൽ എന്തെങ്കിലും പ്രധാനപ്പെട്ട രേഖകളോ, കാർഡുകളോ കാണാതായാൽ പിന്നെ പറയേണ്ടതില്ല. യാത്രക്ക് മുൻപ് 48 മണിക്കൂർ മുമ്പുള്ള കൊറോണ പരിശോധനക്ക് പോകാൻ ആധാർ കാർഡ് പേഴ്സിൽ നോക്കിയിട്ടു കാണുന്നില്ല. പേഴ്സിന്റെ എല്ലാ അറകളിലും നോക്കുന്ന കൂട്ടത്തിൽ എപ്പോഴും എടുക്കേണ്ടാത്ത അറയിൽ ഒന്ന് കയ്യിട്ടു അതിൽ ഇരിക്കുന്നതെടുത്തു. അതിൽ ഒരു ഡോളർ നോട്ട്. ഒരു ഡോളറിന്റെ തന്നതിന്റെ പിന്നിലെ കഥ മറ്റൊരു സന്നർഭത്തിൽ പറയാം. പിന്നെ ഒരു പത്തു രൂപ നോട്ടുമായിരുന്നു. പത്ത് രൂപ നോട്ടിന്റെ വെള്ള ഭാഗത്ത് 22 - 02 - 1990 എന്ന് ഞാൻ തന്നെ എഴുതിയത് കണ്ടു. അത് ഞാൻ തന്നെ മറക്കാതിരിക്കാൻ എഴുതി വെച്ചത്. ഓരോ പേഴ്സ് കേടു വന്നു മാറ്റുമ്പോഴും മാറ്റിവെച്ച് ഇപ്പോഴുള്ളതിൽ കൊണ്ട് നടക്കുന്നു. ആ പത്തു രൂപ അത്രക്ക് പ്രാധാന്യം കൊടുക്കുന്നു. അത് എനിക്കൊരു രാശിയാണ് തോന്നിയിട്ടുണ്ട്.
1990 ജനുവരി
മാസം ആദ്യ വാരത്തിലായിരുന്നു എന്റെ
കല്യാണം. കല്യാണം കഴിഞ്ഞു വിരുന്നുകൾ കഴിഞ്ഞുകൂടിയപ്പോൾ ദിവസങ്ങൾ പോയതറിഞ്ഞില്ല. അന്നും എനിക്ക് ജോലി അബു ദാബിയിലായിരുന്നു.
ലീവ് കഴിഞ്ഞു തിരിച്ചു പോരുമ്പോൾ എപ്പോഴും, തലേ ദിവസം തറവാട്ടിൽ
പോയി അച്ഛമ്മയോട് യാത്ര പറയും. ഇത്തവണ പോയത് സന്ധ്യക്കായിരുന്നു. കാരണം പിറ്റേദിവസം പുലർച്ചയാണ് എയർപോർട്ടിൽ പോകേണ്ടത്. ഞാൻ അച്ഛമ്മ കിടക്കുന്ന
നടുവിലെ തളത്തിൽ ചെന്നു. അച്ഛമ്മ ആവശ്യങ്ങൾക് മാത്രമേ ആ റൂമിൽ നിന്ന്
പുറത്തു പോകാറുള്ളൂ. ഞാൻ
ചെന്നു അച്ഛമ്മയുടെ കട്ടിലിൽ അച്ഛമ്മയുടെ അടുത്തിരുന്നു. അച്ഛമ്മ ഇരിക്കുകയായിരുന്നു. ഇരുന്നപ്പോൾ ചോദിച്ചു. സോമാ നീ എന്ന പോണത്? നാളെയാണ്
അച്ചമ്മേ. എപ്പോഴാ? പുലർച്ചെ ആണ്.” നീ ആ തലോണയുടെ
ഭാഗത്തിരിക്കുന്ന ചെല്ലപ്പെട്ടി എടുത്തേ.” മുന്നേ അച്ഛമ്മ മുറുക്കുമായിരുന്നു. ഇപ്പോൾ മുറുക്കുന്നത് നിർത്തിയാലും ആ പെട്ടി എപ്പോഴും
കട്ടിലിന്റെ തലയുടെ ഭാഗത്തായി വെക്കും. കൊച്ചു മക്കൾ കൊടുക്കുന്ന പൈസ അതിലാണ് സൂക്ഷിക്കുന്നത്. മുറുക്കാൻ
സാമഗ്രികൾ വെക്കാനുള്ള കൈയിൽ ഒതുങ്ങുന്ന വീട്ടി തടിയിൽ തീർത്ത ചെറിയ പെട്ടി. അതിനു രണ്ടു അറകൾ ഉണ്ട്. പെട്ടി
എടുത്ത് കൊടുത്തു. അത് തുറന്നു അതിന്റെ
ചെറിയ കള്ളറ തുറന്നു അതിൽ നിന്ന് ഒരു
പത്തു രൂപ നോട്ട് എടുത്ത്
എനിക്ക് തന്നിട്ട് പറഞ്ഞു. "ഇത് വെച്ചോ." ഞാൻ
അതിയായ സന്തോഷത്തോടെ രണ്ടു കൈ നീട്ടി അത് വാങ്ങി
എന്റെ ഷിർട്ടിന്റെ പോക്കറ്റിൽ വെച്ചു. സാധാരണ ഞാൻ നാട്ടിൽ ചെന്നാൽ
അച്ഛമ്മയെ കാണാൻ ചെല്ലുമ്പോൾ അച്ഛമ്മക്കായി കൊണ്ട് വന്ന
ഗൾഫ് സാധനങ്ങൾക് ഒപ്പം കൊടുക്കുന്ന പൈസ അങ്ങോട്ടാണ്
കൊടുക്കുന്ന പതിവ്. ആദ്യമായിട്ടാണ്
പൈസ എനിക്ക് തരുന്നത്. പൈസ തരുന്നത് കണ്ടിട്ട്
ഇളയമ്മ പറഞ്ഞു. “സോമന് യാത്ര ചിലവിനായിരിക്കും അമ്മ തരുന്നത്. വാങ്ങിക്കാതിരിക്കണ്ട.
"എവിടെ
നിന്റെ പെണ്ണ് ഷീബ?" ഷീബ ഇളയമ്മയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.
“ഞാൻ ഇവിടുണ്ട് അച്ചമ്മേ” എന്ന് പറഞ്ഞു അടുത്തേക്ക് വന്നു. അന്ന് അച്ഛമ്മക്ക് വയസ്സ് 91 ആണ്. കണ്ണിനു അല്പം
മങ്ങൽ ഉണ്ട്. അത് ഇടക്ക് അച്ഛമ്മ
പായാറുണ്ട്. ഷീബ അടുത്ത് വന്നു
നിന്നപ്പോൾ അച്ഛമ്മ ഷീബയുടെ കൈ പിടിച്ചു. "ഞാനും
ഇവളും, അല്ല, എന്റെയും ഇവരുടെ കല്യാണമായിട്ടു സാമ്യം ഉണ്ട്." അതെന്താ അച്ഛമ്മേ,?" ഞാൻ ചോദിച്ചു. "അതൊരു
വല്യ കഥയാണ് മോനെ." എന്ന് പറഞ്ഞു ചോദിക്കാതെ തന്നെ പറയാൻ തുടങ്ങി. നിന്റെ അപ്പൻ (ഞങ്ങൾ അച്ഛന്റെ അച്ഛനെ അപ്പൻ എന്ന് തന്നെയാണ് വിളിക്കാറ്. അപ്പൻ തന്നെ പറഞ്ഞിട്ടാണ് അങ്ങിനെ വിളിക്കുന്നത്.) ഇല്ലേ എന്നെ പെണ്ണ് കാണാൻ വന്നു. പെണ്ണിനെ ഇഷ്ട്ടപെട്ടു. പക്ഷെ സ്വത്ത് പരമായി കുറവായിരുന്നു അപ്പന്റെ വീട്ടുകാർക്ക്. ഞങ്ങൾക്ക് ചിരപറമ്പ് ദേശത്തെ മുക്കാൽ ഭാഗവും എന്റെ വീട്ടിലെ ഭൂമി ആയിരുന്നു.
ചിരപറമ്പ് എന്ന സ്ഥലം ഒരു
കിലോമീറ്റര് ചുറ്റളവിലുള്ള നെൽ വയലുകൾ ചുറ്റപെട്ട
ദ്വീപാണ്. അവിടെ
അച്ഛമ്മയുടെ തറവാട്ടുകാരായ നാലു വീടുകളും, അവരുടെ
വീട്ടിലെയും വയലിലെയും ജോലിക്കാരുടെ അഞ്ചോ ആറോ വീടുകൾ മാത്രമാണുണ്ടായിരുന്നത്.
ചുരുക്കി പറഞ്ഞാൽ അവിടത്തെ ജന്മിമാരായിരുന്നു. ഇവിടെ അപ്പന്റെ വീട്ടുകാർക്ക് അന്ന് അത്യാവശ്യവും അതിലധികം നെൽകൃഷിയും തെങ്ങും കവുങ്ങും പിന്നെ കര വിളകൾ കൃഷിചെയ്യാനുള്ള
സ്ഥലം ഉണ്ടായിരുന്നു. എന്നാലും
ഞങ്ങൾക്ക് ഒപ്പം വരില്ലായിരുന്നു. പിന്നെ അന്ന് അപ്പനും അപ്പന്റെ വീട്ടിലെ എല്ലാവരും
സ്വന്തം സ്ഥലത്തു
പൂട്ടാനും കിളക്കാനും പോകുമായിരുന്നു. തങ്ങളേക്കാൾ ഗ്രേഡ് കുറവായിരുന്നു എന്നാണ് വലിയപ്പൻ പറഞ്ഞത്.
അതാണ് പെണ്ണ് തരില്ല എന്ന് പറഞ്ഞത്. എനിക്ക് രണ്ട് അച്ഛനും ഒരു അമ്മയുമായിരുന്നു. അന്നൊക്കെ അത്
സാധാരണമായിരുന്നു. ഞങ്ങൾ മക്കൾ ചെറിയപ്പനും വലിയപ്പനും എന്നായിരുന്നു വിളിച്ചിരുന്നത്. ഞങ്ങൾ മക്കൾക്ക് ആരാണ് ശരിക്ക് അപ്പൻ (അച്ഛൻ) എന്നറിയില്ലായിരുന്നു. ചെറിയപ്പന്റെ പേര് ചക്കുണ്ണി വലിയപ്പന്റെ
പേര് കുഞ്ഞിക്കണ്ണൻ എന്നായിരുന്നു. വലിയപ്പനായിരുന്നു ഈ ബന്ധം വേണ്ട
എന്ന് ശഠിച്ചിരുന്നത്. ചെറിയപ്പന് കുഴപ്പമുണ്ടായിരുന്നില്ല. അത് വലിയപ്പനോട് പറയാൻ
ധൈര്യം ഇല്ലായിരുന്നു. "അല്ല സോമ നിനക്ക്
ചെറിയപ്പനെ കണ്ട ഓർമ്മയില്ലേ? നീ
എന്റെ കൂടെ വരൻ തുടങ്ങിയത് പത്തു
പന്ത്രണ്ടു വയസ്സ് ഉള്ളപ്പോഴല്ലേ." "ഉവ് ഞാനല്ലേ എന്നും
അച്ഛമ്മക്ക് കൂട്ടായി വരാറുള്ളത് ചെറിയപ്പനെ കാണാൻ പോകുമ്പോൾ." അത് ഒരു ഒന്നുഒന്നര
പോക്കല്ലേ. എനിക്ക്
ചെറിയപ്പനെ മാത്രമേ കണ്ട ഓര്മയുള്ളു. വലിയപ്പൻ
നേരത്തെ മരിച്ചിരുന്നു. വേനൽ കാലത്ത് പോകാൻ സുഖമായിരുന്നു. പാടം കൊയ്ത്തു കഴിഞ്ഞിട്ടായിരിക്കും. അതുകൊണ്ട്
നടന്നു പോകാൻ സുഖമായിരുന്നു. ഞങ്ങളുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരം ഉള്ളു ചിലപ്പോൾ
കർക്കട മാസത്തിൽ പോകും. അത് വലിയ ബുദ്ധിമുട്ടാണ്.
പാടത്തുകൂടെ നടക്കുമ്പോൾ പലപോഴും ട്രൗസർ ഊരി അച്ഛമ്മയുടെ കൈയിൽ
കൊടുക്കും. അരക്കുമീതെ വെള്ളം ഉണ്ടാകും. പോകുമ്പോൾ അച്ഛമ്മ ചെറിയപ്പന് കാഴ്ച ദ്രവ്യങ്ങൾ കൊണ്ടുപോകും. ഒന്നും
ആവശ്യമില്ലെങ്കിലും, മകൾ കൊണ്ട് ചെല്ലുന്നത്
ഒരു സന്തോഷമാണ്. ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്.
മൂന്ന് ദ്രവ്യങ്ങളാണ് കൊണ്ടുപോകുന്നത്.
ഒന്ന് നല്ല ഒന്നോ രണ്ടോ
കെട്ട് പുകയില കവുങ്ങിൻ പാളയിൽ പൊതിഞ്ഞിട്ട്. രണ്ടാമത്തേത് വീട്ടിൽ വാറ്റിയ റാക്. മൂന്നാമത്തേത് മൂപ്പെത്താത്ത, എല്ലുമൂക്കാത്ത കോഴി
പ്രത്യേക മസാല ചേർത്ത് നന്നയി
വരട്ടി ഇലയിൽ പൊതിഞ്ഞാണ് കൊണ്ട് പോകുക. കൊണ്ട് ചെന്നാൽ ആദ്യം പുകയില തുറന്നു മണത്തു നോക്കും എന്നിട്ടു അതിന്റെ ഗുണം പറയും. പിന്നെ
റാക്കിന്റെ കുപ്പി തുറന്നു ഒരു വായ നേരിട്ടു
കുപ്പിയിൽ നിന്ന് കുടിച്ചിട്ട് നല്ലതാണോ എന്ന് പറയും. കോഴി
വരട്ടിയതും തുറന്നു ഒന്നു രുചിച്ചു നോക്കിയിട്ടു പറയും അകത്തു കൊണ്ട് വെച്ചോ, എന്നിട്ടേ വിശേഷങ്ങൾ ചോദിക്കു.
"അച്ഛമ്മേ പിന്നെ എങ്ങിനെയാ കല്യാണം നടന്നത്?" ഞാൻ ചോദിച്ചു. അന്ന്
കല്യാണം നടക്കാതെ പോയി. അപ്പൻ ആ വർഷം ഞങ്ങളുടെ
തറവാട്ടിലെ നാഗ കളം കാണാൻ
വന്നപ്പോൾ, എന്നോട് വന്നു ചോദിച്ചു. ഇഷ്ട്മാണെങ്കിൽ വന്നു വിളിച്ചാൽ വരുമോ? എനിക്കിഷ്ടകുറുവുന്നുമില്ല. എന്നാൽ ഞാനൊരു ദിവസം വരാം എന്ന് പറഞ്ഞു
പോയി. അപ്പൻ നല്ല വാശിക്കാരനായിരുന്നു. പിന്നെ
കുറെ കാലം ഒരു വിവരവും
ഉണ്ടായില്ല. ഒരു ദിവസം വീട്ടിൽ
വന്നു. എന്നെ കൊണ്ട് പോകാനായി. അന്ന് വലിയപ്പൻ ജോലിക്കാരെകൊണ്ട് ഭീഷിണി പെടുത്തി പറഞ്ഞയച്ചു. എന്നോട് പുറത്തിറങ്ങരുതെന്നും പറഞ്ഞു. കുറച്ചു ദിവസങ്ങൾക് ശേഷം, ഒരു നല്ല മഴയുള്ള
രാത്രി പതിനൊന്നര കഴിഞ്ഞു കാണും. ഞാൻ
തട്ടിൻ മുകളിലാണ് കിടന്നിരുന്നത്. ഞാൻ കിടക്കുന്ന റൂമിൻറെ
ജനലിൽ തട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. കല്യാണികുട്ടി
എന്ന് മെല്ലെ വിളിക്കുന്നത് കേട്ടു. ഞാൻ പേടിച്ചു ജനൽ
തുറന്നപ്പോൾ കണ്ടത്. വീടിനോടു ചേർന്നു നിൽക്കുന്ന പ്ലാവിൽ കയറി ജനലിലോട് ചേർന്നു
നിൽക്കുന്ന ചില്ലയിൽ അപ്പൻ ഇരിക്കുന്നതാണ്. എന്നോട് പുറത്തിറങ്ങി വരാൻ പറഞ്ഞു. ഞാൻ
മെല്ലെ പുറത്തിറങ്ങി വന്നപ്പോൾ കണ്ടത്, അപ്പൻ ഒരു വിത്ത് കൂട്ടയുമായി
നിൽക്കുന്നതാണ്. എന്നോട് അതിൽ കയറി ഇരുന്നോളാൻ
പറഞ്ഞു. ഞാനതിൽ കയറി ഇരിക്കുമ്പോൾ ചോദിച്ചു. എന്തിനാ കുട്ട. എനിക്ക് നടക്കാൻ പറ്റൂലോ! അതേയ് പാടത്ത് നല്ല പോലെ വെള്ളം
കയറിയിട്ടുണ്ട് ഇന്നലെപെയ്ത ഇടവപ്പാതിയിൽ. അതുകൊണ്ടാ ഞാൻ വിത്ത് കൊട്ടയുമായി
വന്നത്. പിന്നെ സഹായത്തിനു പറമ്പിനു പുറത്ത് കണ്ടൻ നിൽക്കുന്നുണ്ട്. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ. കുട്ടയുള്ളതുകൊണ്ടാണ് അവനെ കൂട്ടിയത്.
എന്തെങ്കിലും മോഷ്ടിച്ച് കൊണ്ട് പോകുകയാണെന്ന് കരുതി ആളെ കൂട്ടുന്നതിന് മുന്നേ സിഗ്നൽ തരാൻ. അതിനു ഈ കണ്ണെത്താത്ത പറമ്പിൽ
ആരും ധൈര്യപ്പെട്ടു വരില്ല. തന്നെയുമല്ല പുറമെ നിന്ന് ഒരു കള്ളനും ചിരപറമ്പിൽ
വരില്ല. നാലു ചുറ്റും പാടമല്ലേ!
കട്ട് പോയാലും പാടത്തിട്ടു പിടിക്കും. ഈ പറമ്പിലെ വാഴ
കുലകൾ കിളികൾ കഴിച്ചതിന്റെ ബാക്കിയെ ഞങ്ങൾക്ക് കിട്ടാറുള്ളു. പണിക്കാർ ഒരു തലക്കൽ നിന്ന് നോക്കി വരുമ്പോഴേക്കും മറുഭഗത് കുലകൾ പാകമായി തുടങ്ങിയിട്ടുണ്ടാകും. വിത്ത് കുട്ട തലയിൽ അനായാസം എടുത്തു തലയിൽ വെച്ച്, എന്നാൽ പോവല്ലേ എന്ന് പറഞ്ഞു. അന്ന്
തലയിൽ വെച്ച് കൊണ്ടുവന്നതാണ്. പിറ്റേ ദിവസം തന്നെ ഇവിടുത്തെ തറവാട്ട് അമ്പലത്തിൽ വെച്ച് താലികെട്ട് നടന്നു. പിന്നെ കൊറേ കൊല്ലം കഴിഞ്ഞു
ചെറിയപ്പൻ വന്നു കൂട്ടികൊണ്ടുപോയി. അപ്പോഴേക്കും വലിയപ്പൻ മരിച്ചിരുന്നു. അടുത്ത സ്ഥലമായതു കാര്യങ്ങൾ എല്ലാം അങ്ങോട്ടും എങ്ങോട്ടും അറിയിന്നുണ്ടായിരുന്നു. അങ്ങിനെയാണ് മക്കളെ എന്റെ കല്യാണം ഉണ്ടായത്. സോമന്റെ ഷീബയുടെയും ഇങ്ങനെയല്ല. എന്നാലും നിന്റെ അച്ഛൻ ഉണ്ണിക്കും അമ്മയ്ക്കും
പെങ്ങന്മാർക്കും ഇഷ്ട്ടമില്ലാതെ, നിന്റെ ഉറച്ച തീരുമാനത്തിൽ
നടത്തിയതല്ലേ.
അതോണ്ട് ഇപ്പൊ കുഴപ്പം ഒന്നും ഉണ്ടായില്ല എന്ന് മാത്രല്ല, നന്നായിട്ട് ഉള്ളു. ആ ഓരോരുത്തർക്ക് ഓരോരുത്തരെ
പറഞ്ഞു വെച്ചിട്ടുണ്ട് അത് പ്രകാരമല്ലേ നടക്കു.
എത്ര തടഞ്ഞാലും അവർ ചേരും. “എന്നാൽ
ഞങ്ങൾ പോകട്ടെ അച്ഛമ്മേ”, എന്ന് പറഞ്ഞപ്പോൾ “പോയി വരാമെന്നു പറഞ്ഞു
പോ മോനേ.” “ശരി അച്ഛമ്മേ - കല്യാണികുട്ടി.”
ദേ വേണ്ട നീ എന്ന് പറഞ്ഞു
എന്റെ കയ്യിലും മുഖത്തും മെല്ലെ തലോടി. എന്നെ പുറകിൽ ആരോ തട്ടുന്നത് എന്ന്
നോക്കിയപ്പോൾ, ഷീബ ആയിരുന്നു. എന്താ
തിരയുന്നത് കിട്ടിയോ?
കിട്ടി,
കിട്ടിയത് പഴയ കുറച്ചോർമ്മകൾ.
സോമദാസ് കോട്ടയിൽ
No comments:
Post a Comment